തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ കാര്യത്തിൽ കോടതി ഉത്തരവ് നടപ്പാക്കും; എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണമേർപ്പെടുത്തി കലക്റ്റർ
തൃശൂർ: തൃശൂർ പൂരത്തിൽ ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകൾക്ക് വിലക്കുണ്ടെന്ന് തൃശൂർ കലക്റ്റർ ടി.വി അനുപമ. നീരുള്ളതിനും അപകടസാധ്യതയുള്ളതിനും വിലക്ക് ബാധകമാണെന്നും കലക്റ്റർ അറിയിച്ചു. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അനുപമ പറഞ്ഞു.
ഈ മാസം 12 മുതൽ 14 വരെയാണ് വിലക്ക് നിൽക്കുക. ഇത്തരം ആനകളെ ഒഴിവാക്കിയാണ് ദേവസ്വങ്ങളുടെ പട്ടിക തയാറാക്കിയതെന്നും കലക്റ്റർ പറഞ്ഞു. വിഷയത്തിൽ കോടതി ഉത്തരവെന്താണോ അത് നടപ്പിലാക്കുമെന്നും കലക്റ്റർ പറഞ്ഞു. ചില ആനകളെ എഴുന്നള്ളിക്കുന്നതിന് മുൻപേ നിരോധിച്ചിരിന്നതാണ്. നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കലക്റ്റർ അനുപമ വ്യക്തമാക്കി. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല.
എല്ലാ വർഷവും പൂരത്തിനോടനുബന്ധിച്ച് നൽകാറുള്ള പൊതു നിർദേശമാണ്. ഇത് നോക്കിയിട്ട് തന്നെയാണ് സംഘാടകർ ആനയെ കൊണ്ടുവരുന്നതും മൃഗഡോക്ടർമാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകുന്നതും. തൃശൂർ പൂരമാകുമ്പോൾ ഇതൊരു ഉത്തരവായിറക്കി നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കലക്റ്റർ പറഞ്ഞു.
തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് കലക്റ്റർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാമ്പിൾ വെടിക്കെട്ട് 11 ന് നടക്കും. പാറമേക്കാവിന് വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെയും പാറമേക്കാവിന്റേത് ഏഴുമുതൽ ഏട്ടരവരെയും നടക്കും. പ്രധാന വെടിക്കെട്ട് 14 ന് പുലർച്ചെ നടക്കും. ഇതിൽ പാറമേക്കാവിന്റേത് മൂന്ന് മുതൽ ആറുവരെയും തിരുവമ്പാടിയുടേത് മൂന്ന് മുതൽ അഞ്ചുവരെയും നടക്കും. പകൽ പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും.
പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതൽ രണ്ടുവരെയും തിരുവമ്പാടിയുടേത് 12.30 മുതൽ ഒന്നര വരെയും നടക്കും. വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയോഗിക്കും. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ 13 ന് രാവിലെ ആറുമുതൽ14 ഉച്ചയ്ക്ക് രണ്ടുവരെ ലഹരി നിരോധനമുണ്ട്.
ഡ്രോണുകൾ ഹെലി ക്യാം, ലേസർ ലൈറ്റുകൾ എന്നിവ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ നിരോധിച്ചിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകൾക്കും നിരോധനമുണ്ട്. ചടങ്ങുകളുടെ സമയത്ത് ഉറക്കെ ശബ്ദമുണ്ടാക്കുന്ന വിസിലുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്കും നിയന്ത്രണം ഉണ്ടാകും പൂരത്തിനെത്തുന്നവർ തോൾബാഗ് ഒഴിവാക്കണം.
ആംബുലൻസ് സൗകര്യം കൂടുതൽ സ്ഥലങ്ങളിൽ ഏർപ്പെടുത്തും. ദൂരസ്ഥലങ്ങളിൽ നിൽക്കുന്നവർക്ക് പൂരം വീക്ഷിക്കാൻ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും. എല്ലാ വകുപ്പുകളുടെയും നോഡൽ ഓഫീസുകൾ സജ്ജീകരിക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടർച്ചയായി ഉണ്ടാകും.