എൽഡിഎഫിന്റെ അഹങ്കാരത്തിനുള്ള മറുപടി: പദ്മജ
തൃശൂർ: വടകരയിൽ കെ. മുരളീധരൻ മത്സരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സഹോദരി പദ്മജ വേണുഗോപാൽ. തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ പോരാട്ടത്തിനുള്ള തയാറെടുപ്പുകളിൽ മുഴുകിയിരിക്കെയാണ് ജ്യേഷ്ഠന്റെ സ്ഥാനാർഥിത്വം അറിയുന്നത്. അറിഞ്ഞയുടൻ ഇരുവരും അതെക്കുറിച്ചു സംസാരിച്ചിരുന്നു.
? കെ. മുരളീധരന്റെ സ്ഥാനാർഥിത്വത്തെ എങ്ങനെ കാണുന്നു.
എൽഡിഎഫിന്റെ അഹങ്കാരത്തിനുള്ള മറുപടിയാണ് ഏട്ടന്റെ സ്ഥാനാർഥിത്വം. ജനങ്ങൾ എല്ലാം നിശബ്ദം സഹിച്ചുകൊള്ളുമെന്നാണ് അവർ കരുതിയത്. ഏതായാലും വിവരമറിഞ്ഞപ്പോൾ മുതൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ ആവേശത്തിലാണ്. ചർച്ചകൾ നീണ്ടുപോയെങ്കിലും തീരുമാനത്തിലേക്കു വന്നപ്പോൾ അത് വിസ്മയിപ്പിച്ചു. ഇപ്പോൾ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലമായിരിക്കുകയാണ് വടകര.
? എൽഡിഎഫിന്റെ പ്രസ്റ്റീജ് മണ്ഡലമായതിനാൽ ജയം അനായാസമാവില്ലല്ലോ.
ഏട്ടൻ അവിടെ ജയിക്കുമെന്നതിൽ സംശയമില്ല. ഏട്ടൻ എന്നും നല്ലൊരു ഫൈറ്ററായിരുന്നു. ഇവിടെയും നല്ല മത്സരം തന്നെയുണ്ടാകും. പോരിനിറങ്ങുമ്പോൾ ജയമോ, തോൽവിയോ ഉണ്ടാകാം. അതറിഞ്ഞു കൊണ്ടു തന്നെയാണ് വടകരയിൽ ഇറങ്ങുന്നത്. എതിരു നിൽക്കുന്ന സ്ഥാനാർഥിയെപ്പറ്റി എല്ലാവർക്കും അറിവുള്ളതാണല്ലോ.
? വടകരയിലെ അനുകൂല ഘടകങ്ങൾ
കോഴിക്കോട്ടുള്ള കാലം മുതൽ ഏട്ടന് അവിടെയെല്ലാം സുപരിചിതമാണ്. ആൾക്കാരെ അറിയാം. ജനങ്ങളുടെ പ്രശ്നങ്ങളറിയാം. കോഴിക്കോട്ട് മൂന്നു തവണ എംപിയായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ഗുണകരമാകും. ഘടകകക്ഷികളുടെ പിന്തുണയുണ്ട്. പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ട്. മറ്റെല്ലാവരും മാറിയപ്പോൾ ഏട്ടനെ നിയോഗിച്ചത് അംഗീകാരമായി കാണുന്നു. അച്ഛന്റെ അനുഗ്രഹവുണ്ടാകും.
? യുഡിഎഫ് സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു
കേന്ദ്രത്തിൽ ഇത്തവണ മതേതര സർക്കാർ തിരിച്ചു വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് കൈപ്പത്തിയടയാളത്തിൽ ജയിച്ചുവരുന്ന കൂടുതൽ പേർ അവിടെ എത്തുകയെന്നത് കോൺഗ്രസിന്റെ ആവശ്യമാണ്. യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുന്ന മുഖ്യഘടകം സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. പ്രളയം, ശബരിമല തുടങ്ങി എല്ലാ രംഗത്തും അവർ പരാജയപ്പെട്ടു. അതിലുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടിങിൽ പ്രതിഫലിക്കും.
? തൃശൂരിൽ കാര്യങ്ങൾ എങ്ങനെ
തൃശൂർ ജില്ലയിലെ രണ്ടു സീറ്റുകളും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഞങ്ങൾ. തൃശൂരിൽ ടി.എൻ. പ്രതാപനും ചാലക്കുടിയിൽ ബെന്നി ബഹനാനും മികച്ച സ്ഥാനാർഥികളാണ്. രണ്ടിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥികളെ അപേക്ഷിച്ച് ഇപ്പോൾത്തന്നെ ചലനം സൃഷ്ടിക്കാൻ ഇരുവർക്കുമായിട്ടുണ്ട്.
? തൃശൂരിൽ എൻഡിഎ ശക്തമാണല്ലോ
അവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബിജെപിക്കു ശക്തിയുള്ളിടത്ത് ബിഡിജെഎസും ബിഡിജെഎസിനു ശക്തിയുള്ളിടത്ത് ബിജെപിയും നിൽക്കുമെന്നാണു കേൾക്കുന്നത്. എന്നാലല്ലേ രണ്ടിടത്തും തോൽക്കൂ.