രാഹുല്‍ ഗാന്ധി അയോധ്യയില്‍; ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആദ്യ സന്ദര്‍ശനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു.1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നും ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്നയാളാണ് രാഹുല്‍ ഗാന്ധി. ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഹുല്‍ തര്‍ക്കഭൂമിയിലെ രാമക്ഷേത്രത്തിലേക്ക് പോയില്ല. ഹനുമാന് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേയുളളു തര്‍ക്കസ്ഥലത്തേക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന ഒരു മാസം നീണ്ട കിസാന്‍ യാത്രയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് 1990 ലെ സദ്ഭാവന യാത്രയുടെ ഭാഗമായി അയോധ്യ സന്ദര്‍ശിച്ച രാജീവ് ഗാന്ധി, ഹനുമാന് ക്ഷേത്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും തിരക്കിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ സോണിയാ ഗാന്ധി ഫൈസാബാദ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും തര്‍ക്കസ്ഥലം സന്ദര്‍ശിക്കാന്‍ സോണിയ തയ്യാറായിട്ടില്ല. യാത്രക്ക് പിന്നില്‍ രാഷ്ട്രീയമല്ലെന്നും മുഴുവന്‍ മതങ്ങള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുത്ബുദ്ധീന് പറഞ്ഞു
ഉത്തര്‍പ്രദേശിലെ 39 ജില്ലകളിലൂടെയും 55 ലോക്സഭാ മണ്ഡലത്തിലൂടെയും 232 നിയമസഭാ മണ്ഡലങ്ങളിലൂടെയുമുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മഹായാത്ര പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കര്‍ഷകരും യുവാക്കളും ദലിതരും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുമായി രാഹുല്‍ ആശയവിനിമയം നടത്തും.
അതേസമയം രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ ശക്തമായ വിമര്‍ശമാണ് ബിജെപി ഉന്നയിക്കുന്നത്. രാമക്ഷേത്രം സംബന്ധിച്ച് എല്ലാ കാലത്തും ബിജെപിയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ രാമന്റെ ശക്തി മനസിലാക്കിയിരിക്കുന്നു എന്നുമാണ് ബിജെപിയുടെ പ്രതികരണം.
2,500 കിലോമീറ്റര്‍ പിന്നിട്ട് ഡല്‍ഹിയില്‍ സമാപിക്കാനിരിക്കുന്ന യാത്രയുടെ അഞ്ചാം ദിനമാണിന്ന്.