മോദിയെ പുകഴ്ത്തി; കെ.വി തോമസിന് തിരിച്ചടി; രാഹുലിനുണ്ടായ അനിഷ്ടം സീറ്റ് നഷ്ടമായി
കൊച്ചി: കൊച്ചിയില്‍ നടന്ന മാനേജ്മെന്റ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത് കെ.വി തോമസിന് തിരിച്ചടിയായി. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഏറെ പ്രിയങ്കരനായിരുന്ന കെ.വി തോമസിനോട് രാഹുല്‍ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് എറണാകുളം സീറ്റ് നഷ്ടമാക്കിയത്.
കരുണാകരന്റെ വലംകൈയായെത്തിയാണ് കെ.വി തോമസ് ഡല്‍ഹിയില്‍ ഐ ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമായി മാറുന്നത്. കരുണാകരന് വേണ്ടി ഹൈക്കമാന്റില്‍ പല കാര്യങ്ങളിലും ഇടപെട്ടതിലൂടെ സോണിയാ ഗാന്ധിയുമായും കെ.വി തോമസ് അടുപ്പം സ്ഥാപിച്ചു. ഈ അടുപ്പം കഴിഞ്ഞ മോദി മന്ത്രിസഭയില്‍ പ്രതിപക്ഷത്തിന് ലഭിച്ച പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കുന്നത് വരെ കെ വി തോമസ് നിലനിര്‍ത്തി.
എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി രംഗപ്രവേശം ചെയ്തതോടെ കെ.വി തോമസിന്റെ ഹൈക്കമാന്‍ഡിലുള്ള പിടി അയയുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് കെ.വി തോമസുമായി പല വിഷയങ്ങളിലും താല്‍പ്പര്യക്കുറവുണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപിയുമായും അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുമായും കെ.വി തോമസ് അടുത്ത ബന്ധമാണ് പുലര്‍ത്തിയത്.
ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കെ.വി തോമസിനുള്ള ഈ ബന്ധം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സംശയത്തോടെയാണ് കണ്ടത്. ഇതിനിടയിലാണ് കൊച്ചിയില്‍ നടന്ന മാനേജ്മെന്റ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുള്ള കെ.വി തോമസിന്റെ പ്രസംഗം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാള്‍ കംഫര്‍ട്ടബിള്‍ ആയി മോദിയോട് ഇടപെടാന്‍ കഴിയുന്നുണ്ടെന്നും മോദി മികച്ച ഭരണാധികാരിയാണെന്നും കെ.വി തോമസ് പുകഴ്ത്തി.
വിവാദ പ്രസംഗത്തില്‍ കെ.വി തോമസ് പാര്‍ട്ടിക്ക് മറുപടി നല്‍കിയെങ്കിലും അപ്പോഴേക്കും രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായി തോമസ് മാറിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ കെ.വി തോമസിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.1984 മുതല്‍ മത്സരരംഗത്തുള്ള കെ.വി തോമസ് പി രാജിവിനോട് മത്സരിച്ചാല്‍ സീറ്റ് നഷ്ടമാകുമെന്നും ചര്‍ച്ചകള്‍ വന്നു.
ഇത്തരമൊരു ചര്‍ച്ച കെ.വി തോമസുമായി നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സുമായി മാനസികമായി അകന്ന കെ.വി തോമസിന്റെ ഇനിയുള്ള രാഷ്ട്രീയ നീക്കം നിര്‍ണ്ണായകമാണ്. ഡല്‍ഹിയില്‍ വിപുലമായ സ്വാധീനമുള്ള കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് തുനിയാനുള്ള സാധ്യത ഏറെയാണ്.
എന്നാല്‍ ഡല്‍ഹിയിലെ തന്റെ ബന്ധവും ഒപ്പം ക്രൈസ്തവ സഭകളുമായുള്ള സാന്നിധ്യവും ചൂണ്ടിക്കാട്ടി സീറ്റ് ഉറപ്പാക്കമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാഹുല്‍ ഈ പ്രതീക്ഷ തെറ്റിക്കുകയാണ്. സീറ്റ് നിഷേധിച്ചാലും മാന്യമായി വിടവാങ്ങലിന് കോണ്‍ഗ്രസ് അവസരമൊരുക്കുമെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നല്കുന്ന സൂചന.