സിബിഎസ്ഇ, പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4% വിദ്യാർഥികൾ ഇത്തവണ വിജയിച്ചു. കെവി സ്കൂളുകൾക്ക് 98.54%. ജവഹർ നവോദയ സ്കൂളുകൾക്ക് 96.62%.
ഹൻസിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കുമാണ് ഒന്നാം റാങ്ക്. 499 മാർക്ക്. ഹൻസിക ശുക്ല ഗാസിയബാദ് ഡൽഹി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ മുസഫർനഗറിലെയും വിദ്യാർഥിനികളാണ്. റീജനിൽ തലത്തിൽ ഒന്നാമത് തിരുവനന്തപുരം– 98.2% ,ചെന്നൈ–92.93%.
പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ രാജ്യത്ത് രണ്ടാം റാങ്ക് തൃപ്പുണിത്തറ ചോയ്സ് സ്കൂളിലെ നിമ്മി വേദിന് – 485 മാർക്ക്. 18 വിദ്യാർഥികൾക്ക് 497 മാർക്ക്. അതിൽ 11 പെൺകുട്ടികൾ.
മൂന്നു പേർ രണ്ടാം റാങ്ക് പങ്കുവച്ചു- 498 മാർക്ക്. ഗൗരങ്കി ചൗള(റിഷികേഷ്), ഐശ്വര്യ(റായ് ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവർക്കാണ് രണ്ടാം റാങ്ക്. സിബിഎസ്ഇ പരീക്ഷയിൽ ഇതു തുടർച്ചയായി അഞ്ചാം വട്ടമാണ് പെൺകുട്ടികൾ ഒന്നാമതെത്തുന്നത്. 17693 പേർക്ക് 95 ശതമാനത്തിലധികവും 94299 പേർക്ക് 90 ശതമാനത്തിലധികവും മാർക്ക് ലഭിച്ചു.
28 ദിവസം കൊണ്ടാണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 2018നെ അപേക്ഷിച്ചു വിജയശതമാനത്തിലെ വർധന –.39 ശതമാനം. 2018ൽ 83.01 %. ഇക്കുറി–83.40%.
കേന്ദ്രീയ വിദ്യാലയങ്ങളും ജവഹർ നവോദയയും പതിവുപോലെ മികച്ച ജയം നേടിയപ്പോൾ സർക്കാർ സ്കൂളുകളും മികവ് പുലർത്തി. 87.17%. എയിഡഡ് സ്കൂളുകൾക്ക്–88.49% സ്വകാര്യ സ്കൂളുകൾക്ക്–82.59%. വിദേശ സെന്ററുകളിലും ഇക്കുറി മികച്ച വിജയം– 95.43%.
ഔദ്യോഗിക വെബ്സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷാഫലങ്ങൾ വേഗത്തിൽ പ്രഖ്യാപിക്കാൻ പിന്നീടു തീരുമാനിക്കുകയായിരുന്നു. 13 ലക്ഷം വിദ്യാര്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്.
പരീക്ഷാ ഫലം cbse.nic.in എന്ന സൈറ്റിൽ ലഭിക്കും. cbseresults.nic.in , results.nic.in എന്നീ ഔദ്യോഗിക സൈറ്റുകളിലും മൈ സിബിഎസ്ഇ ആപ്ലിക്കേഷനിലും ഫലം ലഭിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിയത്. 10, 12 ക്ലാസ് പരീക്ഷകൾക്കായി 31,14,821 വിദ്യാർഥികളാണു രജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷ എഴുതിയവരിൽ 28 ട്രാൻസ്ജെൻഡർ വിദ്യാർഥികളും ഉൾപ്പെടും.