നിപ്പ വൈറസ്: ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ടത്
കൊച്ചി: സംസ്ഥാനം വീണ്ടും നിപ്പ രോഗ സംശയത്തെ അഭിമുഖീകരിക്കുമ്പോൾ രോഗത്തെ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.നിപ്പ ബാധിച്ച മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് നിപ്പ ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ടതില്ല. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. നിപ്പ രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും അറിയുക വഴി രോഗത്തെ എളുപ്പത്തില്‍ ചെറുക്കാനാകും.
എന്താണ് നിപ്പ
മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. 1998 ൽ. 2001 മുതൽ 2008 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും നിപ്പ വന്നതായി റിപ്പോർട്ടുണ്ട്. ശേഷം വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ജൂൺ മാസത്തില്‍ കേരളത്തിലാണ് ഈ പനി വീണ്ടും കണ്ടെത്തുന്നതും സ്ഥിരീകരിക്കുന്നതും. ഇപ്പോൾ കൊച്ചിയിലാണ് നിപ്പയുടെ സാന്നിധ്യ സംശയവുമായി യുവാവ് ചികിത്സയിലുള്ളത്.
നിപ്പ എന്ന വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് (fruit bat) ഈ വൈറസ് സാധാരണയായി കാണപ്പെടുന്നത്. ഇത്തരം വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ. അതുകൊണ്ടു തന്നെ വവ്വാലുകൾക്ക് ഈ രോഗം ബാധിക്കില്ല. എന്നാൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകൾ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗം വരൻ ഇടയാക്കും. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം. 1998 ൽ മലേഷ്യയിൽ മനുഷ്യരിലേക്ക് അസുഖം ബാധിച്ചത് പന്നികളിൽ നിന്നായിരുന്നു. വവ്വാലുകളുടെ ശരീര സ്രവങ്ങളും വിസർജ്യവും കലർന്ന കള്ള് ഉപയോഗിച്ചതിൽ നിന്നാണ് ബംഗ്ലാദേശിൽ പ്രധാനമായും രോഗം ഉണ്ടായത്. വവ്വാലുകളിൽ നിന്ന് നേരിട്ടും മറ്റു വളർത്തു മൃഗങ്ങളെ ബാധിക്കുന്നതിന്റെ ഭാഗമായും മനുഷ്യർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വവ്വാലുകളിൽ വൈറസിന്റെ സാന്ദ്രത വർധിച്ചതും ഈ രോഗം രൂപപ്പെടാനുള്ള കാരണമായി പറയുന്നുണ്ട്.
നിപ്പ പകരുന്നത് എങ്ങനെ
വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയും, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും, രോഗ ബാധയുള്ള വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രോഗം വരാം. രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പടരാം. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്. ജലദോഷമോ ഫ്ലൂവോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ രോഗം പകരുന്നത് ഒഴിവാക്കാനാകും. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു. കഴിവതും പക്ഷികളോ മറ്റോ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം കഴിവതും തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
നിപ്പ രോഗ ലക്ഷണങ്ങൾ
നാലു മുതൽ പതിനെട്ട് ദിവസം വരെയാണ് രോഗത്തിന്റെ ഇൻകുബേഷൻ പീരിയഡ്. അതായത് വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വരും. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങൾ തുടങ്ങി ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കിൽ രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയ ഒരാൾക്ക് പനി ബാധിച്ചാൽ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) ശ്രദ്ധിക്കണം.
പനി വന്നാൽ ചെയ്യേണ്ട ചികിത്സാ രീതി
സമീപത്തുള്ള ആശുപത്രിയിൽ സമീപിക്കുക. ഡോക്റ്ററുടെ നിർദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കിൽ യാത്രകൾ ഒഴിവാക്കി വീട്ടിൽ വിശ്രമിക്കുക. ചികിത്സാ പൂർത്തിയാക്കുക. നിപ്പ രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസം ഒഴിവാക്കാനുള്ള വെന്റിലേഷൻ പോലുള്ള സംവിധാനങ്ങൾ, എൻസഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകൾ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങൾ ഇപ്പോൾ സജ്ജമാണ്.