തൊടുപുഴ നഗരസഭയ്ക്കെതിരേ പോരാട്ടം നടത്തിയ വൃദ്ധൻ ; നീതികിട്ടാതെ വിടപറഞ്ഞു ..
തൊടുപുഴ :നിർമ്മിച്ച കെട്ടിടത്തിന് ലൈസൻസ് നല്കാൻ തടസ്സവാദങ്ങൾ ഉന്നയിച്ച തൊടുപുഴ നഗരസഭ ഓഫീസിലെ ചില ജീവനക്കാർക്കെതിരെ പോരാട്ടം നടത്തി വന്ന എം ജെ സ്കറിയ (78 ) വിടപറഞ്ഞു .തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം .
നേരായ വഴിയിലൂടെ മാത്രം ജീവിക്കനുള്ള തീരുമാനമാണ് സ്കറിയ എന്ന വൃദ്ധനെ ചങ്ങലപ്പൂട്ടില്‍ ബന്ധനസ്ഥനാക്കിയത്. ഏതുകാര്യത്തിനും കൈക്കൂലി എന്ന ഉദ്യോസ്ഥ പിടിവാശിയുടെ മുന്നില്‍ തോറ്റുകൊടുക്കില്ല എന്ന വാശിയാണ് സ്കറിയായുടെ ഇന്നത്തെ അവസ്ഥ്ക്കു കാരണം എിന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യസംവിധാനം എങ്ങനെയാണ് അതിന്റെ പൗരനോട് പെരുമാറുന്നതെന്നു കൂടി മനസിലാകുന്നത്.
തൊടുപുഴ മാപ്ലാശേരി സ്കറിയ ഒരു ചെറിയ ചായക്കട നടത്തിയാണ് തന്റ ജീവിതം തുടങ്ങിയത്. കുടുംബത്തെയും കുട്ടികളെയും വളര്‍ത്തിയതും സംരക്ഷിച്ചതുമെല്ലാം നന്നേ കഷ്ടപ്പെട്ട്. അത്യദ്ധ്വാനം ചെയ്തു വളര്‍ന്നുവന്ന സ്കറിയ, സ്വന്തം ഭൂമിയില്‍ വായ്പ്പെയടുത്ത് നിര്‍മിച്ച ഒരു കെട്ടിടത്തിന്റെ പേരിലാണ് നഗരസഭ ഉദ്യോഗസ്ഥര്‍ ഈ വൃദ്ധനെ ഇല്ലാത്ത കുറ്റങ്ങള്‍ ഉയര്‍ത്തി ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ അന്യായമായ ആവശ്യം അംഗീകരിക്കാന്‍ സ്കറിയയും തയ്യാറാകുന്നില്ല.
തൊടുപുഴ നഗരസഭയില്‍പ്പെട്ട മണക്കാട് വില്ലേജില്‍ സര്‍വെ നമ്പര്‍ 825/3, 825/1-2 ല്‍ പെട്ട സ്വന്തം ഭൂമിയില്‍ കാര്‍ഷിക ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത 60 ലക്ഷം രൂപകൊണ്ടാണ് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം സ്കറിയ നിര്‍മിച്ചത്. ഈ കെട്ടിടത്തിന് താലൂക്ക് സര്‍വേയര്‍ നല്കിയ സ്കെച് പ്രകാരം ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പരും സ്കറിയയ്ക്ക് 2015 ജൂണ്‍ രണ്ടാം തീയതി നഗരസഭയില്‍ നിന്നും അനുവദിക്കുകയും ഉണ്ടായി. അതിനുശേഷമാണ് തിരിമറികള്‍ തുടങ്ങിയത്.
