സംസ്ഥാനത്ത് 100 കാലാവസ്ഥാ സ്റ്റേഷനുകൾ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 100 കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഇതിനു സ്ഥലം കണ്ടെത്താൻ റവന്യൂ വകുപ്പിന് കാലാവസ്ഥാ വിഭാഗം ശുപാർശ നൽകി. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പെട്ടന്ന് മനസിലാക്കാനും മുൻകരുതലെടുക്കാനുമാണു സ്റ്റേഷനുകൾ. ഓരോ ജില്ലയിലും ഏറ്റവും ചുരുങ്ങിയത് ഏഴു സ്റ്റേഷനുകളുണ്ടാകും.
വലുപ്പമേറിയ ജില്ലകളിൽ സ്റ്റേഷനുകളുടെ എണ്ണം കൂടും. സംസ്ഥാനത്തിപ്പോൾ 12 കേന്ദ്രങ്ങളിലാണു കാലാവസ്ഥാ നിരീക്ഷണഷനുകൾ ഉളളത്. തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, പുനലൂർ, ആലപ്പുഴ, കോട്ടയം, കൊച്ചി വിമാനത്താവളം, നെടുമ്പാശേരി, തൃശൂർ വെളളാനിക്കര, മലമ്പുഴ, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണിവ ഇവിടെ ന്നു ലഭിക്കുന്ന കണക്കനുസരിച്ചാണു കാലാവസ്ഥാ പ്രവചനം നടത്തുന്നത്.
ഓരോ സ്റ്റേഷനും വലിയൊരു പ്രദേശത്തെ കാലാവസ്ഥാ നിരീക്ഷിക്കേണ്ടി വരുന്നു എന്നതാണ് നിലവിലുള്ള സാഹചര്യം. കൂടുതൽ സ്റ്റേഷനുകൾ വരുന്നതോടെ സ്റ്റേഷനുകളുടെ പരിധി ചെറുതാകുകയും കൂടുതൽ സൂക്ഷമമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കൂടി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. ഇപ്പോഴുള്ള സംവിധാനത്തിൽ ഓരോ മൂന്നു മണിക്കൂറിലും കാലാവസ്ഥയെ സംബന്ധിച്ച വിവരങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ അപേഡറ്റ് ചെയ്യുന്നുണ്ട്.
ഓട്ടോമാറ്റിക് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും മാന്വുവൽ സംവിധാനത്തെ കേന്ദ്രം തളളിക്കളയുന്നില്ല. ഓട്ടോമാറ്റിക് സംവിധാനത്തോടൊപ്പം പഴയ രീതിയിൽ ചൂടും മഴയും കാറ്റും മർദവും ഇപ്പോഴും കേന്ദ്രത്തിൽ അളക്കുന്നുണ്ട്. രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെ വിവിധ സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന താപനിലയാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ചു നടപ്പു വർഷം ഇതുവരെ സംസ്ഥാനത്ത് ഉയർന്ന താപനില 40 ഡിഗ്രിയിൽ കൂടിയിട്ടില്ല.
മറ്റു കേന്ദ്രങ്ങൾ നൽകുന്ന കണക്കിൽ വിശ്വസിക്കാതെ അംഗീകൃത കാലാവസ്ഥാ ഏജൻസിയായ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെ ജനങ്ങൾ ആശ്രയിക്കണമെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്റ്റർ കെ. സന്തോഷ്. സംസ്ഥാനത്തു. സ്റ്റേഷനുകൾ കൂടുന്നതോടെ വരുന്നതോടെ കാലാവസ്ഥാ പ്രവചന രംഗത്ത് കൂടുതൽ കരുത്താർജിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി മംഗലാപുരത്ത് പുതിയ റഡാർ സ്ഥാപിക്കും. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നാണ് ചുഴലിക്കാറ്റു മുന്നറിയിപ്പിനായി സംസ്ഥാനത്തു രണ്ടിടത്തു മുന്നറിയിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിക്കുന്ന റഡാറുകൾക്കു പക്ഷേ സംസ്ഥാനത്തെ മുഴുവനായി നിരീക്ഷിക്കാനുള്ള ശേഷിയില്ല. 300 കിലോമീറ്ററാണു റഡാറിന്റെ പരിധി. തിരുവനന്തപുരത്തെ റഡാർ തൃശൂർ വരെയും എറണാകുളത്തെ റഡാർ കണ്ണൂർ ജില്ലയുടെ പകുതി വരെയുമാണു പ്രവർത്തിക്കുന്നത്. സംസ്ഥാനം മുഴുവനും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ പരിധിയിൽ വരണമെങ്കിൽ ഒരു റഡാർ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനെത്തുടർന്നാണ് മത്സ്യബന്ധനമേഖലയായ കാസർഗോഡിനെക്കൂടി പരിഗണിച്ചു മംഗലാപുരത്ത് റഡാർ സ്ഥാപിക്കുന്നത്.