ഗെയിംചെയ്ഞ്ചര്‍ എന്നാല്‍ ഇതാണ്; രാഹുലിനെ വയനാട്ടിലിറക്കി കോണ്‍ഗ്രസിന്റെ ഞെട്ടിക്കല്‍; രാഹുലിന്റെ വരവോടെ കളി മാറും
തിരുവനന്തപുരം: ഗെയിംചെയ്ഞ്ചര്‍ എന്നു പറഞ്ഞാല്‍ ഇതാണ്. രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വന്നാല്‍ അത് കേരളത്തില്‍ കോണ്‍ഗ്രസ്സിനു നല്കുന്ന ഉത്തേജനത്തിന് അതിരുകളുണ്ടാവില്ല. ക്രിക്കറ്റ് പദാവലി ഉപയോഗിച്ചാല്‍ നിര്‍ണ്ണായക നിമിഷങ്ങളില്‍ ധോണിയുടെ ആ ഹെലിക്കോപ്റ്റര്‍ ഷോട്ടിനെയാണ് കോണ്‍ഗ്രസ്സിന്റെ ഈ നീക്കം ഓര്‍മ്മിപ്പിക്കുന്നത്. ധോണിയുടെ ആ ഷോട്ട് സ്റ്റാന്റിലേക്ക് പറക്കുമ്പോള്‍ സ്റ്റേഡിയവും ഗാലറികളും അവിടെക്കൂടിയിരിക്കുന്ന കാണികളും മാത്രമല്ല ആവേശഭരിതരാവുന്നത്. ദേശത്തിന്റെ മുക്കിലും മൂലയിലും വരെ അതിന്റെ അനുരണനങ്ങള്‍ തൊട്ടറിയാനാവും. രാഹുല്‍ വയനാട്ടിലിറങ്ങുമ്പോള് കേരളത്തില്‍ മാത്രമല്ല വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന തമിഴകത്തും കര്‍ണ്ണാടകയിലും വരെ അതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല.
ഉമ്മന്‍ ചാണ്ടിയാണ് ഈ വിവരം ആദ്യമായി കേരളത്തോട് പങ്കുവച്ചത്. വലിയ വടംവലിക്ക് ശേഷമാണ് വയനാട്ടില്‍ ഗ്രൂപ്പ് കളികള്‍ക്ക് ഒടുവില്‍ ഐ ഗ്രൂപ്പിനെ വെട്ടി ടി.സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടി വയനാട് സ്വന്തമാക്കിയത്. അതേ ഉമ്മന്‍ ചാണ്ടി തന്നെ ആ സീറ്റ് ഇപ്പോള്‍ രാഹുലിനായി വിട്ടുകൊടുക്കുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി വയനാട് മാറുന്നു എന്നതും ഇവിടെ ശ്രദ്ധേയം. ഇനി ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലെ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ മുന്നിലുണ്ടാകുമെന്ന് സിദ്ദിഖും വെളിപ്പെടുത്തി. രാഹുലിന്റെ വരവോടെ ഇനി കളി കേരളത്തില്‍ മാറുമെന്ന് നൂറുശതമാനം ഉറപ്പാണ്.
അമേഠിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി വിജയിക്കുകയാണെങ്കില്‍ വയനാട് സീറ്റ് അദ്ദേഹം രാജി വയ്ക്കാനുള്ള സാധ്യത ഏറെയാണ്. അപ്പോള്‍ സീറ്റിനായി എ ഗ്രൂപ്പ് സജീവമാകും എന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ പിന്മാറിയ സിദ്ദിഖിന് തന്നെ സീറ്റ് കിട്ടിയേക്കാം. എന്നാല്‍ മറ്റൊരു വശം ഇതാണ്. കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലെത്തുകയും രാഹുല്‍ പ്രധാനമന്ത്രി ആവുകയും ചെയ്താല്‍ കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അദ്ദേഹം ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കൊണ്ട് മല്സരിക്കുന്നില്ലാ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ കെ.സി വേണുഗോപാലിന് വയനാട് സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ കുറി വീണേക്കാം.
2009ല്‍ യുഡിഎഫിന് കേരളത്തിെല റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് വയനാട്. 1,53,439 വോട്ടാണ് ഇവിടെ ലഭിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായാണ് വയനാടിന്റെ സ്ഥാനം. കല്പറ്റ, മാനന്തവാടി, ബത്തേരി (വയനാട് ജില്ല), നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ (മലപ്പുറം ജില്ല), തിരുവമ്പാടി (കോഴിക്കോട് ജില്ല) എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് കെപിസിസി. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ടി.സിദ്ദിഖ് സന്തോഷത്തോടെ പിന്മാറിയെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. മല്‍സരം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം എടുക്കുന്നതിനായി പത്തനംതിട്ടയില്‍ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ചു. ഘടകകക്ഷികള്‍ക്കും സമ്മതമാണെന്ന് ചെന്നിത്തല അറിയിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്ന് ജനവിധി തേടാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും കെ.സി വേണുഗോപാലും മുകുള്‍ വാസ്നിക്കും രാഹുലിനെ ധരിപ്പിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായതിനാലാണ് കേരളം പരിഗണിക്കുന്നത്. സോണിയ ഗാന്ധി നേരത്തെ ബെല്ലാരിയില്‍നിന്ന് മല്‍സരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നാണ് രാഹുല്‍ ഗാന്ധി സാധാരണയായി മല്‍സരിക്കാറുള്ളത്. മുന്‍തവണത്തേതു പോലെ സ്മൃതി ഇറാനിയെ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.