ബീനമാര്‍ സങ്കടക്കടലിലാണ്.../അഡ്വ. എസ് അശോകന്
കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഒരുപാട് കാലംകൂടി ബീനയെ കണ്ടത്. ബീനയും ഞാനും ഒരേ കോളേജില്‍ പഠിച്ചവരാണ്. വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ബീന ചോദിച്ചു ശബരിമല അയ്യപ്പനെ രക്ഷിക്കാന്‍ ആരുമില്ലെ?. കോടാനു കോടി അയ്യപ്പഭക്തകളുടെ മനസ്സാണ് ബീന തുറന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് കേരളത്തിലും ദില്ലിയിലും രണ്ടു നയമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കൊല്ലത്തും തൃശ്ശൂരും പ്രസംഗിച്ചതിന്റ പൊരുളും മറ്റൊന്നല്ല. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും ഒന്നും ചെയ്യില്ല എന്ന് കോടാനു കോടി അയ്യപ്പ ഭക്തര്‍ തിരിച്ചറിഞ്ഞതിനാല്‍ വിശ്വാസികള്‍ കോണ്‍ഗ്രസിന് അനുകൂലമാകും എന്ന ആശങ്കയാണ് പ്രധാന മന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിഫലിച്ചത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് കേരളത്തിലും, ദില്ലിയിലും രണ്ട് നയമാണെന്ന ആക്ഷേപം സത്യത്തോടുള്ള വെല്ലുവിളിയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നയം ഇന്നും ഇന്നലേയും ഉണ്ടായതല്ല. കോടതി വിധി വന്ന ശേഷവുമല്ല. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് എന്നും എപ്പോഴും കോണ്‍ഗ്രസ്സിന്റെ സുചിന്തിത നിലപാട്. ശബരിമല കേസിന്റെ നാള്‍വഴികളിലൂടെ ഒന്നെത്തി നോക്കിയാല്‍ പ്രധാന മന്ത്രിയുടെ ആരോപണങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് തരിപ്പണമാകും.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ലാണ് ഇന്‍ഡ്യന്‍ യംഗ് ലോയേഴ്സ് അസ്സോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന് സുപ്രീം കോടതിയില്‍ കേസ് കൊടുത്തത.് പില്ക്കാലത്ത് പ്രസ്തുത ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു എങ്കിലും, ആയത് അംഗീകരിക്കാതെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് കൈമാറുകയും അഭിഭാഷകരായ രാജു രാമചന്ദ്രന്, കെ രാമമൂര്‍ത്തി എന്നിവരെ അമിക്യസ് ക്യുറിയായി സുപ്രീം കോടതി നിയോഗിക്കുകയും ചെയ്തു.
കേസ്് നിലവിലിരിക്കെ പലപ്പോഴായി വ്യക്തികളും സംഘടനകളും കേസില്‍ കൂടുതലായി കക്ഷി ചേര്‍ന്നു. കേസ് മുന്നോട്ടു നടത്തി കൊണ്ടു പോകാനായി കക്ഷി ചേര്‍ന്നവരില്‍ മഹാഭൂരിപക്ഷവും ബി ജെ പി, ആര് എസ് എസ്, സംഘപരിവാര്‍ പശ്ചാത്തലം ഉള്ളവരായിരുന്നു.
ആര് എസ് എസിന്റേയും, സംഘപരിവാറിന്റേയും, ബി ജെ പിയുടേയും നിലപാട് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്നായിരുന്നു. എല്ലാം ആസൂത്രിതമായി എഴുതിത്തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് അന്നോന്നും ആരും തിരിച്ചറിഞ്ഞില്ല. സാധാരണ ഒരു പൊതു താത്പര്യ കേസ് എന്നതിനും അപ്പുറം ആരും ഒന്നും കണ്ടുമില്ല.
2007-ല്‍ അച്ചുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് ശബരിമല കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അച്ചുതാനന്ദന് സര്‍ക്കാര്‍ 13-11-2007-ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അച്ചുതാനന്ദന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ ആര് എസ് എസും, സംഘപരിവാറും, ബി ജെ പിയും ഒരക്ഷരം ഉരിയാടിയില്ല. വീണ്ടും ശബരിമല കേസ് നീണ്ടു നീണ്ടുപോയി. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ശബരിമല കേസില്‍ സുപ്രധാനമായ മറ്റൊരു വഴിത്തിരിവുണ്ടായി. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്നും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 07-11-2016-ല്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.
േകസ്് വീണ്ടും നീണ്ടു പോയപ്പോള്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി പിണറായി സര്‍ക്കാര്‍ വന്നു. ലിംഗ സമത്വവും, തുല്യ നീതിയും, പൗര സ്വാതന്ത്ര്യവും, പൗരാവകാശങ്ങളും ഒക്കെ ഉയര്‍ത്തിക്കാട്ടി യുവതീ പ്രവേശനത്തിന് വഴിയൊരുക്കുന്നതിലായിരുന്നു താത്പര്യങ്ങള്‍ അത്രേയും. അതോടെ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്നാവാശ്യപ്പെട്ട് 29-11-2018-ല്‍ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രസ്തുത സത്യവാങ്മൂലം അംഗീകരിച്ചു കൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി പ്രകാരം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത്.
ശബരിമല വിഷയത്തില്‍ കേരളത്തിലും ദില്ലിയിലും രണ്ടു നിലപാടുള്ളത് ആര്‍ക്കാണെന്ന് അറിയാന്‍ കേസും വിധിയും വരുന്നതിനുമുമ്പും വിധി വന്ന നാള് മുതലും ബി ജെ പിയുടേയും, ആര് എസ് എസിന്റേയും നേതാക്കള്‍ നടത്തിയ പ്രസ്താവനകളും അവരൊക്കെ എഴുതിയ ലേഖനങ്ങളും, ബി ജെ പിയുടെ ഔദ്യോഗിക ദിനപത്രമായ ജ�ഭൂമിയുടെ 29-09-2018-ലെ ലക്കവും വായിച്ചാല്‍ മതി.
മാതൃഭൂമി ദിനപത്രം 1999-ല്‍ പ്രസ്ദ്ധീകരിച്ച ശബരിമല സപ്ലിമെന്റില്‍ ബി ജെ പിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാവായ ശ്രീ ഒ. രാജഗോപാല്‍ ``സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം' എന്ന തലക്കെട്ടോടു കൂടി എഴുതിയ ലേഖനമാണ് സുപ്രീം കോടതിയിലെ ശബരിമല കേസിന് നിദാനമായത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ശബരിമല കേസില്‍ വാദം കേള്‍ക്കുന്ന അവസരത്തില്‍ ആര് എസ് സര്‍വ്വ കാര്യവാഹക് (ജനറല്‍ സെക്രട്ടറി) ദയാജി ജോഷി ആവശ്യപ്പെട്ടത് ആരാധനാലയങ്ങളില്‍ ജാതി, ഭാഷ, ലിംഗപരമായ യാതൊരു വിവേചനവും പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ശബരിമല വിധി വന്നതിന്റെ പിറ്റേ ദിവസത്തെ (29-09-2018) ജ�ഭൂമിദിനപത്രത്തിന്റെ ആനവലിപ്പമുള്ള തലക്കെട്ട് ഒന്നു കാണാനും മാത്രമുണ്ട്. ``എല്ലാ സ്ത്രീകള്‍ക്കും മലചവിട്ടാം'. പോരാത്തതിന് സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു കൊണ്ടുള്ള എഡിറ്റോറിയലും, ആര് എസ് എസ് നിലപാട് ആവര്‍ത്തിച്ചു കൊണ്ട് ``വിധി മാനിക്കുന്നു' എന്ന തലക്കെട്ടോടെ പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ എഴുതിയ ലേഖനവും!.
