തൃശൂർ പൂര ലഹരിയിൽ ; ഘടകപൂരങ്ങളും വടക്കുംനാഥ സന്നിധിയിൽ
തൃശൂർ: പൂരങ്ങളുടെ പൂരത്തിന് തൃശൂരിൽ തുടക്കം കുറിച്ച് കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥന്റെ സന്നിധിയിലെത്തിയത്. ഇതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരങ്ങളുടെ പൂരത്തിന്റെ മതിവരാകാഴ്ചകള്ക്ക് തുടക്കമായിരിക്കുന്നത്.
ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. വെയിലോ മഴയോ ഏൽക്കാതെ വേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താൻ എന്നാണ് വിശ്വാസം. അതിനാലാണ് വളരെ നേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെടുന്നത്. പിന്നാലെ പനമുക്കംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് പൂരങ്ങള്‍ എത്തി.
തുടർന്ന് തൃശൂര്‍ നഗരത്തില്‍ എംജി റോഡിനു സമീപമുള്ള പഴയനടക്കാവിലെ ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കും. കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തിലാണു പഞ്ചവാദ്യം. ഉച്ചയ്ക്ക് 12.30ന് സ്വരാജ് റൗണ്ടിലേക്ക് മഠത്തില്‍വരവു പ്രവേശിക്കും.
പാറമേക്കാവ് ഭഗവതിയെ കതിനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളിക്കും. 15 ആനകള്‍. ചൂടിനെ വെല്ലുന്ന രൗദ്രതാളമാണ് പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളത്തിന്. ചെമ്പട കഴിഞ്ഞാല്‍ പാണ്ടിമേളം കൊട്ടി ഇലഞ്ഞിത്തറയിലേക്കുപോകും. ജനക്കൂട്ടം അപ്പോഴും താളംവിടാതെ പിന്നാലെയുണ്ടാവും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തില്‍ 300 കലാകാരന്മാര് അണിനിരക്കും. 4.30നു മേളം സമാപിച്ച് തെക്കോട്ടിറക്കം.
4.45നു തിരുവമ്പാടി വിഭാഗത്തിന്റെ മേളം ശ്രീമൂല സ്ഥാനത്തു കലാശിച്ച് അവരും തെക്കേ ഗോപുരനടയിലെത്തും.ഇലഞ്ഞിത്തറമേളം സമാപിച്ചു കുടമാറ്റത്തിനായി ഇരു വിഭാഗത്തും 15 ആനകള്‍ സഹിതം അണിനിരക്കും. കാല് നിലത്തു കുത്താനാവാത്തവിധം പുരുഷാരം നിറയും. ഏഴുമണിയോടെ കുടമാറ്റം അവസാനിക്കും.