“നഗരസഭയില്‍ കരം ഒടുക്കാനും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനും ചെന്നപ്പോള്‍ ഫയല്‍ സെക്രട്ടറിയുടെ കൈവശമാണെന്നും അദ്ദേഹത്തെ കാണാനും അറിയിപ്പു കിട്ടി. സെക്രട്ടറി മന:പൂര്‍വം ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണെന്നു മനസിലായി. കൈക്കൂലിയാണ് അവര്‍ക്ക് ആവശ്യം. ഇതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇവിടെ മന്ത്രിയുടെ വീടു പണിതാലും സാധാരണക്കാരന്റെ വീടു പണിതാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് കിട്ടേണ്ട പടി എങ്ങനെയെങ്കിലും വാങ്ങിച്ചെടുത്തിരിക്കും. അതിനവര്‍ക്ക് ഓരോ വഴിയുണ്ട്. ആര്‍ക്കിടെക്ചര്‍മാര്‍ വഴിയിലൂടെയും മറ്റും അതവര് വാങ്ങിച്ചെടുക്കുന്നുണ്ട്. സാധരണക്കാരോട് നേരിട്ടു തന്നെ ചോദിച്ചു വാങ്ങും. പക്ഷേ അവരുടെ ആവശ്യത്തിന് ഞാന്‍ വഴങ്ങിയില്ല.
ഇതിന്റെ പ്രതികാരമായിരുന്നു എനിക്കു നോട്ടീസുപോലും നല്‍കാതെ ആദ്യം അനുവദിച്ച ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും നമ്പരും റദ്ദ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കാരണങ്ങളാണ് ഇപ്പോള്‍ അവര്‍ എനിക്കെതിരേ ഉന്നയിക്കുന്നത്. ഞാന്‍ ചട്ടവിരുദ്ധമായാണു കെട്ടിടം നിര്മിച്ചിരിക്കുന്നതെന്നാണു പറയുന്നത്. നിയമോപദേശം സ്വീകരിച്ചശേഷമാണ് എനിക്ക് ഒക്യുപെന്‍സിയും നമ്പരും നഗരസഭ നല്‍കിയത്. പിന്നീടവര്‍ ഞാന്‍ ചട്ടം ലംഘിച്ചാണ് കെട്ടിടം നിര്മിച്ചിരിക്കുന്നതെന്നു കണ്ടെത്തിയിരിക്കുന്നു! അതും അവിടെ നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്കു പോയ ഉദ്യോഗസ്ഥന് ആദ്യം കിട്ടിയ നിയയമോപദേശത്തില് പിഴവുകളുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചതിന്റ അടിസ്ഥാനത്തിലും. സുല്‍ത്താന്‍ ബത്തേരിയിലുള്ള ഉദ്യോഗസ്ഥന് പെട്ടെന്ന് എന്റെ കാര്യത്തില്‍ സംശയം തോന്നാന്‍ എന്താണു കാരണമെന്ന് മനസിലാകുന്നില്ല.”
“സാധാരണ ഇത്തരം കുരുക്കില്‍ പെട്ടാല്‍ ആരായാലും ഉദ്യോഗസ്ഥരുടെ ആവശ്യത്തിനു വഴങ്ങികൊടുക്കുകയാണു പതിവ്. കടം വാങ്ങിയും പലിശയ്ക്കെടുത്തുമെല്ലാമായിരിക്കും ഓരോരുത്തരും വീടും മറ്റും വയ്ക്കുന്നത്. അതിന്മേലൊരു പ്രശ്നം വീണ്ടും വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് കൊടുക്കും. പക്ഷേ ഞാനങ്ങനെ ചെയ്തില്ല. ന്യായം എന്റെ ഭാഗത്തായിരുന്നു. ഞാന്‍ വിജിലന്‍സിനു പരാതി നല്കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ എനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പരും റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും കണ്ടെത്തി. വിജിലന്‍സിന്, നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇക്കാര്യത്തില്‍ നല്കിയ മറുപടിയില്‍ എന്റെ ഭൂമിയുടെ അതിരും അവകാശവും സംബന്ധിച്ച് വ്യക്തവരുത്തിക്കൊണ്ട് ജില്ല സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഒക്യുപ്പെന്‍സിയും നമ്പരും പുന:സ്ഥാപിച്ചു കൊള്ളാമെന്നായിരുന്നു പറഞ്ഞത്.
