രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠി കൂടാതെ വയനാടും മത്സര വേദിയായി തെരഞ്ഞെടുക്കുമെന്ന ആദ്യ വാർത്ത വന്നതു മുതൽ അതെച്ചൊല്ലിയുള്ള തർക്കവിതർക്കങ്ങൾ നടക്കുകയാണ്. രാഹുൽ പേടിച്ചോടുന്നു എന്ന കളിയാക്കൽ മുതൽ ഈ മത്സരം നൽകുന്ന സന്ദേശമെന്തെന്ന ചോദ്യം വരെ അതു നീളുന്നു; ആ നീളവും പരപ്പും ഇനി കൂടുകയേയുള്ളൂ. ഒരു വശത്ത് കോൺഗ്രസും എതിർവശത്ത് ബിജെപിയും ഇടതുമുന്നണിയും ചേർന്നുള്ള ഈ ആക്രമണം പ്രതീക്ഷിക്കേണ്ടതു തന്നെയാണെങ്കിലും തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട സുജനമര്യാദ പോലും ലംഘിച്ച് അതു കടിഞ്ഞാൺ വിട്ടു പായുന്നത് ആശങ്കയുണർത്തുന്നതാണ്. കേരളത്തിൽ മത്സരിക്കുന്നത് അത്ര മോശം കാര്യമാണോ എന്നു പോലും സംശയം ജനിപ്പിക്കുംവിധമാണ് ചില ആരോപണങ്ങൾ ഉയരുന്നത്.
ഇതാദ്യമായാണ് ഒരു പ്രധാന ദേശീയ പാർട്ടിയുടെ സമുന്നത നേതാവ് കേരളത്തിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്. സ്ഥാനാർഥിയെന്ന നിലയിൽ അദ്ദേഹത്തെ എതിരിടാനും പരാജയപ്പെടുത്താനും ജനാധിപത്യ സംവിധാനം സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ, അത് പ്രതിപക്ഷ ബഹുമാനത്തോടെ നിർവഹിക്കപ്പെടേണ്ടതാണ്. എന്തോ ഗതികേടുകൊണ്ടു മത്സരിക്കാനെത്തുന്നു എന്ന വിധം ചിത്രീകരിക്കുന്നത് ആശയപരമായ പാപ്പരത്തമാണു കാണിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകളും മുൻകാല ചരിത്രവും ചൂണ്ടിക്കാട്ടി ക്രിയാത്മകമായ രീതിയിൽ എതിരിടാനുള്ള പ്രബുദ്ധത കേരളത്തിലെ നേതാക്കൾക്കുണ്ടെന്നാണ് ജനങ്ങൾ ധരിച്ചിട്ടുള്ളത്. അതു തെറ്റായിരുന്നു എന്ന തോന്നലുണ്ടാക്കരുത്.
മത്സരിക്കാനായി വയനാട് തെരഞ്ഞെടുത്തതിൽ ചില മാനദണ്ഡങ്ങൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടാകണം. 2009ൽ നിലവിൽ വന്ന മണ്ഡലം യുഡിഎഫിനു നൽകിവന്ന പിന്തുണ, മൂന്നു സംസ്ഥാനങ്ങളുമായി ചേർന്നുകിടക്കുന്നു എന്ന തന്ത്രപരമായ ആനുകൂല്യം, വിന്ധ്യപർവതത്തിനു തെക്ക് കോൺഗ്രസിനുണ്ടാകുന്ന ക്ഷീണം ബിജെപിയെ വളർത്തുമെന്ന തിരിച്ചറിവ്, കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ അതിൽ ചിലതാണ്. ശ്രദ്ധാപൂർവമായ പഠനം നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന തോന്നലുണ്ടാക്കാൻ പ്രഖ്യാപനം വൈകിച്ചതിലൂടെ സാധിച്ചു.
