ചരിത്രമാകുന്നത് രാഷ്ട്രീയത്തിലെ അതികായൻ
കർമമേഖലയിലെ പടുത്വം കൊണ്ടും പ്രാവീണ്യം കൊണ്ടും ചരിത്രത്തിൽ ഇടംപിടിക്കുന്ന അപൂർവം ചിലരുണ്ട്. അറുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള ഐക്യ കേരളം എന്ന മാതൃഭൂമിയുടെ ഭരണസാരഥ്യത്തിൽ 51 വർഷവും മൂന്നു മാസവും ഒൻപതു ദിവസവും പൂർത്തിയാക്കി ഇന്നലെ വിടപറഞ്ഞ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം. മാണി അത്തരക്കാരിൽ അത്യപൂർവമാണ്. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തോളം അനുഭവജ്ഞാനവും പരിചയ സമ്പത്തും ഭരണ പാടവവുമുള്ള നേതാക്കൾ കുറയുമെന്നല്ല, ഇല്ലെന്നു തന്നെ പറയണം.
ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം മന്ത്രി, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം, ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ, ഏറ്റവും കൂടുതൽ കൈകാര്യം ചെയ്ത വകുപ്പുകൾ തുടങ്ങി അദ്ദേഹത്തിന്റെ പേരിൽ കേരള രാഷ്ട്രീയ ചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ വേറൊരാൾക്കുമില്ല. ഒരു നിയോജക മണ്ഡലത്തെ മാത്രം ആയുഷ്കാലം പ്രതിനിധീകരിച്ചു എന്നു മാണിക്ക് അവകാശപ്പെടാം. എന്നാൽ തങ്ങളുടെ സ്വന്തം മാണിസാർ ജീവിച്ചിരുന്ന കാലത്തോളം, അദ്ദേഹത്തെയല്ലാതെ വേറൊരാളെയും തങ്ങൾ നിയമസഭയിലേക്ക് അയച്ചില്ലെന്ന പാലാക്കാരുടെ അവകാശവാദത്തിനാണു കൂടുതൽ ബലം. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു മാണിയും പാലായും തമ്മിലുണ്ടായിരുന്നത്. ഇരുകൂട്ടരുടെയും ഈ വിടവാങ്ങൽ രണ്ടു കൂട്ടർക്കും താങ്ങാൻ കഴിയുന്നതല്ല താനും.
ഒരു സാധാരണ രാഷ്ട്രീയ നേതാവോ, ജനപ്രതിനിധിയോ, മന്ത്രിയോ ആയിരുന്നില്ല കെ.എം. മാണി. രാഷ്ട്രീയ മിത്രങ്ങളെപ്പോലെ, ശത്രുക്കൾക്കും പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ഔന്നത്യം കീഴടക്കുമ്പോഴും അദ്ദേഹം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. റവന്യു മന്ത്രിയായിരിക്കെ, മലയോര മേഖലയെ ഇളക്കിമറിച്ച് പട്ടയ മേളയിലൂടെ അദ്ദേഹം കൈയടി നേടി. ഏറ്റവും കൂടുതൽ മലയോര കുടിയേറ്റക്കാർക്ക് പട്ടയം നൽകിയ റവന്യൂ മന്ത്രിയാണ് മാണി.
പതിമൂന്നു തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് അദ്ദേഹം. ഈ ബജറ്റുകളില്ലാം അദ്ദേഹം ഊന്നൽ നൽകിയത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൊണ്ടുവരാനായിരുന്നു. കർഷകത്തൊഴിലാളികൾക്കൊപ്പം കർഷകർക്കും പെൻഷൻ അനുവദിച്ചു. ചെറുകിട കച്ചവടക്കാർ മുതൽ മത്സ്യത്തൊഴിലാളികൾ വരെ ക്ഷേമനിധിയുടെ പരിധിയിൽ വന്നു. 21 വർഷക്കാലം നിയമമന്ത്രിയായിരുന്ന മാണി, തൊഴിൽപരമായി അഭിഭാഷകനായിരുന്നു. കേസും ഫീസുമില്ലാതെ കോടതികളിൽ വന്നുപോകുന്ന ആയിരക്കണക്കിന് അഭിഭാഷകർക്ക് വാർധക്യകാലത്ത് മാന്യമായ പെൻഷൻ ലഭ്യമാക്കുന്ന അഭിഭാഷക ക്ഷേമനിധി മാണിയുടെ മറ്റൊരു സംഭവാന. നിയമ മന്ത്രിയായിരിക്കെ, ജയിൽ പരിഷ്കരണത്തിലടക്കം നിരവധി മനുഷ്യത്വപരമായ നടപടികളും സ്വീകരിച്ചു.