ജില്ല സര്‍വേ സൂപ്രണ്ട് 2016 ഓഗസ്റ്റില്‍ നല്കിയ റിപ്പോര്‍ട്ടില്‍ എന്റെ ഭൂമിയുമായി ബന്ധപ്പെട്ട് നഗരസഭ ഉന്നയിച്ച എല്ലാ സംശയങ്ങളും അടിസ്ഥാനരഹിതമാണെന്നു പറയുന്നുണ്ട്. എന്റെ ആധാരപ്രകാരമുള്ള 38 സെന്റും വിരിവും ഉള്‍പ്പെട്ട ഭൂമിയുടെ അവകാശം സംബന്ധിച്ചും അതിരുകള്‍ സംബന്ധിച്ചും യാതൊരുവിധ അവ്യക്തതകളും ബാക്കിവയ്ക്കാതെയുള്ള വളരെ വ്യക്തവും വിശദവുമായ റിപ്പോര്‍ട്ടായിരുന്നു സര്‍വേ സൂപ്രണ്ട് നല്‍കിയത്. ജില്ല സര്‍വേ ഡെപ്യൂട്ടി ഡയറക്ടറും ഈ കാര്യങ്ങളില്‍ ജില്ല സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണമായി ശരിവയ്ക്കുകയും നഗരസഭയുടെ സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.”
“എല്ലാം പരിശോധിച്ചും നേരിട്ടു കണ്ടും ബോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്കു നല്കിയ ഒക്യുപെന്‍സിയും നമ്പരും അകാരണമായി റദ്ദ് ചെയ്യുകയാണു നഗരസഭ ചെയ്തത്; തുടര്‍ന്നു നടത്തിയ എല്ലാ അന്വേഷണങ്ങളിലും എന്റെ ഭാഗത്താണു ന്യായമെന്നു കണ്ടെത്തിയ സ്ഥിതിക്ക് ഒക്യുപെന്‍സി റദ്ദാക്കിയ നടപടി പിന്വവലിക്കുകയാണു വേണ്ടത്;” സ്കറിയ പറയുന്നു.
ആദ്യത്തെ അപേക്ഷയ്ക്കൊപ്പം നല്കിയ സര്‍വേ സ്കെച്ചില്‍ പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെട്ടിരുന്നതിനാലാണ് കെട്ടിട നമ്പര്‍ നിഷേധിച്ചതെന്നാണു നഗരസഭ സെക്രട്ടറി പറയുന്നത്. ഇതിനുശേഷം ജില്ല സര്‍വേ സൂപ്രണ്ട് പുതിയ സ്കെച്ച് തയയ്യാറാക്കി നല്‍കിയിരുന്നു. ഈ സ്കെച്ചുമായി പുതിയ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെട്ടിടമുടമ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും സെക്രട്ടറി പറയുന്നു.
നഗരസഭയുടെ ആ ആരോപണം തികച്ചും തെറ്റാണെന്ന് വിജലന്‍സും ജില്ല സര്‍വേ സൂപ്രണ്ടും നല്കിയ റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തമാണെന്നു സ്കറിയ പറയുന്നു. “പുറമ്പോക്ക് കയ്യേറിയെന്നും റോഡിലേക്ക് അനധികൃതമായി കയറ്റി കെട്ടിയെന്നുമൊക്കെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
എന്നിട്ടും നഗരസഭ പറയുന്നത് ഞാന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ്. ഇപ്പോള്‍ എല്ലാ റിപ്പോര്‍ട്ടുകളും അവര്ക്കെതിരേയായതോടെ പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. അതാണ് പുതിയ സെകെച്ച് സമര്‍പ്പിക്കാന്‍ പറയുന്നതിനു പിന്നില്‍. പുതിയ സ്കെച്ചിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്ലാന്‍ വരച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ പറയുന്നതിനു പിന്നില്‍ നഗരസഭയുടെ ഗൂഡലക്ഷ്യങ്ങളുണ്ട്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ നഗരസഭ ഉദ്യോഗസ്ഥരുടേത് അഴിമതിക്കായുള്ള നീക്കമാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്‍പ്രകാരം വകുപ്പുതല നടപടി അവര്‍ക്കെതിരേ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയാണു പുതിയ സകെച്ചും പ്ലാനും സമര്‍പ്പിക്കാന്‍ പറയുന്നതിനു പിന്നില്‍.
