ലോകകപ്പ് സൂപ്പർ ഹീറോ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്.
ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.
ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല. 2012 ലാണ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. എന്തൊക്കെ വന്നാലും, അവസ്ഥ എത്ര മോശമായാലും 2019 വരെ ഞാന്‍ കളിക്കും. ആ വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ വിരമിക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എല്ലാവര്ക്കും ഒരു തീരുമാനമെടുക്കണം. 2000 മുതല്‍ ഞാന്‍ രാജ്യാന്തര മൽസരങ്ങള്‍ കളിക്കുന്നുണ്ട്. 18 വര്‍ഷത്തോളമായി ക്രീസില്‍. അതുകൊണ്ട് തന്നെ 2019ന് ശേഷം ഞാന്‍ വിരമിക്കുമെന്ന് യുവി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് യുവരാജ് സിങ്. ഐസിസി ഏകദിന ലോകകപ്പും, ഐസിസി ട്വന്റി-20 ലോകകപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കുന്ന അപൂർവ താരങ്ങളിൽ ഒരാളാണ് ആരാധകരുടെ പ്രിയ താരമായ യുവി. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്.