ബി ജെ പിയുടെ പഠന കേന്ദ്രമായ ഭാരതീയ വിചാരണ കേന്ദ്രത്തിന്റ ഡെപ്യുട്ടി ഡയറക്ടര്‍ ആര് സഞ്ജയന് 04-10-2018-തീയതിയിലെ ജ�ഭൂമി ദിനപത്രത്തില്‍ ``ശബരിമല അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല' എന്ന തലക്കെട്ടോടു കൂടി എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗം ഇങ്ങിനെയാണ്. ``സുപ്രീം കോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്പങ്ങളേയോ, ആചാരാനുഷ്ടാനങ്ങളേയോ ഒരു തരത്തിലും ബന്ധിക്കുന്നില്ല. എന്നു മാത്രമല്ല. സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്രത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുവാനേ ഇടയാക്കു'.
അദ്ദേഹത്തിന്റെ അഭിപ്രായത്തെ കടത്തി വെട്ടുന്നതാണ് സംസ്ഥാന ദേവസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം എന്നത് കൗതുകകരമാണ്. യുവതീ പ്രവേശനത്തിലൂടെ ശബരിമലയില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം മന്ത്രി സമര്‍ത്ഥിച്ചത്.
ശബരിമല വിധി ബി ജെ പിയുടെ രഹസ്യ അജണ്ടയായിരുന്നു എന്ന് കേരളം തിരച്ചറിഞ്ഞത് വളരെ വൈകിയാണ്. വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം വിധിക്കെതിരെ പന്തളം കോട്ടാരത്തിന്റെ ആഭിമുഖ്യത്തില്‍ പന്തളത്തു സംഘടിപ്പിച്ച പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പതിനായിരക്കണക്കിന് യുവതികള്‍ പങ്കെടുത്തതോടെ കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ബി ജെ പി തനി നിറം കാണിച്ചു. ശബരിമല വിശ്വാസികള്‍ കേരളമൊട്ടാകെ സംഘടിപ്പിച്ച രാമ നാമജപത്തില്‍ ലക്ഷോപലക്ഷം സ്ത്രീകളാണ് പങ്കെടുത്തത്. ആര് എസ് എസ്, സംഘപരിവാര്‍, ബി ജെ പി നേതാക്കള്‍ രാമ നാമജപ സമരത്തിന്റെ നടത്തിപ്പുകരായി സ്വയം അവരോധിച്ച് ഭക്തരുടെ രാഷ്ട്രീയേതര സമരം ബി ജെ പിയുടെ രാഷ്ട്രീയ സമര വേദിയാക്കി. ഉത്തര്‍പ്രദേശ് പിടിച്ചടക്കാന്‍ അയോധ്യ, കേരളം പിടിച്ചടക്കാന്‍ ശബരിമല അതാണ് ബി ജെ പി അജണ്ട.
പിന്നീടുണ്ടായതെല്ലാം പ്രസ്തുത അജണ്ട നടപ്പാക്കാനുള്ള തന്ത്രങ്ങളായിരുന്നു. കേരളത്തെ കലാപ ഭൂമിയാക്കി മാറ്റി ആയതിന്റെ മറവില്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടുമെന്നു വരെ ഭീഷണിപ്പെടുത്തി. പിണറായി സര്‍ക്കാരിനും, സി പി എമ്മിനും, ബിജെ പിയുടെ സമരം വീണു കിട്ടിയ ആയുധമായി. പ്രളയം കശക്കിയെറിഞ്ഞ ദൗര്ഭാഗ്യവാന്മാര്ക്ക് ഒരു നയാപൈസയുടെ നഷ്ടപരിഹാരം പോലും നല്‍കാതെ ജനരോഷത്തില്‍ മുങ്ങി താഴ്ന്നു കൊണ്ടിരുന്ന പിണറായി സര്‍ക്കാരിന് ജനശ്രദ്ധ തിരിച്ചു വിടാന്‍ ശബരിമല യുവതീ പ്രവേശന വിധിയും ബി ജെ പിയുടെ അക്രമ സമരവും അക്ഷരാര്‍ത്ഥത്തില്‍ വീണു കിട്ടിയ വിദ്യയായി.