അങ്ങനെ വരുമ്പോള്‍ ആദ്യത്തെ നടപടികളെല്ലാം സ്വയം റദ്ദാക്കപ്പെടുകയും ഉദ്യോഗസ്ഥര്‍ക്കു രക്ഷപ്പെടുകയുമാവാം. എന്നാല്‍ അതിനു ഞാന്‍ തയ്യാറല്ല. കൈക്കൂലിയുടെ പേരിലാണ് ഈ പ്രായത്തിലും അവര്‍ എന്നെ ഇത്രയും കഷ്ടപ്പെടുത്തിയത്. എന്നെ വലിയ കടക്കെണിയിലാക്കിയത്.
ഉദ്യോഗസ്ഥര്‍ക്കൊപ്പം നഗരസഭ ചെയര്‍പേഴ്സണ്‍ അടക്കം ചില ജനപ്രതിനിധികളും ഒപ്പം നിന്നാണ് എനിക്കെതിരേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. തൊടുപുഴയിലെ ജനങ്ങളും നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും എന്റെ കാര്യത്തില്‍ അനുകൂല നിലപാടുകള്‍ എടുക്കണമെന്നു പറയുമ്പോഴും ഉദ്യോഗസ്ഥര്‍ അവരുടെ നിലപാട് തുടരുകകയാണ്. അതിനു പിന്നില്‍ തെറ്റു ചെയ്തവര്‍ക്ക് എങ്ങനെയെങ്കിലും നടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയാണ്.
ഇതിനെതിരേയാണു ഞാന്‍ സമരവുമായി രംഗത്തുവന്നത്. ആദ്യം നഗരസഭയുടെ ഗെയ്റ്റിനു മുന്നില്‍ സമരമിരുന്നു. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഇക്കഴിഞ്ഞ പതിമൂന്നാം തീയതി ആനച്ചങ്ങലയില്‍ സ്വയം ബന്ധനസ്ഥനായി സമരം ചെയ്തു. ഇനിയും അവര്‍ എനിക്കു നീതി നല്കുന്നില്ലെങ്കില് ഈ പ്രായത്തിലും ഞാന്‍ ശക്തമായി മുന്നോട്ടു പോകും. അല്ലാതെ അഴിമതിക്കും കൈക്കൂലിക്കും വഴങ്ങി കൊടുക്കില്ല; സ്കറിയ ഉറപ്പിച്ചു പറയുന്നു. ഇതാണ് സ്കറിയാച്ചേട്ടന്റെ കഥ .ബ്യുറോക്രസി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു .സംഘടനാ പ്രവർത്തനം ഉള്ളതിനാൽ രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും ജനങ്ങളോടൊപ്പമല്ല ,ഇവരോടോപ്പമാണ് .അത് തന്നെയാണ് കേരളത്തിന്റെ വളർച്ച തടസപ്പെടുത്തുന്നത് .
എം.ജെ. സ്കറിയ (78)
തൊടുപുഴ : മണക്കാട് മാപ്ലാശ്ശേരില് (ചിറയ്ക്കല്‍) എം.ജെ.സ്കറിയ (സ്കറിയച്ചേട്ടന് - 78) നിര്യാതനായി. സംസ്ക്കാരം 09.04.2019 (ചൊവ്വ) രാവിലെ 10.30-ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ ആനീസ് ആരക്കുഴ കണ്ണാത്തുകുഴിയില്‍ കുടുംബാംഗം. മക്കള്‍ : സീത, അഡ്വ. അലക്സ് എം സ്കറിയ (ഹൈക്കോടതി, എറണാകുളം), ബിന്‍സി, മേഴ്സി. മരുമക്കള്‍: ജോസഫ് വര്‍ക്കി ആനച്ചാലില്‍ (തൊടുപുഴ), അഡ്വ. സരിത തോമസ്, പുളിയോരത്ത്, കല്‍പ്പറ്റ (ഹൈക്കോടതി, എറണാകുളം), സജി കോക്കപ്പുഴ (ചങ്ങനാശ്ശേരി), പ്രിന്‍സ് പാങ്ങാടാന് (തണ്ണിത്തോട്). ആദ്യകാല കേരള കോണ്‍ഗ്രസ്സ് നേതാവും തൊടുപുഴയിലെ ആദ്യകാല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹിയുമായിരുന്നു. ഓള്‍കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മുന്‍ ഇടുക്കിജില്ലാ പ്രസിഡന്റായിരുന്നു.