പ്രണയമാണ് എനിക്ക് അഭിനയത്തോട്
ചേച്ചിമാരെ കണ്ട് അഭിനയം പഠിച്ച സുന്ദരിക്കുട്ടി മലയാളം - തമിഴ് സിനിമ രംഗത്ത് സജീവമാവുന്നു. പറഞ്ഞു വരുന്നത് ഗൗരിയെ കുറിച്ചാണ്. ചേരന്റെ മെഗാഹിറ്റ് തമിഴ് ചിത്രമായ ഓട്ടൊഗ്രാഫിലൂടെ തമിഴിലും മലയാളത്തിലും തരംഗമായി മാറിയ മല്ലികയുടെ അനുജത്തി. നമ്പർ 66 മധുരബസ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലും ഗംഭീര കഥാപാത്രങ്ങളെ മല്ലിക അവതരിപ്പിച്ചിരുന്നു.
ഗൗരിയുടെ മൂത്ത ചേച്ചി റോഷ്ണിയും അറിയപ്പെടുന്ന സിനിമാ താരം ആയിരുന്നു. ജോക്കറും മീശമാധവനും ഒക്കെ റോഷ്ണിയുടെ പ്രധാന സിനിമകൾ ആയിരുന്നു.പുതിയ മലയാള - തമിഴ് ചിത്രങ്ങളിൽ നായിക ആവാൻ ഒരുങ്ങുന്ന ഗൗരിയുടെ വിശേഷങ്ങൾ
ക്യാമറയ്ക്ക് മുമ്പിലേക്ക്
ചേച്ചിമാരായ റോഷ്ണിയും മല്ലികയും സിനിമ താരങ്ങൾ ആയിരുന്നു. അവർ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ അച്ഛനമ്മമാർക്ക് ഒപ്പം ഞാനും ചിലപ്പോൾ പോവുമായിരുന്നു. അങ്ങനെ ഇൻഡസ്ട്രിക് ഞാൻ പരിചിതയായി. നേരത്തെ തന്നെ സിനിമകളിൽ നിന്നും പരസ്യചിത്രങ്ങളിൽ നിന്നും വിളി ഉണ്ടായിരുന്നു. പക്ഷേ, പഠിത്തം കഴിഞ്ഞിട്ടുമതി എന്നു കരുതി മാറി നിൽക്കുകയായിരുന്നു ഞാൻ.
ആദ്യ സിനിമ
സൂം ആണ് ആദ്യ സിനിമ. ഹരിപ്പാട് ഹരിലാൽ എന്ന തിരക്കഥാകൃത്ത് ആയിരുന്നു ആ സിനിമയിലേക്ക് എന്നെ വിളിച്ചത്. അനീഷ് വർമ്മ ആയിരുന്നു സംവിധാനം.
ഒരു ചെറിയ വേഷം ചെയ്യാനായിട്ടാണ് ഞാൻ ചെന്നത്. പക്ഷേ, എന്നെ നേരിട്ട് കണ്ടപ്പോൾ അവർ നായികയാക്കി.
മമ്മൂട്ടി ചിത്രത്തിൽ
"മമ്മൂക്ക നായകനായ മാസ്റ്റർ പീസ് ആയിരുന്നു എന്റെ അടുത്ത സിനിമ. അതിൽ വലിയ വേഷം ഒന്നും അല്ലായിരുന്നു. എന്നാൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യം ഉള്ള വേഷം.
തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് ആ സിനിമയിൽ എനിക്ക് അവസരം തന്നത്.അദ്ദേഹത്തിന്റെ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ എന്റെ സിസ്റ്റർ അഭിനയിച്ചിരുന്നു. ഞാനും ആ സെറ്റിൽ പോയിരുന്നു. അവിടെ വച്ചാണ് ഉദയേട്ടൻ എന്നെ കാണുന്നത്. സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു.
