അങ്കത്തട്ടിനും പോരാളികൾക്കും മാറ്റമില്ലാതെ കണ്ണൂരും ഇടുക്കിയും
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങളിൽ ഇത്തവണ അങ്കത്തട്ടിനും പ്രധാന സ്ഥാനാർഥികൾക്കും മാറ്റമില്ലാത്തത് കണ്ണൂരും ഇടുക്കിയിലും മാത്രം. കണ്ണൂരിൽ സിറ്റിങ് എംപി സിപിഎമ്മിലെ പി.കെ. ശ്രീമതി എൽഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ തന്നെയാണ് വീണ്ടും ഗോദയിലിറങ്ങുന്നത്. എൻഡിഎ സ്ഥാനാർഥിയായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിച്ച ബിജെപി നേതാവ് സി.കെ. പത്മനാഭനാണ് ഇത്തവണ കണ്ണൂരിലാണ് മത്സരിക്കുന്നത്.
ഇടുക്കിയിൽ സിറ്റിങ് എംപി ജോയ്സ് ജോർജ് എൽഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യോക്കോസാണ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിലെ ബിജുകൃഷ്ണൻ മത്സരിക്കും. സംസ്ഥാനത്തെ മറ്റ് 18 ലോക്സഭാ മണ്ഡലങ്ങളിലും ഇത്തരത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാറ്റുരച്ച രണ്ട് പ്രധാന സ്ഥാനാർഥികൾ അങ്കത്തിനിറങ്ങുന്നില്ല.
2014 ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരും ഇടുക്കിയും യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തതാണ്. കണ്ണൂരിൽ 6566 വോട്ടുകൾക്കാണ് ശ്രീമതി, അന്നത്തെ സിറ്റിങ് എംപിയായിരുന്ന കെ. സുധാകരനെ പരാജയപ്പെടുത്തിയത്. ശ്രീമതി 4,42,622 വോട്ട് നേടിയപ്പോൾ കെ. സുധാകരന് നേടാനായത് 4,21,056 വോട്ടുകളാണ്. ബിജെപി സ്ഥാനാർഥിയായിരുന്ന പി.സി. മോഹനൻ മാസ്റ്റർ 51,636 വോട്ടും 2014ൽ നേടിയിരുന്നു. 2009ൽ കെ. സുധാകരൻ 43,151 വോട്ടിനാണ് കണ്ണൂരിൽ വിജയിച്ചത്.
യുഡിഎഫിനൊപ്പം നിന്നിരുന്ന ഇടുക്കിയിൽ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി.ടി. തോമസ് 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംപി എൽഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തുന്നത്. എന്നാൽ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന് വന്ന പ്രശനങ്ങളും സിറ്റിങ് എംപി പി.ടി. തോമസിന്റെ അനുകൂല നിലപാടുകളും സീറ്റ് നിഷേധത്തിലെത്തിച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഇടുക്കിയിൽ സൃഷ്ടിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന് ആയിരുന്ന അഡ്വ. ജോയ്സ് ജോര്‍ജ് ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യോക്കോസിന്റെ കന്നിയങ്കം പരാജയമായി. 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയ്സ് ജോര്‍ജ് ഇടുക്കി എംപി ആയത്. ജോയ്സ് 3,82,019 വോട്ടുകൾ നേടിയപ്പോൾ ഡീൻ നേടിയത് 3,31,477 വോട്ടുകളാണ്. എൻഡിഎ സ്ഥാനാർഥിയായിരുന്ന സാബു വർഗീസ് 50,438 വോട്ടും നേടിയിരുന്നു.
തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ അടങ്ങിയതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ്(ജയിംസ് മാത്യു), കണ്ണൂർ(കടന്നപ്പള്ളി രാമചന്ദ്രൻ, ധർമ്മടം(പിണറായി വിജയൻ), മട്ടന്നൂർ(ഇ.പി. ജയരാജൻ) എന്നിവ എൽഡിഎഫിനൊപ്പം നിന്നപ്പോൾ ഇരിക്കൂർ(കെ.സി. ജോസഫ്), അഴീക്കോട്(കെ.എം. ഷാജി), പേരാവൂർ(സണ്ണിജോസഫ്) എന്നിവ യുഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫിന് ഒരു ലക്ഷത്തിൽ പരം(1,03,176) വോട്ടുകളുടെ മേൽക്കയ്യുണ്ട്. ഇത് ചൂണ്ടികാട്ടി എൽഡിഎഫ് കണ്ണൂരിൽ അനായാസം വിജയം പ്രവചിക്കുമ്പോൾ ഇതൊന്നും ലോക്സഭാതെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും വിജയം യുഡിഎഫിനൊപ്പമാകുമെന്നാണ് അവർ പറയുന്നത്.
ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഇടുക്കി ലോകസഭാ മണ്ഡലം. ഇടതുമുന്നണിയും ഐക്യമുന്നണിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങളാണിവ. 2014ലെ നിയമസഭാ തെഞ്ഞെടുപ്പിൽ ഇടുക്കി(റോഷി അഗസ്റ്റിൻ), തൊടുപ്പുഴ(പി.ജെ. ജോസഫ്), എന്നിവ യുഡിഎഫിനൊപ്പവും പീരുമേട്(ഇ.എസ്. ബിജിമോൾ), ഉടുമ്പൻചോല(എം.എം. മണി), ദേവികുളം(എസ്. രാജേന്ദ്രൻ), മൂവാറ്റുപുഴ(എൽദോ എബ്രഹാം), കോതമംഗലം(ആന്റണി ജോൺ) എന്നിവ എൽഡിഎഫിനെയുമാണ് പിന്തുണച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 19,058 വോട്ടുകളുടെ മുൻതൂക്കമുണ്ട് യുഡിഎഫിന് ഇടുക്കിയിൽ. ഇത് യുഡിഎഫിന് ഇടുക്കിയിൽ തികഞ്ഞ വിജയപ്രതീക്ഷ നൽകുമ്പോൾ, സിറ്റിങ് എംപി ജോയ്സ് ജോർജ് വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് ഇടതിന്റെ കണക്കുകൂട്ടൽ.