രാഹുലിന്റെ വരവോടെ രാഷ്ട്രീയമായ ചില തകിടം മറിച്ചിലുകളാണ് സംഭവിച്ചത്. കോൺഗ്രസിന്റെ തീരുമാനം സ്വഭാവികമായും ഇടതുമുന്നണിയിലാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇതിലൂടെ കോൺഗ്രസ് രാജ്യത്തിനു നൽകുന്ന സന്ദേശമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത് നിസാരമായി തള്ളാനാവില്ല. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഭരണത്തിന് അന്ത്യം കുറിക്കുകയെന്നത് വ്രതമായെടുത്തവർ പരസ്പരം എതിരിട്ടാൽ അതിന്റെ നേട്ടം ബിജെപിക്കാവില്ലേയെന്നും പ്രതിപക്ഷം കൂടുതൽ ദുർബലപ്പെടുകയില്ലേയെന്നുമാണ് പിണറായി ചോദിച്ചത്. മുഖ്യശത്രുവായ ബിജെപിയെ എതിരിടാൻ രാഹുൽ കർണാടകത്തിൽ നിൽക്കുന്നതല്ലേ ഉചിതമെന്നു ചോദിച്ചവരുമുണ്ട്. നിലവിൽ കർണാടകം ഒഴിച്ച് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ബിജെപി ശക്തമല്ല. ആ നിലയ്ക്ക് കേരളം തെരഞ്ഞെടുത്തത് വിഡ്ഢിത്തമായെന്നു പറയുന്നതിലും അവർ ന്യായം കാണുന്നു.
എന്നാൽ ഇടതുപക്ഷം കോൺഗ്രസിനോടോ, കോൺഗ്രസ് ഇടതുപക്ഷത്തോടോ മൃദുസമീപനം കാണിച്ച ചരിത്രമില്ല. ഇടതുപക്ഷത്തെ എതിർക്കുന്നതിൽ ബിജെപിക്കും കോൺഗ്രസിനുമുള്ള സമീപനത്തിലും കാര്യമായ വ്യത്യാസമില്ല. കേരളത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യ എതിരാളി ഇടതുമുന്നണിയാണ്. വർഷങ്ങളായി ആ നിലയിലാണ് കോൺഗ്രസ് കേരളഘടകത്തിന്റെ പോരാട്ടം. ഇടതുമുന്നണിയെ നേരിട്ട് എതിർക്കാൻ കോൺഗ്രസ് അധ്യക്ഷൻ തന്നെ വരുമ്പോൾ ആ നിലപാട് മാറണമെന്നു ശഠിക്കുന്നതിൽ യുക്തി കുറയും. അതിന് വ്യക്തിപരമായ തേജോവധമല്ല മറുപടിയെന്ന് ഇടതുനേതാക്കൾ ഓർക്കേണ്ടതാണ്.
തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിലുള്ള പ്രചാരണം നടത്തുന്നവരോടും ഹാ! കഷ്ടമെന്നേ പറയാനാകൂ. ഹിന്ദുമേഖലയിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ ഓടിയൊളിക്കുകയാണ് എന്ന പ്രസംഗം പോലും തെക്കൻ സംസ്ഥാനങ്ങളുടെ ചരിത്രപരമായ സവിശേഷത മറന്നുകൊണ്ടുള്ളതാണ്. നാനാജാതി മതസ്ഥർ ഇടതിങ്ങിപ്പാർക്കുന്ന കേരളത്തെ അടുത്തറിയാൻ ഉത്തരേന്ത്യയിലെ നേതാക്കൾക്ക് എന്നാണാവോ സാധിക്കുക. ന്യൂനപക്ഷ സമുദായങ്ങൾക്ക് മേൽക്കൈയുള്ള സീറ്റ് തെരഞ്ഞെടുക്കുമ്പോൾ അതിൽ ദേശവിരുദ്ധത ആരോപിക്കുന്നതും കേരളത്തോടുള്ള അവഹേളനമായേ കാണാനാകൂ. മുസ്ലിം സമുദായത്തിലുള്ളവരെല്ലാം മുസ്ലിം ലീഗ് അനുഭാവികളാണെന്ന മട്ടിലുള്ള പ്രചാരണം ദേശീയ പ്രസ്ഥാനത്തിനു വേണ്ടി ത്യാഗമനുഷ്ഠിച്ച മുസ്ലിം സമുദായത്തിൽപ്പെട്ട നേതാക്കളോടുള്ള അവഗണനയുമാണ്. വയനാട്ടിലെ മത്സരത്തെ രാഷ്ട്രീയ മര്യാദകളോടെയുള്ള പോരാട്ടമായി കാണാനാണ് കേരള ജനത ആഗ്രഹിക്കുന്നതെന്നെങ്കിലും ഈ നേതാക്കൾ അറിയണം.