ലോക്സഭ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്.
സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്, എസ്പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഘേലോട്ടിന്റെ മകന് വൈഭവ് ഘേലോട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ജോദ്പൂര്‍, സിപിഐയുടെ കനയ്യകുമാര്‍ മത്സരിക്കുന്ന ബഗുസരായ് മണ്ഡലങ്ങള്‍ രാജ്യം ഉറ്റു നോക്കുന്നതാണ്. ബിജെപിയുടെ ഗിരിരാജ് സിങിനെതിരായണ് കനയ്യ മത്സരിക്കുന്നത്.
നടിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഊർമിള മതോണ്ഡ്കർ, നടി രേഖ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, കനയ്യകുമാർ, ബിജെപി സിറ്റിങ് എംപി പരേഷ് റാവൽ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ബിജെപി എംപി പൂനം മഹാജൻ, അനിൽ അംബാനി തുടങ്ങി നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബീഹാറിലെ മണ്ഡലങ്ങളിലും കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ്. ഒഡീഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും ഇന്നാണ് തെരഞ്ഞെടുപ്പ്.