ക്യാൻസറില്ലാതെ കീമോ ചെയ്ത സംഭവം: യുവതിയുടെ പരാതിയിൽ കേസെടുത്തു
കോട്ടയം: ക്യാൻസറില്ലാതെ യുവതിയ്ക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളെജിലെ രണ്ട് ഡോക്റ്റർമാർക്കെതിരെ കേസെടുത്തു. രണ്ട് സ്വകാര്യ ലാബുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡോ. രഞ്ജിൻ, ഡോ. സുരേഷ് കുമാർ, സിഎംസി, ഡയനോവ ലാബുകൾക്കെതിരെയാണ് കേസെടുത്തത്. കുടശനാട് സ്വദേശി രജനിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
ആറുമാസം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336,337 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു ക്യാൻസർ ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു ചികിത്സ.
സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളെജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ ക്യാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു. മാറിടത്തിൽ കണ്ടെത്തിയ മുഴ ക്യാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്.
പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളെജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് ക്യാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും ക്യാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. ക്യാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.