വേനൽച്ചൂട്: മത്സ്യലഭ്യത കുറയുന്നു
കൊച്ചി: വേനൽച്ചൂടിൽ കടൽ തിളച്ച് മറിയുന്നതിനാൽ കേരളത്തില്‍ മത്സ്യലഭ്യത കുറയുന്നു. ചൂടുമൂലം പുറം കടലിലെ മത്സ്യങ്ങള്‍ കടലിനടിയിലേയ്ക്ക് ഉള്വലിഞ്ഞതാണു മീന്‍ലഭ്യത കുറയാന്‍ കാരണ. കനത്ത ചൂടില്‍ കടല്‍ തിളച്ചു മറിയുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ചൂട് രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ കുംഭമാസം പകുതിയായപ്പോള്‍ തന്നെ സംസ്ഥാനത്തെ തീരപ്രദേശങ്ങൾ വറുതിയിലായി. ജിഎസ്ടിയും ഇന്ധനവിലവർധനവും പ്രതിസന്ധിയിലായ മത്സ്യമേഖലയ്ക്കു കടലിലെ ഇപ്പോഴത്തെ പ്രതിഭാസം കനത്ത തിരിച്ചടിയാണു നൽകുന്നത്.
തീരകടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് നിത്യവൃത്തിക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടിലായത്. മത്സ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് മത്സ്യത്തിന്റെ വില കുതിച്ചുകയറുകയാണ്. മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതുമൂലം പല ബോട്ടുകളും കരയിൽ കിടക്കുകയാണ്
കൊല്ലം, നീണ്ടകര, ശക്തികുളങ്ങര, അന്ധകാരനഴി, കോഴിക്കോട്, ബേപ്പൂര്‍, കൊച്ചി തുടങ്ങിയ പ്രധാന മത്സ്യബന്ധന മേഖലകളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. സാധാരണയായി ഫെബ്രുവരി, മാര്‍ച്ച്, എപ്രില്‍ മാസങ്ങള്‍ മത്സ്യ സീസണ് ആയിട്ടാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍ ഓഖി ദുരന്തത്തിന് ശേഷം കടല്‍ സമ്പത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ദിവസം മുഴുവന്‍ വല വരിച്ചാലും കാര്യമായി മീനുകള്‍ ലഭിക്കുന്നില്ല. ആഴകടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മാത്രമാണ് തുച്ഛമായ തോതിലെങ്കിലും മീനുകള്‍ ലഭിക്കുന്നത്. തീരകടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ ഒഴിഞ്ഞ വള്ളവുമായി മടങ്ങി വരുന്ന കാഴ്ചയാണുള്ളത്. ആഴകടല്‍ മത്സ്യബന്ധനത്തിന് ചെലവുകള്‍ ഏറെയാണ്.
തീരകടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിലവില്‍ വലിയ പ്രതിസന്ധിയിലാണ്. പത്ത് പേരടങ്ങുന്ന ഒരു സംഘത്തിന് വള്ളം ഇറക്കാന്‍ 25,000 രൂപയോളം ചെലവ് വരും. മുടക്ക് മുതല്‍ പോലും ലഭിക്കാത്തതിനാല്‍ മത്സ്യബന്ധന രംഗത്ത് തൊഴില്‍ ചെയ്തിരുന്നവരില് ഭൂരിഭാഗവും മറ്റ് തൊഴില്‍ തേടുകയാണ്. ചൂട് ഇനിയും കൂടിയാല്‍ കടല്മീനുകള് ഇനി ലഭ്യമല്ലാത്ത അവസ്ഥയിലേയ്ക്ക് വരുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സുലഭമായി ലഭിച്ചിരുന്ന മത്തിപോലുള്ള ചെറുമത്സ്യങ്ങളുടെ ലഭ്യത വളരെയധികം കുറഞ്ഞു.
മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 80 രൂപ ലഭിച്ചിരുന്ന മത്തിക്ക് 140 രൂപയായി. നത്തോലി 80 ല്‍ നിന്ന് 120 രൂപയാണ് മുന്‍പ് അയലയ്ക്ക് 90 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 110 രൂപയായി. ആവോലി 400 ല്‍ നിന്നും 600 രൂപയായി. ചെമ്മീന്‍ 300 രൂപ മുതല്‍ 450 രൂപവരെയുണ്ട്. പ്രാദേശികമായി മീനുകള്‍ക്ക് ചിലയിടങ്ങളില്‍ വില വ്യത്യാസമുണ്ട്. മത്സ്യബന്ധനത്തില്‍ പ്രധാന സ്ഥാനമുള്ള കൊല്ലം ജില്ലയില്‍ മാത്രം ആയിരം ടണ്‍ മത്സ്യത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മത്സ്യമേഖലയിൽ പ്രതിസന്ധിയുടെ കരിനിഴൽ വീണപ്പോൾ നിരവധി പേരാണ് ഈ മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലകളിലേയ്ക്ക് തിരിഞ്ഞത്. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുന്നതോടെ കൂടുതൽപേർ മികച്ച വരുമാനമുള്ള മറ്റു മേഖലയിലേയ്ക്കു ചേക്കേറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്തെ മത്സ്യമേഖല തകർന്നടിയാനും സാധ്യതയുണ്ട്.