കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്പട്ടികയിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചു; സമവായം ഹൈക്കമാന്റിന്റെ ഇടപെടല്‍ മൂലം; ഇനി പ്രചാരണം
ന്യൂഡല്‍ഹി: നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയായി. തര്‍ക്കമുണ്ടായിരുന്ന നാല് സീറ്റുകളിലും ധാരണയായതോടെ ഇനി പ്രചാരണ രംഗത്തേക്ക്. വടകരയില്‍ ആരെ നിര്‍ത്തും എന്നതിനെച്ചൊല്ലിയും വയനാട് സീറ്റ് ഏത് ഗ്രൂപ്പിന് എന്നതിനെച്ചൊല്ലിയും തര്‍ക്കം നീണ്ടപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സമവായമുണ്ടാക്കിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ:
തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്
എറണാകുളം: ഹൈബി ഈഡന്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
തൃശൂര്‍: ടി എന്‍ പ്രതാപന്
ചാലക്കുടി: ബെന്നി ബെഹ്നാന്
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്: വി കെ ശ്രീകണ്ഠന്
കോഴിക്കോട്: എം കെ രാഘവന്
വടകര: കെ മുരളീധരന്
വയനാട്: ടി സിദ്ദിഖ്
കണ്ണൂര്‍: കെ സുധാകരന്
കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്
പി ജയരാജനെതിരെ വടകരയില്‍ ദുര്‍ബലസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരമാണ് ഉയര്‍ന്നത്. ഇന്ന് രാവിലെ വരെ ഉയര്‍ന്ന പേര് കെ മുരളീധരന്റെ അടുത്ത അനുയായി അഡ്വ. പ്രവീണ്‍ കുമാറിന്റേതാണ്. നേരത്തേ കോഴിക്കോട്ടെ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നപ്പോഴും പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ചു. മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന മുറവിളി ശക്തമായി. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നിന്നു.
വയനാട് സീറ്റിനെച്ചൊല്ലിയാകട്ടെ, ഗ്രൂപ്പ് തര്‍ക്കം അതിന്റെ പാരമ്യത്തിലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ ഹൈക്കമാന്‍ഡ് വഴങ്ങി എന്നതാണ് വ്യക്തമാകുന്നത്. അങ്ങനെ തര്‍ക്കമുള്ള നാല് സീറ്റുകളിലും കോണ്‍ഗ്രസില്‍ ധാരണയായി. വടകരയില്‍ കെ മുരളീധരന്, വയനാട്ടില്‍ ടി സിദ്ദിഖ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്. ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആശയക്കുഴപ്പങ്ങളില്ല.
അനാവശ്യമായ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് സംസ്ഥാനത്തെ അനുകൂല അന്തരീക്ഷം വരെ ഇല്ലാതാക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ പങ്കു വച്ചിരുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായി. നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് തല യോഗങ്ങളിലേക്ക് ഇടതു മുന്നണി കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍ നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പോലെ ഇടതുമുന്നണി പ്രചാരണ രംഗത്ത് മുന്നേറുകയാണ്.
മറുവശത്താകട്ടെ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരിലുള്ള ഗ്രൂപ്പ് പോര് പാരമ്യത്തില്‍ തുടര്‍ന്നു. നിര്‍ണ്ണായക സീറ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്റെ അമര്‍ഷത്തിലായിരുന്നു ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.
ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെപിസിസി നേതൃത്വമടക്കം നോക്കുകുത്തിയാകേണ്ടി വന്നു. ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യുഡിഎഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം വരെ നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കു വരെയുണ്ട്.
വയനാട്ടില്‍ സിദ്ദിഖിനായി നിര്‍ബന്ധം പിടിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രശ്ങ്ങള്‍ക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസര്‍കോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. സിദ്ദിഖിനെ വടകരയില്‍ ഇറക്കി വയനാട് ഷാനി മോള്‍ക്ക് നല്‍കണമെന്ന ഐ ഗ്രൂപ്പ് ഫോര്‍മുലക്കും എ വഴങ്ങിയിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ പാരമ്യത്തിലായിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ പേരിലല്ല സിദിഖിനായി നിര്‍ബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.
ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് ഡല്‍ഹിയിലെത്തി വയനാട് സീറ്റ് സിദ്ദിഖിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു സമവായചര്‍ച്ചയ്ക്കും ഉമ്മന്‍ചാണ്ടി തയ്യാറായതുമില്ല. ഇതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ചെന്നിത്തല മടങ്ങി. ഇനി യില്‍ തുടരാന്നില്ലെന്ന തീരുമാനമായിരുന്നു ചെന്നിത്തലയ്ക്ക്.
ഇതിനിടെ പ്രശ്നം രൂക്ഷമാക്കി പ്രതിഷേധവുമായി വി എം സുധീരനും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മനസ്സ് മടുക്കുന്ന രീതിയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളെന്ന രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന് രംഗത്തെത്തി. ഗ്രൂപ്പ് താല്പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നാണ് വിഎം സുധീരന്റെ ആവശ്യം.
കോണ്‍ഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താന്‍ മല്‍സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചിരുന്നു. അന്ന് താന്‍ മല്‍സര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും വിഎം സുധീരന് ഓര്‍മ്മിപ്പിച്ചു.
ഇത്തരം തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായത്.