കരാർ നിയമനങ്ങൾ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ല: മന്ത്രി ബാലൻ
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളെജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലൻ.
എംസിഐ മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പിഎസ്സി നിയമനത്തിന് കാലതാമസമെടുക്കും. ഇത് മെഡിക്കല്‍ കോളെജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി.
പാലക്കാട് മെഡിക്കൽ കോളെജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ എംസിഐ നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനം.
എന്നാൽ നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്നും, കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. യുഡിഎഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമനം പിഎസ്സിക്ക് വിടണമെന്നായിരുന്നു ആവശ്യം. എന്നാൽ പി എസ്സി നിയമനത്തിനെടുക്കുന്ന കാലതാമസവും, മെഡിക്കല്‍ കോളെജിന്റെ ഭാവിയും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി എ.കെ. ബാലൻ
എസ്സി എസ്ടി വകുപ്പിന് കീഴിൽ രാജ്യത്തുളള എക മെഡിക്കൽ കോളെജാണ് പാലക്കാട്ടുള്ളത്. മുഖ്യമന്ത്രി ചെയർമാനും, വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുളള സമിതിക്കാണ് കോളെജിന്റെ ഭരണ ചുമതല. മെഡിക്കൽ കോളെജ് ആശപത്രിയായി വിപുലീകരിക്കുന്നതിനോടൊപ്പം മാത്രമേ നിയമനങ്ങൾ പിഎസ്സി വഴിയാക്കാനാകൂ.
ഇതിന് ഇനിയും വർഷങ്ങളെടുക്കും. പണി പൂർത്തിയായ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.