വാരാണസി പോലെയാണ് തനിക്ക് കേരളം; ജനസേവനത്തിനാണ് പ്രാധാന്യം: മോദി
ഗുരുവായൂര്‍: തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമല്ല ജനസേവനമാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളത്തിലെത്തി മോദി എന്തിന് നന്ദി പറയുന്നു എന്ന് അതിശയിക്കുന്നവരുണ്ടാകാം. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നൻമയും ക്ഷേമവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗുരുവായൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. വാരാണസി പോലെയാണ് തനിക്ക് കേരളമെന്നും മോദി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അധികാരത്തിൽ വരുന്നത് എല്ലാവരുടേയും സര്‍ക്കാരാണ്. തെരഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ജനസേവനം മുൻനിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും ഉറച്ച് നിൽക്കുന്ന ജനതയാണ് കേരളത്തിലുള്ളത്.
അതുകൊണ്ടുതന്നെ ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നിനിന്നു കൊണ്ടുള്ള വികസന പദ്ധകളാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളത്. വിവിധ വികസന പദ്ധതികളിലൂടെ ഓരോ വ്യക്തിയിലേക്കും കടന്നെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി വിശദീകരിച്ചു. കേരളത്തിൽ നിപ്പ വൈറസ് പടരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രം കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂൾ മൈതാനത്ത് ഒരുക്കിയ പൊതുസമ്മേളന വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷ പി.എസ് ശ്രീധരൻ പിള്ള പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന രാഷ്ട്രീയ പ്രാധാന്യവും ചടങ്ങിനുണ്ടായിരുന്നു.
നാട്ടിക, ഗുരുവായൂര്‍, മണലൂര്‍, കുന്ദംകുളം, നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. അഭിനന്ദൻ സഭ എന്ന് പേരിട്ട സമ്മേളത്തിൽ പതിനായിരം പേര് പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു.