ഫോനി ചുഴലിക്കാറ്റ്: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഞായർ മുതൽ മൂന്നു ദിവസത്തേക്ക് മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലും യെല്ലോ അലെർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണമെന്നും അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിടത്ത് പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങൾ
1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
2. മലയോര മേഖലയിലെ റോഡുകളൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത് .
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5. ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. കാറ്റിന്റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
10. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ): ടോർച്ച്, റേഡിയോ, 1 ലിറ്റർ വെള്ളം, ORS ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം
9. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.
10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.
11. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz, Alappuzha ആലപ്പുഴ MW (AM Channel): 576 kHz, Thrissur തൃശൂര്‍ MW (AM Channel): 630 kHz, Calicut കോഴിക്കോട് MW (AM Channel): 684 kHz
12. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തു നിന്നാണ് വിളിക്കുന്നതെങ്കിൽ അതാതു ജില്ലകളുടെ STD code ചേർക്കുക
13. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
14. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
15. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നൽ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി തുടരേണ്ടതാണ്.