മോദിക്കൊപ്പം സഹമന്ത്രിമാര്‍ ഉള്‍പ്പെടെ 40-60 പേര് സത്യപ്രതിജ്ഞ ചെയ്തേക്കും
മുംബൈ: രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപമാകുന്നു. സഹമന്ത്രിമാര്‍ ഉള്‍പ്പെടെ 40 മുതൽ 60 പേര് വരെ പ്രധാനമന്ത്രിക്കൊപ്പം ഇന്നു സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഖ്യകക്ഷികളിൽ നിന്ന് എട്ട് മുതൽ പത്തു വരെ പേർക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയിൽ അംഗമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്റെ പേര് നിർദേശിച്ചതായി പാർട്ടി വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപി നേതാക്കളായ നിർമല സീതാരാമൻ, പ്രകാശ് ജാവേദ്ക്കർ, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ്, നരേന്ദ്രസിങ് തോമർ, ധർമേന്ദ്ര പ്രധാൻ, അർജുൻ റാം മേഘ്വാൾ എന്നിവർ കേന്ദ്രമന്ത്രിമാരാകും. ഇവർ ആദ്യ മോദി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. അതേസമയം, അമിത് ഷായെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് വിവരം.
സഖ്യകക്ഷിയായ അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ തുടരും. നിതീഷ് കുമാറിന്റെ ജെഡിയുവിനും അകാലിദളിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. രണ്ടു മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജെഡിയു. ഇത്തവണ ബിജെപി മികച്ച മുന്നേറ്റം സൃഷ്ടിച്ച പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേര് മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ട് നില്ക്കാന് തീരുമാനിച്ച അരുണ്‍ ജയ്റ്റ്ലിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ജയ്റ്റിലുമായി ചര്‍ച്ച നടത്തിയിരുന്നു.
മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായി അല്‍ഫോന്‍സ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. ഉത്തർപ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം.പി സന്തോഷ് ഗാങ്വര് പ്രോടെം സ്പീക്കറാകും . ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരനും ഡല്‍ഹിയിലേക്ക് തിരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി അല്പസമയത്തിനകം കൂടിക്കാഴ്ച നടത്തും.
വൈകിട്ട് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരസൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചത്.
രാഷ്ട്രപതി ഭവനില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. എട്ട് രാഷ്ട്രത്തലവന്മാരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. വന്‍ ആഘോഷ പരിപാടിയായതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവന് അങ്കണത്തിലാകും ചടങ്ങ്. ഏകദേശം എണ്ണായിരം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.