ഓണാഘോഷം മറുനാട്ടിലേക്ക്; വിമാനനിരക്കുകളില്‍ വന്‍ വര്‍ധന
കോഴിക്കോട്: മലയാളികള്‍ കൂട്ടത്തോടെ മറുനാട്ടിലേയ്ക്ക് ഓണമാഘോഷിക്കാന്‍ തിരിച്ചതോടെ ദുബൈ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ കൂടി. ഓണവും പെരുന്നാളും ഒരുമിച്ചുവന്നതോടെ നാട്ടിലേയ്ക്കുള്ള നിരക്കുകളാണ് കൂടേണ്ടത്. എന്നാല്‍, ധാരാളം സീറ്റുകള്‍ ഒഴിവുവന്നതോടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയാണ് വിമാന ക്കമ്പനികള്‍.
തിരുവോണ ദിവസം ദുബൈയിലേയ്ക്കുള്ള നിരക്കുകള്‍ 21,586 രൂപ മുതല്‍ 27,076 രൂപവരെയാണ്. അതേസമയം, ദുബൈയിയില്‍ നിന്ന് കൊച്ചിയിലേയ്ക്കെത്താന് 8,204 രൂപ മുടക്കിയാല്‍ മതി. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള നിരക്കുകളും വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകളില്‍ വന്‍ വര്‍ധനയാണുള്ളത്.സപ്തംബര്‍ 13ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പറക്കണമെങ്കില്‍ 8,416 രൂപ മുതല്‍ 9,923 രൂപവരെയാണ് നിരക്ക്. എന്നാല്‍ വെറും 2,505 രൂപയ്ക്ക് ഈ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്താം.
ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേയ്ക്ക് 5,500 രൂപയാണ് ശരാശരി നിരക്ക്. തിരിച്ച് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്കാണെങ്കില് 8,890 രൂപ മുതല്‍ 12,634 രൂപ നല്‍കേണ്ടിവരും.
കൊച്ചിയില്‍ നിന്ന് ചെന്നൈയിലേയ്ക്കാണെങ്കില് 8,921 രൂപ മുതല്‍ 12,325 രൂപയാണ് നിരക്ക്. തിരിച്ചാണെങ്കില്‍ 2,868 രൂപയ്ക്ക് കൊച്ചിയിലെത്താം. കൊച്ചിയില്‍ നിന്ന് ഡല്ഹിയിലേയ്ക്കാകട്ടെ, 9,267 രൂപ മുതല്‍ 24,217 രൂപവരെയാണ് നിരക്ക്. തിരിച്ച് കൊച്ചിയിലെത്താന്‍, 4,840 രൂപമാത്രം നല്കിയാല് മതി.
കേരളത്തില്‍ നിന്ന് മറ്റ് നാടുകളിലേയ്ക്കുള്ള നിരക്കുകളിലാണ് ഈ വര്‍ധന. ഓണമാഘോഷിക്കാന്‍ മറുനാട് തേടുന്ന മലയാളികളുടെ എണ്ണം കൂടുന്നു എന്നതിന് തെളിവാണ് ഈ നിരക്ക് വര്‍ധന നല്കുന്ന സൂചനയെന്നാണ് വിലയിരുത്തല്‍