കാവേരി നദീജലതര്‍ക്കം: കര്‍ണാടകം കത്തുന്നു; പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ബംഗളൂരുവില്‍ കേന്ദ്രസേനയെ വിന്യസിച്ചു
ബംഗളൂരു: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
അതേസമയം ബംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു.സി.ആര്.പി.എഫ്, സി.ഐ.എസ്.എഫ്, ആര്.ഫി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷത്തിന് നേരിയ തോതില്‍ അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഏഴ് സ്റ്റേഷന് പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജഗോപാല്‍ നഗര്‍, കെങ്കേരി, മഗഡിറോഡ്, കാമാക്ഷിപാളയ, വിജയനഗര്‍, രാജാജിനഗര്‍, ബൈട്ടരായനപുര എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. മെസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി; ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടില്‍ ഇന്ന് രാവിലെ കര്‍ണാടക ബാങ്ക് ശാഖയ്ക്കും കന്നഡക്കാരുടെ കടകള്‍ക്കും നേരെയുണ്ടായ അക്രമങ്ങള്‍ക്ക് മറുപടിയായി തമിഴ്നാട് രജിസ്ട്രേഷന് വാഹനങ്ങള്‍ക്കും തമിഴരുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ കര്‍ണാടകയില്‍ അക്രമമുണ്ടായി.
ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്നിക്കിരയാക്കി. ബംഗളൂരുവിലെ കെങ്കേരിയില്‍ മാത്രം മുപ്പതിലേറെ സ്വകാര്യബസുകള്‍ കത്തിച്ചു. അമ്പതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കര്‍ണാടകയിലെത്തി. കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാനും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മലയാളികളുടെ സുരക്ഷിതരായിരിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്കി. കേരളത്തിലേക്കുള്ള ബസ് യാത്രക്ക് അതിര്‍ത്തി വരെ പൊലീസ് സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ്, തമിഴ്നാട്ടില്‍ ചെന്നൈയിലും രാമേശ്വരത്തും അക്രമങ്ങളുണ്ടായി. ചെന്നൈയില്‍ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. രാമേശ്വരത്തു കന്നഡിഗ യുവാവിനെ മര്‍ദിച്ചു. ചെന്നൈയിലെ കര്‍ണാടക ബാങ്ക് ശാഖകള്‍, കര്‍ണാടക മാനേജ്മെന്റുകളുടെ സ്കൂളുകള്‍ എന്നിവയ്ക്ക് ഇന്നലെ ഉച്ചയ്ക്കു ശേഷം അവധി നല്കി. കര്‍ണാടകയില്‍ നിന്നു വിനോദസഞ്ചാരികള്‍ എത്തിയ വാഹനവും അടിച്ചുതകര്‍ത്തു.
കാവേരിയില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. എത്രയും വേഗത്തില്‍ വെള്ളം നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ഇരുസംസ്ഥാനങ്ങളിലും പ്രതിഷേധം ഒന്നുകൂടി കനത്തത്.