കെ.എം. മാണി മടങ്ങിയത് മുറിവേറ്റ മനസുമായി; വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം
കോട്ടയം: കെ.എം. മാണി മടങ്ങി പോയത് മുറിവുണങ്ങാത്ത മനസുമായാണെന്ന് വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ. ബാർ കോഴ വിവാദത്തിൽ അടക്കം കോൺഗ്രസിനേയും പി.ജെ. ജോസഫിനെയും വിമർശിക്കുന്നതാണ് പ്രതിച്ഛായയിലെ മുഖ ലേഖനം. പത്രാധിപർ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് കെ.എം. മാണിയുടെ മരണശേഷം ആദ്യമായി കേരള കോൺഗ്രസ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.
തരം കിട്ടിയാൽ മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. "കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ" എന്നാണ് ഇത്തരക്കാരെ കെ.എം. മാണി വിശേഷിപ്പിച്ചിരുന്നത്. അമ്പത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാർ കോഴക്കേസ് ശത്രുക്കൾക്ക് മുന്നിൽ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കൾക്കിടയിൽ നിന്ന് "ഹാ ബ്രൂട്ടസേ നീയും" എന്ന് സീസറെ പോലെ നിലവിളിക്കാനെ കെ.എം. മാണിക്ക് കഴിഞ്ഞുള്ളു എന്നും ലേഖനത്തിൽ പറയുന്നു.
കേരളാ കോൺഗ്രസിനെ തകർക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. "ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ" എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികൾ പയറ്റിയത്.
വേണ്ടിവന്നാൽ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെ.എം. മാണിയും കേരളാ കോൺഗ്രസിനെ സ്നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോൾ ഔസേപ്പച്ചൻ സമ്മതിക്കുമോ എന്നായിരുന്നു കെ.എം. മാണിയുടെ സന്ദേഹം. സാറു പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ.
ബാർ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്റ്റോബർ 31 ന് കെ.എം. മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയത്. ബാർ കോഴക്കേസിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ലേഖനത്തിൽ വിമർശനമുണ്ട്. നാൽപത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പിൽ തുടങ്ങിയ ബാർകോഴ വിജലൻസ് അന്വേഷണം നീണ്ടു പോയതിൽ ചതിയുണ്ടായിരുന്നോ എന്ന് അറിയില്ല.
പക്ഷെ എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കൽ കെ.എം. മാണി പൊട്ടിത്തെറിച്ചെന്നും ലേഖനത്തി പറയുന്നുണ്ട്. ബാർ കോഴ വിവാദം സത്യവും മിഥ്യയും എന്ന പേരിൽ കേരളാ കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് പ്രതിച്ഛായയിൽ ലേഖനമായി ഉൾപ്പടുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.