കേരള രാഷ്ട്രീയം ഇങ്ങനെ എത്രനാൾ?
# ആർ. ഗോപീകൃഷ്ണൻ
ആദർശത്തിന്റെയും ലാളിത്യത്തിന്റെയും മനോജ്ഞസുന്ദരമായ പരിവേഷം, പാർട്ടി ഭേദമെന്യേ നമ്മുടെ നാട്ടിലെ ഏതു പൊതുപ്രവർത്തകനും ആഗ്രഹിച്ചിരുന്ന കാലം മറയുന്നുവെന്ന സൂചനയാണു മുല്ലപ്പള്ളിയിലൂടെ കേട്ടത്
ഈ തെരഞ്ഞെടുപ്പിനു മുൻപ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനകാംക്ഷികൾക്കു നൽകിയ മുന്നറിയിപ്പ് വലിയ ചർച്ചയാകാതെ പോയി. പാർട്ടിയുടെ ഖജനാവു കാലിയാണെന്നും സ്ഥാനാർഥികളാകുന്നവർ തെരഞ്ഞെടുപ്പു ചെലവിനുള്ള തുക കണ്ടെത്തേണ്ടിവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവിനെ തിരിച്ചറിയുന്ന പ്രസ്താവമായി വായിക്കപ്പെടണം. മുല്ലപ്പള്ളിയുടെ വാക്കുകൾ തള്ളിക്കളയുന്നത് അത്ര എളുപ്പമല്ലെന്നാണു മുന്നിലേക്ക് ഓടിവരുന്ന കേരള രാഷ്ട്രീയ ചിത്രം പറയുന്നത്.
ആദർശത്തിന്റെയും ലാളിത്യത്തിന്റെയും മനോജ്ഞസുന്ദരമായ പരിവേഷം, പാർട്ടി ഭേദമെന്യേ നമ്മുടെ നാട്ടിലെ ഏതു പൊതുപ്രവർത്തകനും ആഗ്രഹിച്ചിരുന്ന കാലം മറയുന്നുവെന്ന സൂചനയാണു മുല്ലപ്പള്ളിയിലൂടെ കേട്ടത്. ഇന്നാട്ടിലെ സാധാരണക്കാർക്കും നീതിനിഷേധിക്കപ്പെട്ടവർക്കും വേണ്ടി പടപൊരുതാൻ കരളുറപ്പോടെ ഇറങ്ങിത്തിരിച്ചവരുടെ പുളകം വിതറുന്ന കഥകൾ ഓർമച്ചെപ്പുകളിലടയ്ക്കേണ്ടി വരുമെന്നു വരച്ചുകാണിക്കുന്നു ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പശ്ചാത്തല വിശകലനം.
പലതുകൊണ്ടും കൗതുകമാണ് കേരളത്തിന്റെ കാര്യം. ലളിതമായ ജീവിതവഴികളിൽ മുന്നേറുന്ന നേതാക്കൾ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ മുൻനിരയിലാണ് എന്നതാണ് സവിശേഷത. ഈ തെരഞ്ഞെടുപ്പിലെ 7928 സ്ഥാനാർഥികളുടെ പശ്ചാത്തലം പരിശോധിച്ച് അസോസിയേഷൻ ഡെമോക്രാറ്റിക് റിഫോംസ്, നാഷനൽ ഇലക്ഷൻ വാച്ച് എന്നീ സംഘടനകൾ തയാറാക്കിയ റിപ്പോർട്ട് പറയുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളുടെയെണ്ണം കൂടിവരുന്നു എന്നുള്ളതാണ്.
