ചന്ദ്രയാൻ-2 ജൂലൈയിൽ വിക്ഷേപിക്കും; ചിത്രങ്ങൾ പുറത്തുവിട്ട് ഐസ്ആർഒ
ബംഗളൂരു: ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാൻ ദൗത്യത്തിലെ ഓർബിറ്റർ, ലാൻഡർ എന്നിവയുടെ ചിത്രങ്ങൾ ഐസ്ആർഒ പുറത്തുവിട്ടു. ജൂലൈ 9 മുതൽ 16 വരെ ഏതെങ്കിലുമൊരു ദിവസങ്ങളിലൊന്നിൽ ചന്ദ്രയാൻ-2 വിക്ഷേപിക്കുമെന്ന് ഐസ്ആർഒ വ്യക്തമാക്കി. 10 വർഷം മുൻപായിരുന്നു ചന്ദ്രയാൻ-2 ന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ-2 ദൗത്യനുള്ളത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ദൗത്യമാണിത്.
ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നീ മൂന്നു ഘടകങ്ങളുള്ളതാണ് ചന്ദ്രയാൻ-2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി മാർക്-3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂർത്തിയായതായി നേരത്തേ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
ലാൻഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാൻഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചന്ദ്രയാൻ- 2ലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചത് ഐഎസ്ആർഒയുടെ ബംഗളുരു ക്യാംപസിൽ വച്ച് തന്നെയാണ്.
ജൂൺ 19-ന് ബംഗളുരു ക്യാംപസിൽ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകൾ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂൺ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും. ഐസ്ആർഒയെ സംബന്ധിച്ച് ഏറെ നിർണായകമായ ദൗത്യമാണ് ഇത്. ഇതിന് മുൻപ് അമെരിക്ക, റഷ്യ, ജപ്പാൻ, ചൈന രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയുള്ള റോവർ ദൗത്യം നടത്തിയിട്ടുള്ളു.