കെ വി തോമസിനെ ഉന്നമിട്ട് ബിജെപി; നീക്കത്തിന് നേതൃത്വം നല്‍കുന്നത് ടോം വടക്കന്‍; നല്ല പദവികളിലൊന്ന് നല്കി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. സീറ്റ് കിട്ടാത്തതില്‍ അതൃപ്തി തുറന്ന് പറഞ്ഞ തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ബിജെപിയിലെത്തിയാല്‍ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിഡിജെഎസ്സിന്റെ പക്കലാണ് എറണാകുളം സീറ്റ്.
ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കള്‍ തോമസിനെ ഫോണില്‍ വിളിച്ചത്. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതില്‍ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കില്‍ സംസ്ഥാനനേതൃത്വത്തെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുക.
കെ വി തോമസ് ബിജെപി പാളയത്തിലെത്തിയാല്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുമെന്നാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പറഞ്ഞത്. തോമസും സംസ്ഥാനബിജെപി നേതൃത്വവും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും രാധാകൃഷ്ണന് വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതില്‍ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
കെ വി തോമസിനെ നഷ്ടപ്പെടുത്താനാഗ്രഹിക്കാതെ കോണ്‍ഗ്രസ്
എന്നാല്‍ സോണിയാഗാന്ധിയുള്‍പ്പടെ ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ പാര്‍ട്ടി നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളം പോലൊരു മണ്ഡലത്തില്‍ നിലവിലെ എംപിയായ കെ വി തോമസ് മറ്റൊരു പാളയത്തില്‍ പോയി മത്സരിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമവും നടത്തും. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്.
ഇതിന് ശേഷം സോണിയാഗാന്ധിയുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തല തന്നെ കെ വി തോമസിനെ കാണുന്നതും ചര്‍ച്ച നടത്തുന്നതും. അതേസമയം, കെ വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാര്‍ട്ടി നല്‍കും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികള്‍ അലങ്കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തില്‍ നല്ല പദവികളിലൊന്ന് തന്നെ കെ വി തോമസിന് നല്കി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ശ്രമിക്കുന്നത്.
ഇന്നലെ വൈകാരികമായ ചോദ്യം ഉന്നയിച്ച് കെ വി തോമസ്
എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീര്‍ഘകാലമായി പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താന്‍ ആകാശത്തില്‍ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്റെ വൈകാരികമായ ചോദ്യം.
ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താന്‍ രാഷ്ട്രീയത്തില്‍ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു മറുപടി.
ദീര്‍ഘകാലം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്റെ പിടി അയയുന്നത് രാഹുല്‍ ഗാന്ധി പ്രസിഡന്റായതിന് ശേഷമാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സമീപനം രാഹുല്‍ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. ഇതിനിടെ കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദി മികച്ച മാനേജ്മെന്റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.