അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതി ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്കിയ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരു കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതിയില്‍ ഒരു കേസിലും ഹാജരാകാനാവില്ല. നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ നടപടി.
മാത്യു നെടുമ്പാറ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോള്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായ രോഹിന്‍ടണ്‍ നരിമാനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് മാത്യൂസ് നെടുമ്പാറയെ സുപ്രീംകോടതിയില്‍ നിന്ന് വിലക്കിയത്.
കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ നെടുമ്പാറയ്ക്ക് വിധിച്ചെങ്കിലും ഇത് കോടതി തല്ക്കാലം മരവിപ്പിച്ചു സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഇല്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നെടുമ്പാറയ്ക്ക് മുന്നറിയിപ്പ് നല്കി.
സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെ കോടതിമുറിയില്‍ വച്ച് ആരോപണങ്ങളുന്നയിച്ചതിന് മാത്യൂസ് നെടമ്പാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യഹര്‍ജികള്‍ ഇനി ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാകും കേള്‍ക്കുക.നേരത്തേ കോടതിയലക്ഷ്യക്കേസില്‍ മാത്യൂസ് നെടുമ്പാറ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
എന്ത് ശിക്ഷ വേണമെന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയവും നല്കി. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ആദ്യം ബഞ്ച് മാറ്റണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടത്. ആവശ്യം കോടതി തള്ളി. തുടര്‍ന്ന് അഡ്വ. മാത്യൂസ് നിരുപാധികം കോടതിയ്ക്ക് മുമ്പാകെ മാപ്പപേക്ഷിച്ചു. ഇത് പരിഗണിക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി അനുവദിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുടെ വാദം നടക്കവെയാണ് കേസിന് ആസ്പദമായ സംഭവം. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മക്കള്‍ക്ക് മാത്രമേ മുതിര്‍ന്ന അഭിഭാഷകരെന്ന പദവി കിട്ടാറുള്ളൂ എന്നും അത്തരം വിവേചനം നിയമരംഗത്ത് നിലനില്ക്കുന്നു എന്നുമായിരുന്നു മാത്യൂസ് നെടുമ്പാറ സുപ്രീംകോടതിയില്‍ ആരോപണമായി ഉന്നയിച്ചത്.എന്നാല്‍ ഇതിനെന്താണ് തെളിവെന്ന് ജഡ്ജിമാര്‍ ചോദിച്ചു.
അതേ ബഞ്ചില്‍ കേസ് കേട്ടിരുന്ന ജഡ്ജി രോഹിണ്‍ടണ്‍ നരിമാന്റെ അച്ഛന് ഫാമിലി എസ് നരിമാന് തന്നെയാണ് അതിനുള്ള തെളിവെന്ന് മാത്യൂസ് നെടുമ്പാറ മറുപടിയും പറഞ്ഞു.പ്രകോപിതരായ ജഡ്ജിമാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നേരെ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്ന്, അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷകന് എന്ന പദവി നല്കുന്നതിനെതിരായി നാഷണല്‍ ലോയേഴ്സ് ക്യാംപെയ്ന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.ഇതോടെ ഇനി സുപ്രീംകോടതിയില്‍ ശബരിമലക്കേസുള്‍പ്പടെ നിരവധി കേസുകളില്‍ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് ഹാജരാകാനാകില്ല.