കാലാവസ്ഥയും കുറ്റകൃത്യങ്ങളും തമ്മിൽ ബന്ധമുണ്ടോ? ഞെട്ടിക്കുന്ന പഠനം
മുമ്പൊരിക്കലും ഇല്ലാത്ത വിധം ക്രൂരമായ കൊലപാതകങ്ങളും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയം പോലും തീക്കളിയായിരിക്കുന്ന ഇക്കാലത്ത് കുറ്റകൃത്യങ്ങൾ എന്തുകൊണ്ടാണ് ഇത്രയധികം കൂടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് ഇത്തരം അക്രമ കുറ്റകൃത്യങ്ങളൊക്കെയും നടക്കുന്നത് ഒരു പ്രത്യേക സമയത്ത് അല്ലെങ്കിൽ കാലത്താണ് നടക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലായിരിക്കുമല്ലേ...എന്നാൽ വേനൽക്കാലമിപ്പോൾ വെറും അവധിക്കാലം മാത്രമാണെന്ന് പറയാൻ കഴിയില്ല.
കാരണം ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന കാലം കൂടിയാണ് വേനൽക്കാലം. അതുപോലെ തന്നെ സമീപകാല ഗവേഷണങ്ങൾ പറയുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുന്നതിൽ പരിസ്ഥിതി ഘടകങ്ങൾക്കും പങ്കുണ്ടെന്നാണ്. തണുപ്പിൽ നിന്ന് ചൂടിലേക്കുള്ള പെട്ടെന്നുള്ള മാറ്റവും വേനൽക്കാലത്ത് താപനില കൂടുന്നതും തുടങ്ങി പലതും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകാം. പല കേസുകളിലും നിയമപരിപാലക ഓഫിസർമാർ അന്തരീക്ഷ ഘടകങ്ങൾക്ക് കുറ്റകൃത്യ നിരക്ക് വർധനവിൽ പങ്കുണ്ടെന്ന് സമ്മതിക്കാറുണ്ട്.
എന്നാൽ തെളിവുകൾ കാലാവസ്ഥയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം കാണിക്കുന്നുണ്ടോ?വാസ്തവത്തിൽ കാലാവസ്ഥ വ്യതിയാനവും കുറ്റകൃത്യ നിരക്ക് വർധിക്കുന്നതിനെക്കുറിച്ചും ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ പഠനങ്ങളിലൂടെ തെളിഞ്ഞ കാര്യം ചില കേസുകളിലെങ്കിലും താപനിലയിലുള്ള ഏറ്റക്കുറിച്ചിലുകൾ കുറ്റകൃതൃങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്.
ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൂട് കാലത്താണ്. ഫിൻലാൻഡിൽ നടന്ന പഠനത്തിൽ പറയുന്നത് രണ്ട് പതിറ്റാണ്ടുകളായി താപനിലയും കുറ്റകൃത്യ നിരക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. 1996 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ 10 ശതമാനമാണ് കുറ്റകൃത്യ നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. താപനില ഓരോ സെന്റീഗ്രെയ്ഡ് കൂടുമ്പോഴും1.7 ശതമാനം കുറ്റകൃത്യങ്ങളാണ് വർധിച്ചു കൊണ്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് അമെരിക്കയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിൽ നടത്തിയ ഗവേഷണത്തിൽ പറയുന്നത് താപനില കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ സെറോടോണിന്റെ അളവ് വർധിക്കുകയും ഇത് കുറ്റകൃത്യങ്ങൾ കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ്. വെടിവയ്പുകളുടെ എണ്ണം മാത്രം നോക്കിയാൽ മതി താപനില ഉയരുന്നതുകൊണ്ടുള്ള കുറ്റകൃത്യങ്ങളെ മനസിലാക്കാൻ. പത്ത് നഗരങ്ങളിൽ ഒൻപതിടങ്ങളിലെങ്കിലും വെടിവയ്പ്പ് പതിവാണ്.
കാലാവസ്ഥ വ്യതിയാനം കുറ്റകൃത്യ നിരക്ക് വർധിക്കുവാൻ കാരണമാകുന്നുണ്ടെന്ന് അമെരിക്കൻ നഗരമായ ചിക്കാഗോയിൽ നടന്ന പഠനം തെളിയിക്കുന്നത്. ചില കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് മോഷണം, വെടിവെയ്പ് തുടങ്ങിയവയൊക്കെ അധികവും ഉണ്ടാകുന്നത് ചൂട് കൂടുതലുള്ള സമയത്താണ്. തെക്കൻ ആഫ്രിക്കൻ നഗരമായ ഷ്വാനെയിൽ നടത്തിയ പഠനത്തിൽ ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ അക്രമവും ലൈംഗിക കുറ്റകൃത്യങ്ങളും കൂടുതൽ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്.
തണുപ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ് ചൂടുള്ള ദിവസങ്ങളിൽ ഉണ്ടായ കുറ്റകൃത്യങ്ങൾ. മഴക്കാലത്ത് കുറ്റകൃത്യ നിരക്കും, ലൈംഗികാതിക്രമങ്ങളും മറ്റ് ആക്രമണങ്ങളെ അപേക്ഷിച്ച് പൊതുവേ കുറവാണ്. സമാനരീതി തന്നെയാണ് തണുപ്പു കാലത്തും കുറ്റകൃത്യ നിരക്ക് വളരെ കുറവാണ്. ചൂട് കാലാവസ്ഥ കുറ്റകൃത്യ നിരക്ക് വർധിക്കുന്നതിൽ ഒരു പ്രധാനഘടകമാണ്. പ്രത്യേകിച്ച് അക്രമണ കുറ്റകൃത്യങ്ങൾക്ക്. ചൂട് കൂടുമ്പോൾ കുറ്റകൃത്യം ചെയ്യുവാനുള്ള പ്രേരണയും മനുഷ്യരിൽ കൂടുതലാണ്. വിർജീനിയ വെസ്ലിയൻ യൂണിവേഴ്സിറ്റിയാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്.