റഫാൽ: കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ കേസുകള്‍ അനില്‍ അംബാനി പിന്‍വലിക്കുന്നു
അഹമ്മദാബാദ്: റഫാൽ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് ദിനപത്രത്തിനുമെതിരെ നൽകിയ അയ്യായിരം കോടിയുടെ മാനനഷ്ടക്കേസുകൾ പിൻവലിക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ തീരുമാനം. അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിൻവലിക്കാൻ നടപടിയെടുക്കുന്നത്.
ഈ വിവരം എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ടെന്ന് വാദിഭാഗം അഭിഭാഷകൻ രാകേഷ് പരീഖ് മാധ്യമങ്ങളോട് പറഞ്ഞു. നാഷണൽ ഹെറാൾഡിനുവേണ്ടി ഹാജരായ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞാണ് കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ കോടതിയിൽ നടക്കുക. മാനനഷ്ടക്കേസ് അഹമ്മദാബാദിലെ കോടതി പരിഗണിക്കുന്നതിനെതിരെ പ്രതിഭാഗം സമർപ്പിച്ച ഹര്‍ജി മധ്യവേനലവധിക്കുമുൻപ് കോടതിയിലെത്തിയിരുന്നു.
റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് എയ്റോസ്ട്രെക്ചർ എന്നീ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കോൺഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്, വി, രൺദീപ് സിങ് സുർജേവാല, ഉമ്മൻചാണ്ടി, അശോക് ചവാൻ, സഞ്ജയ് നിരുപം, സുനിൽ ഝാക്കർ തുടങ്ങിയവര്‍ക്ക് എതിരെയായിരുന്നു കേസ്. നാഷണൽ ഹെറാൾഡ് എഡിറ്റർ, റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ വിശ്വദീപക് എന്ന മാധ്യമ പ്രവർത്തകനും എതിരായിരുന്നു കേസ്.
റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പിനും ചെയർമാൻ അനിൽ അംബാനിക്കുമെതിരെ അപകീർത്തീകരവും മാനനഷ്ടമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയെന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ്.