എവിടെയാണു നമ്മുടെ പെൺമക്കളുടെ സുരക്ഷ
സമീപകാലത്ത് കേരളത്തിൽ സ്ത്രീകൾക്കെതിരേ, പ്രത്യേകിച്ചു യുവതികൾക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങൾ വല്ലാതെ വർധിക്കുകയാണ്. ഏതു പ്രായത്തിലുള്ളവരും സുരക്ഷിതരല്ലെന്നാണു സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഓഫിസുകൾ, തൊഴിലിടങ്ങൾ, വീടുകൾ, വിദ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നു വേണ്ട പാർട്ടി ഓഫിസുകൾ വരെ പീഡന കേന്ദ്രങ്ങളാകുന്നു. പൊതുനിരത്തുകളിലെ അതിക്രമങ്ങൾ ഭയാനകമാകുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തു തിരുവല്ലയിലും കഴിഞ്ഞ ദിവസം ഓച്ചിറയിലും സംഭവിച്ചത്. പ്രണയിച്ചും പ്രണയം നടിച്ചും വിവാഹം കഴിച്ചും വിവാഹ വാഗ്ദാനങ്ങൾ നൽകിയുമൊക്കെ പലതരത്തിലാണു പീഡനങ്ങൾക്ക് ഇരകളെ കണ്ടെത്തുന്നത്.
തിരുവല്ലയിലെ ദാരുണമായ സംഭവം പ്രണയത്തിന്റെ പേരിലാണ്. കൂടെ പഠിച്ച പെൺകുട്ടിയോടു പ്രണയം തോന്നുന്നതു സ്വാഭാവികം. എന്നാൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കൂട്ടുകാരിയെ പട്ടാപ്പകൽ നഗരമധ്യത്തിൽ പെട്രോളൊഴിച്ചു പച്ചയ്ക്കു തീകൊളുത്തുന്ന മാനസികാവസ്ഥ സാധാരണ മനുഷ്യരുടേതല്ല. ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രാണവേദനയോടെ കഴിഞ്ഞ ഈ പെൺകുട്ടിയുടെ ദൈന്യതയ്ക്കും വേദനയ്ക്കും അവളുടെ മരണത്തോടെയാണു ശമനമുണ്ടായത്.
ഓച്ചിറയിൽ സംഭവിച്ചതു മറ്റൊന്നാണ്. മാതാപിതാക്കളോടൊപ്പം വഴിയോര കേന്ദ്രത്തിൽ ഉറങ്ങിക്കിടന്ന രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ കാമുകവേഷം ധരിച്ചെത്തിയ യുവാവും സംഘവും തട്ടിക്കൊണ്ടുപോയ സംഭവം ഒരു നാടിനെ നടുക്കിക്കളഞ്ഞു. മാതാപിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്ഥലത്തെ ഇടതുപക്ഷ പ്രവർത്തകന്റെ മകനാണു തട്ടിക്കൊണ്ടുപോയതെന്നാണു കേസ്. ഈ കേസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുരേഷ് ഗോപി ഇന്നലെ പെൺകുട്ടിയുടെ മാതാപിതാക്കൾ താമസിക്കുന്ന വാടക വീട്ടിലെത്തി മണിക്കൂറുകളോളം കാത്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവുമാണ് ഇന്നലെ ഓച്ചിറയിൽ ഏറ്റുമുട്ടിയത് എന്ന് ആരോപിക്കുന്നവരുണ്ടെങ്കിൽപ്പോലും അതു പറഞ്ഞ് സംഭവത്തിന്റെ ഗൗരവസ്വഭാവം വഴിമാറ്റാനാവില്ല.
തിരുവനന്തപുരം ജില്ലയിൽ സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാറിൽക്കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ചത് ഒരു മതപുരോഹിതനാണ്. സാധാരണ മനുഷ്യരുടെ തെറ്റുകുറ്റങ്ങളിൽ നിന്ന് അവരെ തിരുത്തി നേരിന്റെയും നന്മയുടെയും വഴിയിലേക്കു നയിക്കേണ്ടവരാണ് മതപുരോഹിതന്മാരും നേതാക്കളും. അവർ തന്നെ പീഡനക്കേസുകളിൽ പ്രതിയാകുന്നത് സമൂഹത്തിനുണ്ടാകുന്ന അപചയത്തിന്റെ നേർസാക്ഷ്യം തന്നെ.
കുറച്ചു നാൾ മുൻപ്, ഷൊർണൂരിൽ സിപിഎം പാർട്ടി ഓഫിസിൽ വച്ച് പാർട്ടി എംഎൽഎ മോശമായി പെരുമാറി എന്ന ഒരു യുവതിയുടെ പരാതി രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചു. പാർട്ടി തലത്തിൽ വലിയ അന്വേഷണമൊക്കെ നടന്നെങ്കിലും ഇരയ്ക്കു നീതി കിട്ടിയില്ല എന്ന ആരോപണം ശക്തമാണ്. ഇപ്പോൾ, പാലക്കാട് ജില്ലയിൽത്തന്നെയുള്ള ചെർപ്പുളശേരിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ, യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നിരിക്കുന്നു. യുവതി പ്രസവിച്ച ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത ഈ സംഭവം തെരഞ്ഞെടുപ്പു കാലത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. യുവാവിനെയും യുവതിയെയും പാർട്ടി കൈവിട്ടു എന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല, അവസാനിപ്പിക്കുകയുമരുത്. കുട്ടികൾ ഇങ്ങനെ പെരുവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന തരത്തിൽ തിന്മകൾ വളർന്നുവലുതാകുന്നത് സമൂഹം തിരിച്ചറിയേണ്ടതാണ്.
ഏതാനും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളിൽ നടന്ന ചില സംഭവങ്ങൾ മാത്രമാണ് ഇവിടെ വിശദീകരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു വരും. 2017ൽ 1656 ലൈംഗിക പീഡന കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇത് 3068 ആയി വളർന്നു. 26 കുട്ടികളാണു കഴിഞ്ഞ വർഷം കേരളത്തിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 304 സ്ത്രീകൾ ഈ കാലയളവിൽ കൊല്ലപ്പെട്ടു. 4498 പീഡന ശ്രമക്കേസുകളും 581 കൊലപാതക ശ്രമക്കേസുകളും റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ നിലവാരത്തിലും സ്ത്രീശാക്തീകരണത്തിലും വളരെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണു കേരളം. സ്ത്രീപീഡനത്തിലും അതിക്രമങ്ങളിലും മുന്നിട്ടുനിൽക്കുന്നതും കേരളം തന്നെ എന്നതു നിസാരമായി കാണാനാവില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് അതിക്രമങ്ങൾ കുറയാനുള്ള പ്രധാന മാർഗം. എന്നാൽ, അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും സ്വയം വശംവദരാകാതിരിക്കാനുള്ള വിവേകം കൂടി പ്രകടിപ്പിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ.