കലാമന്ദിർ അപ്പച്ചൻ ഓർമ്മയാകുമ്പോൾ തൊടുപുഴയുടെ ഒരു കാലഘട്ടത്തിന്റെ കലാസപര്യയ്ക്കു തിരശീല വീഴുന്നു
തൊടുപുഴ :നിരവധിയാളുകളെ കലാലോകത്തേക്കു കൈപിടിച്ചുയർത്തിയ കലാമന്ദിർ അപ്പച്ചൻ വിടവാങ്ങി .തൊടുപുഴക്കു ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്യുകയും പ്രമുഖരുടെ കലാവിരുന്ന് തൊടുപുഴക്കു സമ്മാനിക്കുകയും ചെയ്ത ഒരു കലാകാരനെയാണ് നഷ്ടമാവുന്നത് .കരിംകുന്നം അമ്മനത്തിൽ(തെക്കേതേനംമാക്കൽ)ടി ഓ ചാക്കോ തൊടുപുഴയിൽ അധ്യാപകനായി പ്രവർത്തനം തുടങ്ങുകയും കലാരംഗത്തേക്കു തിരിയുകയും ചെയ്തതോടെയാണ് കലാമന്ദിർ അപ്പച്ചനാകുന്നത് .
1965 ൽ തൊടുപുഴ സെന്റ്സെബാസ്ററ്യൻസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രേവേശിച്ചനാൾ മുതൽ സ്കൂളിലെ കലാപ്രവർത്തനങ്ങളുടെ അമരക്കാരനായിരുന്നു .
1971 ജൂൺ,വർഷകലാരംഭത്തിലെ ഒരു സായം സന്ധ്യയിൽ തൊടുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചുമുറിയിലാണ് കലാമന്ദിർ ആരംഭിക്കുന്നത് .ഇവിടെ നിന്നും ഉയർന്ന സംഗീതത്തിന്റെ നാദവീചികൾ ഒരു കൂട്ടായ്മയുടെ സ്വപ്നമായിരുന്നു .
കലാമന്ദിർ സാംസകാരിക സംഘടനയിൽ മുപ്പതിലേറെ കലാകാരൻമാർ അണിനിരന്ന ഗാനമേള ട്രൂപ്പായിരുന്നു പ്രധാന ആകർഷണം .മുഖ്യ ഗായകൻ അപ്പച്ചൻ സാറായിരുന്നു .ശാസ്ത്രീയ സംഗീതം ,ഹാർമോണിയം ,വയലിൻ ,മൃദംഗം ,ഗിറ്റാർ ,ഫ്ലൂട്ട്,ഡാൻസ് ,ഡ്രോയിങ് ,തുടങ്ങിയ കലകൾ പഠിപ്പിക്കുന്നതിനുള്ള ക്ളാസ്സുകളും ആരംഭിച്ചു .തൊടുപുഴ വിൻസൻഷ്യൻ ആശ്രമാധികൃതർ സൗജന്യമായി കലാമന്ദിറിനു ഒരു ആസ്ഥാനവും അനുവദിച്ചു .ഇവിടെ നിരവധിയാളുകൾ പലവിധ കലകൾ അഭ്യസിച്ചു .
പിന്നീട് ആർ .ഡി .ഡി ആയിരുന്ന എം എം മാത്യു സാറിന്റെ ഉടമസ്ഥതയിലുള്ള ഐ സി കോളേജിലേക്ക് ക്ലാസ് മാറ്റി .കലാമന്ദിർ ഗാനമേള കേരളത്തിലങ്ങോളാമിങ്ങോളം നിരവധി വേദികളിൽ നിറസാന്നിത്യമായിരുന്നു.