നാവു പിഴച്ചതാവാമെങ്കില് പോലും ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. പി എസ് ശ്രീധരന്‍പിള്ള അറിയാതെ സത്യം പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനമൊന്നും ബി ജെ പിയുടെ അജണ്ടയിലില്ല. ശബരിമല വിധി ബി ജെ പിക്ക് രാഷ്ട്രീയ ആയുധമാണ്.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ശബരിമല വിവാദം നിന്നു കത്തും. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ മൊത്തം വോട്ടും ബി ജെ പിയുടെ പെട്ടിയിലെത്തിക്കുകയാണ് അവരുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും എരിതീയില്‍ എണ്ണ ഒഴിക്കാനായി സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ബി ജെ പിയുടെ സമരത്തിന് ഇന്ധനം നിറച്ചു കൊണ്ടേയിരിക്കുന്നു. യു ഡി എഫിനും, കോണ്‍ഗ്രസിനും പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ വോട്ടുകള്‍ മൊത്തമായി ബി ജെ പിയുടെ പെട്ടിയില്‍ വീണാല്‍ കേരളത്തിലെ 20 ലോകസഭാ സീറ്റിലും വിജയിക്കാം എന്നാണ് സി പി എമ്മിന്റെ മനസ്സിലിരുപ്പ്. ബി ജെ പിക്കെതിരെ യുദ്ധം ചെയ്യുന്നു എന്നു വരുത്തി തീര്‍ത്ത് യു ഡി എഫ് അനുകൂല ന്യുനപക്ഷ സമുദായ വോട്ടുകള്‍ സി പി എമ്മിന് അനുകൂലമാക്കുക എന്നതും സി പി എമ്മിന്റെ രഹസ്യ അജണ്ടയാണ്.
ശബരിമല വിഷയത്തില്‍ സി പി എമ്മിന്റേയും ബി ജെ പിയുടേയും അജണ്ട ഒന്നു തന്നെയാണ്. കോണ്‍ഗ്രസ്സിനേയും, യു ഡി എഫിനേയും വരുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക.
സുപ്രീം കോടതി വിധി അതിജീവിക്കാന്‍ ഒരു അക്രമ സമരത്തിന്റേയും ആവശ്യമില്ല. ബി ജെ പിക്ക് വേണമെങ്കില്‍ ഒരു നിമിഷം കൊണ്ട് കോടതി വിധി മറികടക്കാനായി നിയമനിര്‍മ്മാണം കൊണ്ടുവരാം. ആരാധനാ വിഷയം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണെന്നു പറഞ്ഞ് തടി തപ്പുന്ന ബി ജെ പി സര്‍ക്കാരിന് ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുവാന്‍ ഒരു താത്പര്യവുമില്ല. വിവാദങ്ങള്‍ പെട്ടെന്ന് ആവസാനിച്ചാല്‍ പിന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ ശബരിമല വിവാദം എങ്ങിനെ വലിച്ചു നീട്ടും എന്നതാണ് ബി ജെ പിയുടെ വേവലാതി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 07-11-2016-ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്കമിട്ട് പറഞ്ഞതാണ് കോണ്‍ഗ്രസ്സിന്റെ നയം. കേരളത്തിലും ദില്ലിയിലും രണ്ടു നയമുള്ളത് ബി ജെ പിക്കാണ് എന്ന കാര്യത്തില്‍ ഇനിയും സംശയമുണ്ടെങ്കില്‍ സുബ്രമണ്യസ്വാമിയുടെ വാക്കുകള്‍ കൂടി ഓര്‍ത്താല്‍ മതി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേരളാ പോലീസിന് കഴിയില്ലെങ്കില്‍ പട്ടാളത്തെ വിളിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ബയണറ്റും, തോക്കും ഉപയോഗിച്ച് പട്ടാളം വിശ്വാസികളെ കീഴ്പ്പെടുത്തുന്ന കാഴ്ച്ച കണ്ട് ചങ്കുപൊട്ടി ഹൈന്ദവ സമൂഹം ഒന്നാകെ പോരാട്ടത്തിനിറങ്ങണം. അയോദ്ധ്യായുടെ പേരില്‍ ഉത്തര്‍പ്രദേശ് പിടിച്ചടക്കിയതു പോലെ കേരളം പിടിച്ചെടുക്കാന്‍ ബി ജെ പിയുടെ ചാണക്യ തന്ത്രം.
ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും എ ഐ സി സി പ്രസിഡന്റ് ശ്രീ രാഹുല്‍ഗാന്ധിക്കും വ്യത്യസ്ഥമായ അഭിപ്രായമാണെന്ന ബി ജെ പിയുടേയും, സി പി എമ്മിന്റേയും ആരോപണം ശുദ്ധ അസംബന്ധമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം എന്നാണ് രാഹുല്‍ഗാന്ധി കൊച്ചിയില്‍ പറഞ്ഞത്.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നയത്തെ സംബന്ധിച്ച് ആര്‍ക്കെങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതി റിവ്യു ഹര്‍ജികള്‍ വാദം കേട്ടതോടെ അവസാനിച്ചിട്ടുണ്ടാവണം. കോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ച കള്ളമാണെന്ന് റിവ്യു ഹര്‍ജികള്‍ വാദം കേട്ടപ്പോള്‍ തെളിഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വാദിച്ചത്.
വിധി നടപ്പാക്കിയെന്നു വരുത്തി തീര്‍ക്കാനായി കമാണ്ഡോ ഓപ്പറേഷനിലുടെ സന്നിധാനത്തെത്തിച്ച കനകദുര്‍ഗ്ഗയേയും, ബിന്ദുവിനേയും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നതിനെ കുറിച്ചു കൂടി സി പി എമ്മിന് ചിന്തിക്കാവുന്നതാണ്. പിണറായി സര്‍ക്കാരിന് വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ താത്പര്യമില്ലെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതു കൂടി മാറിക്കിട്ടും. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് സമീപ ദിവസം പ്രയാഗയില്‍ ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത് പ്രസംഗിച്ചത് ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ആളിക്കത്തിക്കാനാണ്. പറയേണ്ട സമയത്തൊന്നും പറയാതെ ഇപ്പോള്‍ പറയുന്നതിന്റെ അര്‍ത്ഥം മറ്റെന്താണ്?.
ദൈവവിശ്വാസവും, ആചാരാനുഷ്ടാനങ്ങളുമൊക്കെ കമ്മ്യുണിസത്തിന് ഭീഷണി ആകയാല്‍ റഷ്യയിലേയും, ചൈനയിലേയുംമൊക്ക പോലെ ദേവാലയങ്ങള്‍ തകര്‍ക്കുകയെന്നത് സി പി എമ്മിന്റെ പരസ്യമായ അജണ്ടയാണ്. സ്വാഭാവികമായും കോടാനു കോടി ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്ന ശബരിമല ക്ഷേത്രം സി പി എമ്മിന് കണ്ണിലെ കരടാണ്.
``പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ' എന്ന് കുരിശു മരണത്തിന്റെ പീഡാനുഭവ വേളയില്‍ യേശു ദേവന് പ്രാര്‍ത്ഥിച്ചതു പോലെ പിണറായി സര്‍ക്കാരിനോട് പൊറുക്കാനൊന്നും വിശ്വാസികള്‍ക്കാവില്ല. ഒരു യുവ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കടം എടുത്തു കൊണ്ടു പറയട്ടെ. ``എല്‍ ഡി എഫ് പോകും എല്ലാം ശരിയാകും'. ബീനയുടെ ആഗ്രഹം പോലെ. ശബരിമല ക്ഷേത്രവും രക്ഷപെടും.