ഉണ്ട് എന്നു ഞാൻ മറുപടിയും പറഞ്ഞു. മാസ്റ്റർ പീസ് സിനിമയുടെ സമയത്ത് അദ്ദേഹം എന്നെ വിളിച്ചു. വലിയ വേഷം ഒന്നുമല്ല. നാലഞ്ച് ദിവസത്തെ വർക്ക് ഉണ്ടാവും. പക്ഷേ, ശ്രദ്ധിക്കപ്പെടും എന്നു പറഞ്ഞു. ഒരു വലിയ മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമാവുക എന്നതു തന്നെ വലിയ ഭാഗ്യമല്ലേ.ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.അങ്ങനെയാണ് ഞാൻ ആ സിനിമയിൽ എത്തിയത്.
കോഴിക്കോട് ആയിരുന്നു ഷൂട്ടിങ്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ഞാൻ ദിവസവും ഡ്രൈവ് ചെയ്ത് പോവുക ആയിരുന്നു.
കോളെജ് ലൈഫ്
ഞാൻ ബി എസ്സി ആയിരുന്നു. ആനിമേഷൻ. തൃശ്ശൂരാണ് പഠിച്ചത്. ക്ലാസ്സിൽ ഞാൻ മാത്രമായിരുന്നു ഒരേയൊരു പെൺകുട്ടി. ഏതാണ്ട് ചോക്കലേറ്റ് സിനിമയിലെ പൃഥ്വിരാജിന്റെ പെൺപതിപ്പ് എന്നു പറയാം. ഡിഗ്രിക്ക് ശേഷം നൃത്തത്തിന് കൂടുതൽ ശ്രദ്ധ കൊടുത്തു. ശാസ്ത്രീയമായി നൃത്തം ഇപ്പോഴും അഭ്യസിക്കുന്നുണ്ട്.
പ്രണയം
കടുത്ത പ്രണയം ഉണ്ട്. അത് അഭിനയത്തോടാണ് എന്നു മാത്രം. അല്ലാതെ ഇപ്പോൾ വേറെ ആരോടും ഒന്നിനോടും പ്രണയമില്ല. എനിക്ക് ഒരു ലക്ഷ്യം മനസ്സിലുണ്ട്. ഞാൻ നായികയായി നിറഞ്ഞു നിൽക്കുന്ന ഒരു നല്ല സിനിമ. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഞാൻ.
ഹോബി
നൃത്തം ജീവനാണ്. സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും ഒരുപാട് ഇഷ്ടമാണ്.അത്ര തന്നെ ഇഷ്ടമാണ് യാത്രകൾ.പ്രത്യേകിച്ച് തനിയെ ഡ്രൈവ് ചെയ്തു പോവുന്ന യാത്രകൾ. ഡ്രൈവിങ് എനിക്ക് ഹരമാണ്.തനിയെ കാറോടിച്ച് പാട്ടൊക്കെ കേട്ട് യാത്രകൾ പോവണം.അങ്ങനെ, ഒരു പാട് യാത്രകൾ ചെയ്തിട്ടില്ലെങ്കിലും...പോയ യാത്രകൾ ഒക്കെ ഞാൻ ഒരു പാട് ആസ്വദിച്ചിട്ടുണ്ട്.
കുടുംബം
അച്ഛന്റെ പേര് വേണു.അമ്മ ഓമന. അച്ഛൻ പതിമൂന്ന് വർഷം മുമ്പ് മരിച്ചു. ചേച്ചിമാർ രണ്ടു പേരും വിവാഹിതരാണ്. വീട്ടിൽ ഞാനും അമ്മയും.
സ്വപ്ന കഥാപാത്രം
ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിക്കണം. കരയുന്ന പെണ്ണ് അല്ല. നല്ല കരുത്തും കാമ്പുമുള്ള കഥാപാത്രം. അനീതി കണ്ടാൽ പ്രതികരിക്കുന്ന ഒരു നായിക.
പുതിയ വിശേഷങ്ങൾ
മലയാളത്തിലും തമിഴിലുമായി ഒരു ഹൊറർ മൂവി. അതിന്റെ വർക്കുകൾ നടക്കുന്നു.