പ്രചരണത്തിന് കൊട്ടികലാശം, കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്
കൊച്ചി:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ പ്രചരണത്തിന് കൊട്ടികലാശം. ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം ആവേശത്തിലാണ് പ്രചരണത്തിന്റെ കലാശകൊട്ട് നടന്നത്.
സംഘർഷസാധ്യത കണക്കിലെടുത്ത് ചില നഗരങ്ങളിലെ കലാശകൊട്ട് പൊലീസ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി ഒഴിവാക്കി. കലാശകൊട്ടിൽ പലയിടങ്ങളിലും ആവേശം അതിരുകടന്നതോടെ മുന്നണി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു.
കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തൊടുപുഴയിൽ എൽഡിഎഫ് _ യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായി. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയിൽ സിപിഎം -എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി.
ആലപ്പുഴ സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും ഉണ്ടായി. തിരുവല്ലയിൽ ബിജെപി സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പൊലീസുകാരന് പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയിൽ സിപിഎം ബിജെപി സംഘർഷത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് ഉന്തിനും തള്ളിനും ഇടയിൽ പൊലീസുകാരന് പരിക്കേറ്റു.
പ്രചരണത്തിന്റെ അവസാന മണിക്കൂറുകൾ എല്ലാതരത്തിലും ആവേശത്തിലാക്കുകയായിരുന്നു മൂന്നു മുന്നണികളും. വലിയ ആവേശത്തിലാണ് എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരും സ്ഥാനാർഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് കലാശകൊട്ടിനും ആവേശമുണ്ടായത്.
സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷത്തിൽപരം(2,61,51,534) പേരാണ് ചൊവ്വാഴ്ച വോട്ടവകാശം വിനിയോഗിക്കുന്നത്. വോട്ടർമാരിൽ ഒരു കോടി 26 ലക്ഷം പേർ(1,26,84,839) പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ(1,34,66,521) സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടർമാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരും കൂടുതൽ പോളിങ് സ്റ്റേഷനുകളുമുള്ളത്.
24, 970 പോളിങ് ബൂത്തുകളിൽ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിക്കും.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം കോഴിക്കോട് ജില്ലാ കലക്റ്റര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.