ബാലികാബാലന്മാർക്കു വേണ്ടി ഒരു ബേബി ട്രൂപ് ,നൃത്തവിഭാഗത്തിനു സ്റ്റേജ് പരിപാടികൾ ,അതെല്ലാം ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകളാണ് .കേരളത്തിലുള്ള അമച്വർ നാടക സമിതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്ഥിരം നാടകവേദി ,കുട്ടികൾക്ക് വേണ്ടി ജില്ലാതല ചിത്രരചനാ മത്സരം ,തുടർന്ന് നൂറോളം സെന്ററുകളിൽ സംസ്ഥാനതല മത്സരം .സി ഓ ആന്റോ ,യേശുദാസ് ,വാണിജയറാം ,തുടങ്ങിയവരുടെ സ്പെഷ്യൽ ഗാനമേളകൾ ,അങ്ങനെ തൊടുപുഴക്കാർക്കു ഓർമ്മിക്കുവാൻ അനേകം അനുഭവങ്ങൾ അപ്പച്ചൻ സാർ സമ്മാനിച്ചിട്ടുണ്ട് .അപ്പച്ചന് ചെറുപ്പം മുതൽ കലയോട് ആഭിമുഖ്യമുണ്ടായിരുന്നു .ഇരുപതോളം അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .ഗാനരചന ,സംഗീത സംവിധാനം ,തുടങ്ങിയവയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് .സംഗീതത്തിന്റെ ബാലപാഠം പഠിച്ചത് കലാകാരനായ സ്വന്തം പിതാവിൽ നിന്നാണ് .അതിനു ശേഷം പലരുടെയും കീഴിൽ സംഗീതം അഭ്യസിച്ചു .ഹാർമോണിയം ,വയലിൻ ,ഗിറ്റാർ ,ഫ്ലൂട്ട് ,തുടങ്ങിയവയൊക്കെ ഉപയോഗിക്കാൻ അറിയാമായിരുന്നു .ഇടിച്ചുകയറുന്നതിൽ താല്പര്യമില്ലാത്തതുകൊണ്ട് ഒരിടത്തുമെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിൽ ദുഃഖമില്ലെന്നു അദ്ദേഹം പറയുമായിരുന്നു .
ഒരു കാലത്തു തൊടുപുഴ നഗരസഭയുടെ വികസന റിപ്പോർട്ടിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് .നഗരസഭയുടെ യുവജനമേളകളുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട് .1999 ൽ ആദിവാസി കലാമേള നടത്തിയതും അപ്പച്ചൻ സാറിന്റെ നേതൃത്വത്തിലായിരുന്നു .തൊടുപുഴ വൈ എം സി എ പ്രസിഡന്റ് ,ഉപാസനയുടെ നേതൃത്വത്തിലുള്ള സാഹിത്യവേദിയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .കവിയും അഭിനേതാവും ഗായകനും ,ഇതിനെല്ലാം പുറമെ നല്ല ഒരു സംഘാടകനെയുമാണ് അപ്പച്ചൻ സാറിന്റെ വേർപാടിലൂടെ തൊടുപുഴക്കു നഷ്ടമായത് .
അപ്പച്ചൻ സാറിന്റെ സംസ്കാര ശുശ്രൂഷകള്‍ 19-03-2019 (ചൊവ്വ) രാവിലെ 10 ന്തൊടുപുഴ മുതലിയാർമഠം റോഡിൽ തെക്കനാട്ട് പാലത്തിന് സമീപമുള്ള വസതിയില്‍ ആരംഭിച്ച് കരിംകുന്നം, നെടിയകാട് ലില്ലിൽ ഫ്ളവർ പള്ളിയിൽ .. ഭാര്യ ഡോളി ചാക്കോ നെടിയശാല വാഴപ്പിള്ളില്‍ കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യുപി സ്കൂള്‍ അരിക്കുഴ). മക്കള്‍ : മഞ്ജു ടോമി (യുകെ), സിഞ്ജു ജോണ്സണ്. മരുമക്കള്‍ : ടോമി തോമസ്, വടക്കേക്കൂറ്റ്, മണലുങ്കല്‍ (യുകെ), ജോണ്സണ് മാത്യു തോട്ടക്കര (മൂന്നിലവ്).