കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതിയുണ്ട്; പ്രതിഭ എംഎൽഎയെ വിമർശിച്ച് ആരോഗ്യമന്ത്രി
കൊച്ചി:കായംകുളം എഎല്‍എ യു. പ്രതിഭയെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ രംഗത്ത്. ഫെസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നു എന്ന തരത്തില്‍ എംഎല്‍എ കമന്റിട്ടത് ശരിയായില്ലെന്ന് അവർ. പറഞ്ഞു.
കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്. അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്റിട്ടത് ശരിയായില്ല. ഹെല്‍ത്ത് സെക്രട്ടറിയെ വിമര്‍ശിച്ച് കുറിപ്പിട്ടതും ശരിയല്ല. വീണ ജോര്‍ജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎല്‍എ എന്ന നിലയില്‍ മികച്ച ഇടപെടല്‍ നടത്തിയതിനാലാണെന്നും മന്ത്രി.
വീണാജോര്‍ജ് എംഎല്‍എയെ അഭിനന്ദിച്ചത് ചൂണ്ടിക്കാട്ടി തനിക്കും അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട് എന്ന രീതിയിലായിരുന്നു പ്രതിഭയുടെ കമാന്റ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഭ കമന്റ് ഇട്ടതാണ് വിവാദമായത്.
കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു. എന്നാല്‍, കെ.കെ .ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഈ കമന്റിനെ കണ്ടതോടെ, പ്രതിഭക്കെതിരെ പ്രതിഷേധം ശക്തമായി
യു. പ്രതിഭ എംഎൽഎ, മന്ത്രി കെ.കെ. ശൈലജയുടെ പോസ്റ്റില്‍ ഇട്ട കമന്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോള്‍ അവരെ Spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ Spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ് ബി യില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാന്‍ കേള്‍ക്കുന്നുണ്ട്. 2000 നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര് എന്നെ മെന്‍ഷന്‍ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്.