ഡി. ബാബു പോൾ അന്തരിച്ചു
തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടോളമായി മലയാളക്കരയിലെ ഭരണ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. ഡി. ബാബു പോൾ വിടവാങ്ങി. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. സംസ്കാരം പിന്നീട്. നിലവിൽ കിഫ്ബി ഭരണസമിതി അംഗം, നവകേരള നിർമാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
1998-2000 കാലയളവിൽ സംസ്ഥാനത്തെ അഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) പ്രവർത്തിക്കവെയാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്ററും, സ്പെഷ്യല്‍ കലക്റ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു.
ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവും കൊണ്ട് മറികടന്ന ഐ.എ.എസ്സുകാരനായിരുന്നു അദ്ദേഹം. എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തന്‍. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകൾ), കഥ ഇതുവരെ, രേഖായനം: നിയമസഭാ ഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി ജനനം.കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളെജ്, തിരുവനന്തപുരം എൻജിനീയറിങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. ബി.എസ്സി. എൻജിനീയറിങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964ൽ ഐ.എ.എസിൽ പ്രവേശിച്ചു.
ഭാര്യ: പരേതയായ അന്ന. മക്കൾ: മറിയം ജോസഫ്, ചെറിയാൻ സി. പോൾ. മരുമക്കൾ: സതീഷ് ജോസഫ്, ദീപ.