കേസുകളും കോടികളും
രണ്ട് വൈരുധ്യങ്ങളാണ് ഈ റിപ്പോർട്ട് പരിശോധിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുക. ഒന്ന്: ക്രിമിനൽ കേസുകളിൽ രാജ്യത്തെ മൂന്നാം സ്ഥാനം. രണ്ട്: കോടീശ്വര സ്ഥാനാർഥികളിൽ ഏറ്റവും പിന്നിൽ നിന്ന് മൂന്നാം സ്ഥാനം. ഒന്നു നെഗറ്റീവെങ്കിൽ മറ്റൊന്ന് പോസിറ്റീവ്. എന്നാൽ ഈ നെഗറ്റീവും പോസിറ്റീവും തമ്മിൽ അദൃശ്യബന്ധത്തിന്റെ ഒരു നൂലിഴ കാണാനാകുന്നു. അതും ചർച്ചയാകേണ്ടതുണ്ട്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കോടീശ്വരന്മാരും ശത കോടീശ്വരന്മാരും ഇവിടെ കുറവാണ്. അതിനുകാരണം നമ്മുടെ ജീവിത സാഹചര്യങ്ങളും ലാളിത്യത്തിന് സ്വീകാര്യത നൽകുന്ന പൊതുപ്രവർത്തന ശൈലിയുമാണ്. എന്നാൽ ഈ ലാളിത്യ രാഷ്ട്രീയവുമായി കേരളത്തിന് എത്രകാലം മുന്നോട്ടുപോകാനാകും എന്നതാണ് പ്രധാനചോദ്യം. അതിലേക്ക് എത്തുന്ന ഉത്തരമാണ് മുല്ലപ്പള്ളിയുടെ വാക്കുകളിൽ നിഴലിച്ച ആശങ്ക.
ഗുരുതരമായ കേസുകളുള്ള സ്ഥാനാർഥികളുടെയെണ്ണം 2009ൽ 1158 ആയിരുന്നത് 2014 ൽ 1404 ആയും ഇത്തവണ 1500 ആയും വർധിച്ചിരിക്കുന്നു. അഞ്ചു സ്ഥാനാർഥികളിൽ ഒരാൾ ഇത്തരക്കാരനാണെന്നർഥം. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ 56, കൊലപാതക കേസുകളിലുൾപ്പെട്ടവർ 55, വധശ്രമ കേസിൽ ഉൾപ്പെട്ടവർ 184, സ്ത്രീകൾക്കു നേർക്കുള്ള അതിക്രമം നടത്തിയവർ 126, അവരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ടവർ 9, തട്ടിക്കൊണ്ടുപോകൽ കേസിലുള്ളവർ 47, വിദ്വേഷ പ്രസംഗം നടത്തിയവർ 95.
കക്ഷി ഏതായാലും കാര്യങ്ങൾക്കു വലിയ മാറ്റമില്ല. ബിജെപിയുടെ 433 സ്ഥാനാർഥികളിൽ 124 പേരും കോൺഗ്രസിന്റെ 419 സ്ഥാനാർഥികളിൽ 107 പേരും ബിഎസ്പിയുടെ 381 സ്ഥാനാർഥികളിൽ 61 പേരും സിപിഎമ്മിന്റെ 69 സ്ഥാനാർഥികളിൽ 24 പേരും 3370 സ്വതന്ത്ര സ്ഥാനാർഥികളിൽ 292 പേരും സ്വന്തം പേരിൽ ഗുരുതര ക്രിമിനൽ കേസുകൾ എഴുതിച്ചേർത്തവരാണ്.
ക്രിമിനൽ വേരുകൾ
ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണു കേരളം- 32 ശതമാനം. ബിഹാർ- 30, പശ്ചിമ ബംഗാൾ- 26, മഹാരാഷ്ട്ര- 26, ഗോവ- 25, യുപി- 23, ജാർഖണ്ഡ്- 23 എന്നിങ്ങനെയാണ് പിന്നിൽ വരുന്നവർ. അയൽ സംസ്ഥാനങ്ങളായ ആന്ധ്ര- 21, കർണാടകം- 13, തമിഴ്നാട്- 13, തെലങ്കാന- 13 എന്നിവ ഇക്കാര്യത്തിൽ കേരളത്തെക്കാൾ പിന്നിലാണ് എന്നതും കൗതുകകരം.
സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിലും അറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരൊന്നും കേരളത്തിൽ മത്സരിക്കുന്നില്ല. അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ ചിലരെ പ്രതിക്കൂട്ടിൽ നിർത്താമെങ്കിലും. സംസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ ഭാഗമാണ് വഴിതടയലും പൊലീസിനെ നേരിടലും ഹർത്താലും ഉപരോധവുമെല്ലാം. അവയെ അഹിംസാത്മകമായി കൈകാര്യം ചെയ്യാനുള്ള പക്വതയില്ലായ്മ മൂലം പലപ്പോഴും കാര്യങ്ങൾ സംഘർഷത്തിൽ കലാശിക്കുക പതിവായി. പൊലീസിനെയും എതിരാളിയെയും കായികമായി നേരിടാനും പൊതുമുതലും സ്വകാര്യ സ്ഥാപനങ്ങളും തല്ലിത്തകർക്കാനുമുള്ള മനോഭാവം രാഷ്ട്രീയമായ ധാർഷ്ട്യത്തിന്റെ ലക്ഷണം മാത്രമായിരുന്നില്ല;
പിന്നിൽ രക്ഷിക്കാൻ ആളുകളുണ്ടെന്ന ഊറ്റം കൊണ്ടു കൂടിയായിരുന്നു. സമ്പന്നലോബികൾ രാഷ്ട്രീയത്തിലെ ചരടുവലിക്കാരായത് ഇന്നോ ഇന്നലെയോ അല്ല. എന്നാൽ ആ ശ്രേണിയിൽനിന്ന് രാഷ്ട്രീയക്കാർ പിറന്നത് അടുത്തകാലത്തെ പ്രതിഭാസമാണ്. അതിർവരമ്പുകൾ നേർത്തുനേർത്തു വരുമ്പോൾ സമ്പന്നരല്ലാത്തവർക്ക് പൊതുരംഗം അസാധ്യമാകുന്നു എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ്.
പാവം കോടിപതികൾ
അബ്കാരികളും കരാറുകാരും കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന കാലാവസ്ഥയല്ല ഇന്നുള്ളത്. ലോകത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ട യുഗത്തിൽ രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്ന് ആയിക്കൊണ്ടിരിക്കുന്നു. കച്ചവടങ്ങളിൽ മാത്രമാണ് ആഗോളീകരണം സംഭവിക്കുകയെന്നു ധരിക്കരുത്. കുറച്ചു വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത് വിദേശത്തു നിന്നുള്ള പണവും ആളുകളുമാണ്. ഇപ്പോഴത് കുടുതൽ വിശാലമായ ഭൂമികയിലേക്കു മാറിക്കൊണ്ടിരിക്കുന്നു. കോടിപതികളുടെ ആധിക്യം നൽകുന്ന സൂചന അതാണ്.
2009 ൽ രാജ്യത്ത് കോടീശ്വരന്മാരായ 1249 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 2297 ആയിട്ടുണ്ട്. 2014 ൽ ഇത് 2217 ആയിരുന്നു. ഇത്തവണ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി ആസ്തി 4.14 കോടിയാണ്. നിലവിലുള്ള 335 എംപിമാരാണ് വീണ്ടും മത്സരിക്കുന്നത്. ഇവരുടെ മാത്രം ആസ്തിയിലുള്ള വർധന 41 ശതമാനമാണ്. ഇവരുടെ ശരാശരി ആസ്തി 24 കോടിയിലെത്തി നിൽക്കുന്നു.
