എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും. ഈ മാസം 29 ന് അവസാനിക്കുന്ന മൂല്യ നിര്‍ണ്ണയം മെയ് നാലിനോ അഞ്ചിനോ അറിയാമെന്നാണ് സൂചന.
പ്ലസ്ടു പരീക്ഷാഫലം മെയ് രണ്ടാം വാരമായിരിക്കും പ്രസിദ്ധീകരിക്കുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണയം മൂന്ന് ഘട്ടങ്ങളിലാണ്. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെ ആയിരുന്നു, രണ്ടാം ഘട്ടം നടന്നത് 16 നും 17 നുമായിരുന്നു, മൂന്നാം ഘട്ടം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 നാണ് പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏപ്രില്‍ ഒന്നിന് തുടങ്ങിയ പ്ലസ്ടു മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 12 വരെയായിരുന്നു. രണ്ടാം ഘട്ടം 16,17 തീയതികളില്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യം നടന്നില്ല 10 ശതമാനത്തോളം പേപ്പറിന്റെ മൂല്യനിര്‍ണ്ണയം ബാക്കിയായി. ഇന്നലെയാണ് മൂന്നാംഘട്ടം പൂര്‍ത്തിയായത്. സംസ്ഥാനത്ത് 110 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്.
4,35,142 പേരാണ് റഗുലര്‍ വിഭാഗത്തില്‍ എസ്.എസ് എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് പ്ലസ് ടൂ പരീക്ഷയെഴുതിയത്. 2,33,040 ആണ്‍കുട്ടികളും 2,26,577 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.