കേരളം ചുട്ടുപൊള്ളുന്നു: ഇന്ന് സംസ്ഥാനത്താകെ സൂര്യാതപമേറ്റത് 35 പേര്‍ക്ക്, ജാഗ്രത തുടരും
കൊച്ചി: കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് സൂര്യാതപമേറ്റവരുടെ എണ്ണം ഉയരുന്നു. ഇന്ന് സംസ്ഥാനത്താകെ 35 പേർക്കാണ് സൂര്യാതപം കാരണം പൊള്ളലേറ്റത്. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ആറ് പേര്‍ക്ക് വീതം സൂര്യാഘാതമേറ്റു. ഇന്നു കോട്ടയത്ത് അഞ്ച് പേർക്ക് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. ചൂട് അസഹ്യമാംവിധം വർധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാൾ വരെ തുടരും.
പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ച സൂര്യാഘാതമേറ്റത് ആറ് പേർക്കാണ്. കോയിപ്രം സ്വദേശി വിജയലക്ഷ്മി (62), അരുവാപ്പുലം സ്വദേശിനിയും ആശാ വർക്കറുമായ അക്ഷ (43), കലഞ്ഞൂർ അഷ്റഫ് (39), കുളനട സ്വദേശിയും കർഷകനുമായ സദാശിവൻ പിള്ള (52), നിരണം സ്വദേശി അമീർ (28) എന്നിവർക്ക് സൂര്യാഘാതമേറ്റു .12നും ഒന്നരയ്ക്കും ഇടയിലാണ് ഇവർക്ക് പൊള്ളലേറ്റത്.
കല്ലൂപ്പാറയിൽ ജോലിക്കിടെ പോസ്റ്റുമാൻ എം.കെ രാജന് സൂര്യാതപമേറ്റു. ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സൂര്യാതപമേറ്റത്. രാജന്റെ മുഖത്തും കൈകളിലും പൊള്ളലേറ്റു. തിരികെ പോസ്റ്റ് ഓഫിസിലെത്തിയ രാജനെ ഉടൻതന്നെ പ്രാഥമിക ചികിൽസ ലഭ്യമാക്കി. അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു.
ഇന്ന് കോട്ടയം ജില്ലയിൽ അഞ്ചു പേർക്കാണ് സൂര്യാതപമേറ്റത്. നഗരസഭ ശുചീകരണ തൊഴിലാളി ശേഖരന് ജോലിക്കിടെ കയ്യിൽ പൊള്ളലേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദയനാപുരത്ത് വച്ച് യു.ഡി.എഫ് പ്രവർത്തകൻ അരുണിനും സൂര്യാതപമേറ്റു. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കും ഇന്നു പൊള്ളലേറ്റു.
കാഞ്ഞിരപ്പള്ളി സ്വദേശി നാലു വയസുകാരി ആദിയക്ക് കൈക്കും കാലിനും സൂര്യാഘാതത്താൽ പൊള്ളലേറ്റു.
കൊല്ലം പുനലൂരിൽ ഇന്നു രണ്ടു പേർക്ക് സൂര്യാതപമേറ്റു. ഉറുകുന്നു സ്വദേശി പ്രീയേഷിനും (38), കെഎസ്ആര്‍ടിസി കണ്ടക്റ്റർ ജയചന്ദ്രൻ പിള്ള(43)യ്ക്കും ആണ് സൂര്യാതപമേറ്റു ചികിത്സ തേടിയത്. ഇവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂരിലെ താപനില ഇന്ന് 40 ഡിഗ്രിയാണ്. ഈ വർഷം ആദ്യമായാണ് പുനലൂരില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്.
പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. പാലക്കാട്ട് പട്ടാമ്പി ഓങ്ങല്ലൂരിൽ രണ്ടു പേർക്ക് കടുത്ത ചൂടിൽ പൊള്ളലേറ്റിട്ടുണ്ട്. ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അവുഭവപ്പെടുന്നത്. രാജാക്കാട്ടില്‍ കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരുക്ക് സാരമുള്ളതല്ല. മലപ്പുറത്തും രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. അരീക്കോട്, എടവണ്ണ സ്വദേശികൾക്കാണ് സൂര്യാഘാതമേറ്റത്.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങൾ:
- രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്കു ശേഷം 3 മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണം. കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
-രോഗങ്ങള്‍ ഉള്ളവര്‍ ഉച്ച സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
- പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
- ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am - 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പരമാവധി മുൻകരുതൽ എടുക്കുക. കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.