കേരളത്തിലെ ഏറ്റവും ധനാഢ്യനായ എംപി ശശി തരൂരിന്റെ സമ്പാദ്യം അദ്ദേഹം എഴുത്തിൽ നിന്നും യുഎന്നിലെ ഉദ്യോഗത്തിൽ നിന്നും സമ്പാദിച്ചതാണെന്ന് അറിയാം. വാർഷിക വരുമാനം മൂന്നു കോടിയും ആസ്തി 35 കോടിയുമാണ്. കോടീശ്വര എംപിമാരിൽ 46ാം സ്ഥാനമാണ് തരൂരിന്.
വയനാട്ടിൽ സ്ഥാനാർഥിയായെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 77ാം സ്ഥാനമേയുള്ളൂ. വാർഷിക വരുമാനം ഒരു കോടിയും ആസ്തി 15 കോടിയും. ഇവർ ഇരുവരും കേരള രാഷ്ട്രീയ കളരിയിൽനിന്നുള്ളവരല്ല. മൂന്നു കോടിയുടെ ആസ്തിയും 18 ലക്ഷത്തിന്റെ വാർഷിക വരുമാനവുമായി 158ാം സ്ഥാനത്തുള്ള എ. സമ്പത്തിനും പിന്നാലെ മാത്രമാണ് മറ്റുള്ളവർ.
പുതിയ മാർഗം, പുതിയ ലക്ഷ്യം
ഈ നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ എത്രകാലം തുടരാൻ കേരളത്തിനു സാധിക്കുമെന്നു വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് കോടികൾ ചെലവാക്കേണ്ടിവന്നിട്ടില്ലേ? തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച 70 ലക്ഷത്തിന് ഒരു നിയമസഭാ മണ്ഡലത്തിലെ പ്രചാരണം പോലും മതിയാവില്ല എന്നിരിക്കെ, ബാക്കി പണം ആരാണ് ഇവർക്കുവേണ്ടി വലിച്ചെറിഞ്ഞത്? അവരും അവരെപ്പോലുള്ളവരും കടിഞ്ഞാൺ പിടിക്കുന്ന രാഷ്ട്രീയത്തിലേക്ക് നമ്മുടെ നേതാക്കൾക്കും നടന്നുനീങ്ങേണ്ടിവരും. ഏതായാലും മദ്യമുതലാളിമാർക്കും കരാറുകാർക്കും കൈയിലൊതുക്കാനാകാത്ത വിധം കാര്യങ്ങൾ വളർന്നു. പുതിയ ബിസിനസ് സാമ്രാജ്യങ്ങളും താത്പര്യങ്ങളുമാണ് രംഗത്ത്. അവർക്കുമുണ്ടല്ലോ ലക്ഷ്യങ്ങൾ.
പരമ്പരാഗത ശൈലിയിൽ വിശ്വാസമില്ലാത്ത പുതിയൊരു തലമുറ എല്ലാ പാർട്ടികളിലും തലയുയർത്തിവരുന്നത് ഇതുമായി കൂട്ടിവായിക്കുക കൂടി ചെയ്താൽ ഏകദേശ ചിത്രം ലഭിക്കും. സംസ്ഥാന രാഷ്ട്രീയം മാറ്റിയെഴുതപ്പെടുകയാണ്. പെരുമാറ്റസംഹിതകളും ശൈലിയും അടിമുടി മാറും.
ത്യാഗനിർഭരമായ രാഷ്ട്രീയത്തിൽ വിശ്വാസമില്ലാത്ത പ്രായോഗിക പടുക്കളെ മറ്റു സംസ്ഥാനങ്ങളിൽ കാണുമ്പോൾ നമ്മുടെ രാഷ്ട്രീയം എത്ര മഹത്തരമെന്നു തോന്നിയിട്ടുണ്ട്. തത്വസംഹിതകൾക്കു മീതെ മിനിമം ആദർശനിഷ്ഠ പോലുമില്ലാത്തവരുടെ ചിറകടി വിദൂരമെങ്കിലും കാതിൽ പതിച്ചുതുടങ്ങിയിരിക്കുന്നു.