സമദൂരമെങ്കിലും വിശ്വാസി സമൂഹത്തോടൊപ്പം: എൻഎസ്എസ്
പെരുന്ന: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. രാഷ്ട്രീയമായി സമദൂരനിലപാടാണ് സ്വീകരിച്ചത്. മുമ്പ് ചില അവസരങ്ങളില്‍ സമദൂരത്തില്‍നിന്നും ശരിദൂരത്തിലേക്ക് വരേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതൊക്കെ സാമൂഹിക അനീതിക്കെതിരെയും, നീതിക്കുവേണ്ടിയും മാത്രമായിരുന്നു. അതിനാവശ്യമായ നിലപാടുകളും അപ്പോഴപ്പോള്‍ സ്വീകരിക്കുമായിരുന്നു. പ്രശ്നം പരിഹരിക്കപ്പെടുമ്പോള്‍ വീണ്ടും സമദൂരത്തില്‍ എത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു കേന്ദ്രഭരണത്തില്‍ മാറ്റം വരണമെന്നും, സംസ്ഥാനഭരണം കൂടുതല്‍ ദ്രമാകണമെന്നുമായിരുന്നു അത്. അതിനു കാരണം അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ആയിരുന്നു.
ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവലൂരിപക്ഷം കിട്ടിയെന്നുമാത്രമല്ല, എന്‍.ഡി.എ.യ്ക്ക് വമ്പിച്ച ഭൂരിപക്ഷം ലിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും, അന്നത്തെ സംസ്ഥാനഭരണം ഒരു ഇടക്കാലതിരഞ്ഞെടുപ്പുകൂടാതെ കൂറെക്കൂടി ഭദ്രമാവുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും എന്‍.എസ്.എസ്. യാതൊരു അവകാശവാദവും ഉന്നയിച്ചതുമില്ല.ഇപ്പോള്‍, ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിവിധിയെ തുടര്‍ന്ന്, ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രീയത്തിന് അതീതമായ നിലപാട് എന്‍.എസ്.എസ്സിന് സ്വീകരിക്കേണ്ടിവന്നു.
ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന വിധിക്കെതിരെ എന്‍.എസ്.എസ്. റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാനഗവണ്‍മെന്റുമായി നല്ല ബന്ധത്തിലിരിക്കെത്തന്നെ, റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാനും വിധി നടപ്പാക്കാന്‍ കാലതാമസം ആവശ്യപ്പെടാനും ഗവണ്മെന്റിനോട് എന്‍.എസ്.എസ്. അഭ്യര്‍ത്ഥിച്ചു. പക്ഷേ, ഗവണ്മെന്റ് അതിന് വഴങ്ങിയില്ല. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായി കണ്ടുകൊണ്ടുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ബി.ജെ.പി.യും യു.ഡി.എഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസ്. വിശ്വാസസംരക്ഷണത്തിനായി ഉറച്ചുനില്‍ക്കേണ്ടിവന്നത്. ജാതിമതരാഷ്ട്രീയവ്യത്യാസം കൂടാതെ വിശ്വാസസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എന്‍.എസ്.എസ്. ഏര്‍പ്പെട്ടതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്മയും നാമജപഘോഷയാത്രകളും തുടര്‍ച്ചയായി നടന്നു. സംസ്ഥാനഗവണ്മെന്റാകട്ടെ, അതിനെ പരാജയപ്പെടുത്തുവാന്‍ അധികാരവും ഖജനാവും ഉപയോഗിച്ചു. എല്ലാ കുത്സിതമാര്‍ഗ്ഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അതേസമയം, രാഷ്ട്രീയവിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഇതിനെ കണ്ടത്. ബി.ജെ.പി. ആവട്ടെ, ഇതിനെതിരെ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭണങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ്. ആവട്ടെ, യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.
അധികാരം കയ്യിലിരുന്ന സംസ്ഥാനഗവണ്മെന്റോ കേന്ദ്രഗവണ്‍മെന്റോ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്ക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാനാവശ്യമായ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന കാര്യം പറയാതെവയ്യ. ഇനിയും കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയമായിട്ടുള്ളത്.
ഇക്കഴിഞ്ഞ ശബരിമലക്ഷേത്രഉത്സവത്തോടനുബന്ധിച്ചുള്ള പത്തു ദിവസങ്ങളില്‍ മലകയറാന്‍ ഭക്തജനങ്ങളേയില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സംസ്ഥാനഗവണ്മെന്റിന്റെയോ മുമ്പുണ്ടായിരുന്ന ഇടപെടലുകളൊന്നും അവിടെ ഉണ്ടായി കണ്ടില്ല. അതിനു കാരണം, വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണെന്ന കാര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇപ്പോള്‍ സംസ്ഥാനത്തെ മുന്നണികളെല്ലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശബരിമലയും വിശ്വാസസംരക്ഷണവും ഒരു വിഷയമാക്കിയെടുത്തിരിക്കുകയാണ്.
വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചോദിക്കുവാന് ഇവരിലാര്‍ക്കാണ് അവകാശം ഉള്ളത് എന്ന് തീരുമാനിക്കേണ്ടത് ജാതിമതരാഷ്ട്രീയഭേദമെന്യെയുള്ള വിശ്വാസസമൂഹമാണ്. ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എന്‍.എസ്.എസ്. സമദൂരനിലപാട് തന്നെയാണ് തുടരുന്നത്. എങ്കിലും ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസിസമൂഹത്തോടൊപ്പം തന്നെ എന്‍.എസ്.എസ്. നിലകൊള്ളും