ഏഴു വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ് അരുണിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു
തൊടുപുഴ :തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനു ഇരയായി ചികിത്സയിൽ കഴിയുന്ന ഏഴു വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പോലീസ്. ഡോകടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അരുണിനെതിരെ പോക്സോ ചുമത്തും. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. പ്രതി മയക്കുമരുന്നിനു അടിമയെന്നും തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കൂടാതെ കുട്ടികളുടെ പിതാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ അരുൺ ആനന്ദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു .
അതേസമയം ഏഴു വയസുകാരന് വെന്റിലേറ്റർ സഹായം തുടരുമെന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെന്നു പറയാറായിട്ടില്ല. മറ്റു ആശുപത്രികളിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകൾ കുറവാണെന്നും, നിലവിലെ ചികിത്സ തുടരുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടർന്ന് .
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഇവർ വിവാഹ മോചനം തേടിയ ശേഷം മറ്റൊരു വിവാഹം കഴിച്ചു അമേരിക്കയിലേക്ക് പോകുകയും ചെയ്തു. ഈ ബന്ധത്തിൽ അരുണിന് പത്തു വയസായ ഒരു മകനും ഉണ്ട്. ഈ വിവാഹബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നു അമ്മാവന്റെ മരുമകളായ തൊടുപുഴ സ്വദേശിനിയുമായി അടുപ്പത്തിലാകുന്നത്.
ഇതോടെ യുവതിയുമായി ഭർത്താവ് തൊടുപുഴയിലേക്കു താമസം മാറുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമാവുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്കിടയിൽ കൂടുതൽ അടുക്കുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച് മൂന്ന് മാസം പോലും തികയും മുമ്പ് മാതാവിന്റെ കടുത്ത എതിർപ്പ് വകവെക്കാതെ മക്കളുമൊത്ത് യുവതി തിരുവനന്തപുരത്ത് അരുണിനൊപ്പം താമസമാരംഭിച്ചു. കുട്ടികളുടെ പിതാവായിരുന്ന യുവാവിന്റെ മരണവും ഈ ഒരു സാഹചര്യത്തില്‍ സംശയാസ്പദമായിരിക്കുകയാണ്.
അധ്യാപികയായ മാതാവിന് യുവതി ഏകമകളാണ് . ഇവരെ വീട്ടിൽ കയറ്റുകയില്ലെന്ന നിലപാടെടുത്തതോടെയാണ് ഒരുമാസം മുമ്പ് കുമാരമംഗലത്ത് രണ്ടുനില വീടിന്റെ താഴത്തെ നിലയില്‍ പ്രതിയും യുവതിയും ദമ്പതികളാണെന്ന വ്യാജേന വാടകയ്ക്ക് താമസം ആരംഭിച്ചത്.മ രിച്ചു പോയ ഭർത്താവും യുവതിയും ഇപ്പോൾ പ്രതിയായ അരുണും സാമ്പത്തികമായി ഉയർന്ന നിലയിലാണ്. പൊതുവെ ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇവര്‍ അയല്‍വാസികളുമായി കാര്യമായ ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
അരുണിന് വര്‍ക്ക് ഷോപ്പിലാണ് ജോലി എന്ന് പറഞ്ഞിരുനെന്നും എന്നാല്‍ ഈയാള് വീട്ടില്‍ നിന്നധികം പുറത്തിറങ്ങുന്നത് കാണാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ മരിച്ച പിതാവ് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണവും അരുണ്‍ ആനന്ദ് തട്ടിയെടുത്തു . ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ ഭാര്യഭര്ത്താക്കന്മാരാണെന്ന വ്യാജേനെ ബാങ്കില്‍ നിന്നും ഇരുവരും ചേര്‍ന്ന് തുക പിന്‍വലിക്കുകയായിരുന്നു.
പപ്പിയെ അച്ച തല്ലി; കണ്ണിനും കൈക്കും തലയ്ക്കും പൊതിരെ അടിച്ചു; ചോര ഞാനാണ് കഴുകിക്കളഞ്ഞത്; നാല് വയസുകാരന്റെ മൊഴി കണ്ണീരണിയിക്കുന്നു
തൊടുപുഴ: പപ്പിയെ അച്ച തല്ലി.. കണ്ണിനും കൈക്കും തലയ്ക്കും പൊതിരെ അടിച്ചു, ചോര ഞാനാണ് കഴുകിക്കളഞ്ഞത്… തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുവയസുകാരന്റെ മൊഴി കണ്ണീരണിയിക്കുന്നു. തന്റെ സഹോദരനെ അമ്മയുടെ കാമുകന് മര്‍ദിച്ചത് ഏറെ ഭയത്തോടെയും വേദനയോടെയുമാണ് നാലു വയസുകാരന് വിവരിച്ചത്. കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായിരിക്കുകയാണ്.
അച്ചയും അമ്മയും കൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയെന്നും എന്റെ പപ്പി എവിടെയാണെന്നും നാലുവയസുകാരന് ചോദിക്കുന്നു. ചേട്ടനെ ‘പപ്പി’ എന്നാണ് കുട്ടി വിളിക്കുന്നത്. ഈ കുഞ്ഞും ക്രൂരമായ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. വായിലും താടിയിലും ജനനേന്ദ്രിയത്തിലുമാണ് പരിക്കുള്ളത്.
കുട്ടിയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോട് കുട്ടി ഇതു തന്നെ ആവര്‍ത്തിച്ചു. ഈ കുട്ടിയുടെ വാക്കുകളിലൂടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോള്‍ വല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് അരുണ്‍ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്. സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു. അധ്യാപകര്‍ കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ ‘എന്റെ അച്ഛന് മരിച്ചുപോയി’ എന്നുമാത്രമാണ് അവന് കണ്ണീരോടെ പറഞ്ഞത്.