കഠുവ കേസ്: പ്രതികളുടെ വധശിക്ഷ ഒഴിവാക്കിയത് 2 കാരണങ്ങളാൽ; അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ
പഠാൻകോട്ട്: രാജ്യത്താകമാനം പ്രതിഷേധജ്വാല ഉയർന്ന കഠുവ കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ആറു പേരിൽ മൂന്നു പേർക്ക് പഠാൻകോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ എട്ടു വയസുകാരിയായ നാടോടി ബാലികയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇതു അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ രണ്ട് കാര്യങ്ങൾ പരിഗണിച്ചാണ് പഠാന്‍കോട്ട് സെഷന്‍സ് കോടതി ജഡ്ജി തേജ്വീന്ദർ സിങ് ശിക്ഷ വിധിച്ചത്. പ്രതികൾ ഇതിന് മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടില്ല. ഇതോടൊപ്പം ഇവർക്ക് മനംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. ഇതോടെ പ്രതികൾക്ക് പരാമാവധി ശിക്ഷ നൽകുന്നത് ഒഴിവാക്കി കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ള മൂന്ന് പേർക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷം കഠിനതടവും വിധിച്ചു.
രൺബിർ പീനൽ കോഡ് (ജമ്മു കശ്മീരിനു മാത്രം ബാധകം) പ്രകാരമുള്ള വകുപ്പ് 302 (കൊലപാതകം), 376-ഡി (കൂട്ടബലാത്സംഗം), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സഞ്ജി റാം, ദീപക് ഖജൂരിയ, പർവേസ് കുമാർ എന്നിവർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിന് ആർ.പി.സി വകുപ്പ് 201 പ്രകാരം, സബ് ഇൻസ്പെക്റ്റർ ആനന്ദ് ദത്ത, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നീ പൊലീസുകാർക്ക് അഞ്ചു വർഷം കഠിനതടവും വിധിച്ചു.
അതേസമയം തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയെ വെറുതെ വിട്ടു. മുഖ്യപ്രതി സാഞ്ജി റാമിന്റെ മകന് വിശാലിനെയാണ് വെറുതെവിട്ടത്. എന്നാൽ, ശിക്ഷാവിധി തൃപ്തികരമല്ലെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. പഠാൻകോട്ട് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.