ഒട്ടേറെ ഭരണ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും കെ.എം. മാണിയെന്ന മനുഷ്യ സ്നേഹി, പൊതു സമൂഹത്തിൽ ഇന്നും, ഇനിയെന്നും ഓർമിക്കപ്പെടുന്നത് കാരുണ്യ ബനവലന്റ് പദ്ധതി എന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാകും. പതിനായിരക്കണക്കിനു പാവപ്പെട്ട രോഗികൾക്ക് ഇതു നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല.
കാരുണ്യ പദ്ധതി മാത്രമല്ല, കേരള സംസ്ഥാന ലോട്ടറി എന്ന കാമധേനുവിനെ കേരളത്തിന്റെ വികസന പന്ഥാവിന്റെ മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞതും നേട്ടമായി. മദ്യവില്പന കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നികുതി വരുമാന സ്രോതസാണ് ഇപ്പോൾ ഭാഗ്യക്കുറി. പതിനായിരക്കണക്കിനു രൂപ കേരളത്തിൽ നിന്നു കൊള്ളയടിച്ചിരുന്ന ഇതര സംസ്ഥാന ലോട്ടറികൾ കേരളത്തിൽ നിരോധിക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കഷ്ടിച്ച് ഒരു വർഷക്കാലം മാത്രം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ കാലത്താണു വെളിച്ച വിപ്ലവം എന്ന പേരിൽ സാർവത്രിക വൈദ്യുതീകരണത്തിനു തുടക്കം കുറിച്ചത്.
കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് അനുഗുണമായ സാമ്പത്തികശാസ്ത്രമായിരുന്നു മാണിയുടെ ഓരോ ബജറ്റിലെയും കാതലായ അംശം. കാർഷിക മേഖലയിലുണ്ടാകുന്ന അസ്വസ്ഥതകൾക്കെല്ലാം കാലികമായ പരിഹാരങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ റബർ വില കൂപ്പുകുത്തിയപ്പോൾ, കേരളത്തിലെ കർഷകരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്. ഒരു കിലോ റബറിനു വില നൂറു രൂപയിൽ താഴെയെത്തിയപ്പോൾ പലരും സ്വന്തം പറമ്പിലെ റബർ വെട്ടി തീയിട്ടു. ദുരിതത്തിലായ കർഷകർക്ക് ആശ്വാസമായി അടുത്ത ബജറ്റിൽ റബറിനു വില സ്ഥിരത നിലനിർത്താൻ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി അഞ്ഞൂറു കോടി രൂപ വകയിരുത്തി, റബർ വില കിലോഗ്രാമിനു 150 രൂപ ഉറപ്പ് വരുത്തി. വിപണി വില 150 രൂപയിൽ താഴെയെങ്കിൽ ബാക്കി തുക ഓരോ കർഷകന്റെയും പേരിൽ നേരിട്ടു ബാങ്കിലെത്തിച്ച് മാണി അത്ഭുതം സൃഷ്ടിച്ചു. ഒരു പക്ഷേ, സർക്കാർ ആനുകൂല്യം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലെത്തിച്ച രാജ്യത്തെ ആദ്യത്തെ പദ്ധതിയാകും റബർ കർഷകരിലൂടെ മാണി നടപ്പാക്കിയത്.
12 മന്ത്രിസഭകളിലായി 24 വർഷം മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കൈയൊപ്പ് പതിയാത്ത മേഖലകളില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനങ്ങളെ മറക്കുന്ന പല ജനപ്രതിനിധികൾക്കും കെ. എം. മാണി അത്ഭുതം തന്നെയാണ്. ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമാണ് പാലായും കെ.എം. മാണിയും. മരണം വരെ ഈ വിശ്വാസ്യത കാത്തു സൂക്ഷിച്ചാണു മാണി വിട പറയുന്നത്.