വെട്ടിക്കെട്ട് ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ്
ലണ്ടൻ : ബംഗ്ലാദേശിന്റെ വെട്ടിക്കെട്ട് ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ബംഗ്ലാദേശിന് മിന്നും വിജയം. ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്താണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെ എടുക്കാനായുള്ളു. 21 റൺസിനാണ് ബംഗ്ലാദേശിന്റെ വിജയം. മുഷ്ഫിഖർ റഹീമാന്റെ മികച്ച ബാറ്റിങ്ങും മുസ്താഫിസർ റഹ്മാന്റെ കൃത്യതയാർന്ന ബൗളിങും ബംഗ്ലാദേശിന് വിജയം അനായാസമാക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാൻ ക്വിൻന്റൺ ഡി കോക്ക് 23 റൺസെടുത്തപ്പോൾ പുറത്തായി. എയ്ഡൻ മാർക്ക്റാമിനൊപ്പം 9.4 ഓവറിൽ 49 റൺസ് നേടിയപ്പോഴായിരുന്നു ഡി കോക്കിന്റെ റൺഔട്ട് മടക്കം. ഫാഫ് ഡ്യുപ്ലെസിസ് 62 റൺസ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോററായി. 53 പന്തിലായിരുന്നു ഫാഫിന്റെ നേട്ടം.
എയ്ഡൻ മാർക്ക്റാം 45 റൺസും (56 പന്തിൽ) ജീൻ പോൾ 45 (37 പന്തിൽ) റൺസും റാസി വാൻ 41 (38 പന്തിൽ) റൺസും ഡേവിഡ് മില്ലർ 38 റൺസും (43 പന്തിൽ) നേടി. ക്രിസ് മോറിസ് പത്തും ആൻഡിലേ എട്ടും പുറത്താകാതെ റബാഡ 13, ഇമ്രാൻ താഹിർ 10 റൺസുകളും നേടിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിനെ മറികടക്കാനായില്ല.മില്ലർ പുറത്തായതോടെ മധ്യനിരയ്ക്ക് വേണ്ട രീതിയിൽ മുന്നേറാൻ കഴിയാതിരുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസർ റഹ്മാൻ മൂന്നും മുഹമ്മദ് സെയ്ഫുദ്ദീൻ രണ്ടും വിക്കറ്റുകൾ നേടി. മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ലോകക്കപ്പിലെ ആദ്യമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അടിച്ചെടുത്തത് 330 റൺസായിരുന്നു. സൗത്ത് ആഫ്രിക്കയുടെ ബൗളർമാരെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ ബാറ്റ്സ്മാന്മാർ പുറത്തെടുത്തത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 50 ഓവർ ബംഗ്ലാദേശ് ബാറ്റ് ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങുന്ന സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം 331 റൺസാണ്.
80 പന്തിൽ നിന്നും 78 റൺസെടുത്ത മുഷ്ഫിഖർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്കോറർ. എട്ട് ഫോറുകൾ അടങ്ങുന്നതായിരുന്നു മുഷ്ഫിഖറിന്റെ ഇന്നിങ്സ്. 84 പന്തിൽ നിന്നും 75 റൺസെടുത്ത് ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന്റെ ബാറ്റിങ് നിലമികച്ചതാക്കിയാണ് പുറത്തുപോയത്. സൗമ്യ സർക്കാർ 42 (30 പന്തിൽ) റൺസും മുഹമ്മദ് മിഥുൻ 21(21 പന്തിൽ) റൺസും മൂസഡെക്ക് 26 (20 പന്തിൽ)റൺസും നേടി. പുറത്താകാതെ മഹമ്മൂള്ളുള്ള 21 പന്തിൽ 21 റൺസെടുത്തും മെഹിദി ഹസൻ മൂന്ന് പന്തിൽ അഞ്ച് റൺസെടുത്തും മികവ് പുലർത്തി.
ടോസ് നഷ്ടപ്പെട്ട് സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 8.2 ഓവറിൽ 60 റൺസ് നേടിയിരുന്നു. ഓപ്പണർ തമീം ഇക്ബാൽ 16 റൺസും സൗമ്യ സർക്കാർ 42 റൺസുമെടുത്താണ് കളംവിട്ടത്. രണ്ടുപേരും ഡി കോക്കിന്റെ ക്യാച്ചിലാണ് പുറത്തായത്. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ആൻഡിലേ ഫെഹലുക്കവായായും ക്രിസ് മോറിസും ഇമ്രാൻ താഹിറും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. മികച്ച ബൗളറായ റബാഡയ്ക്ക് 10 ഓവറിൽ 57 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റുപോലും ലഭിച്ചില്ല.