കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പി ജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി രാജിവെച്ചു
കോട്ടയം: പി ജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് അംഗീകരിക്കാനാവില്ലെന്നും പി എം ജോര്‍ജ് പറഞ്ഞു.
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കിത് . കെ എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന് ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും രാജിവെച്ച പി എം ജോര്‍ജ് പറഞ്ഞു.
കോട്ടയം സീറ്റ് ആവശ്യപ്പെട്ട പി ജെ ജോസഫിനെ ഒഴിവാക്കി തോമസ് ചാഴികാടനെ സ്ഥാനാര്ത്ഥിയാക്കുയാണ് മാണി ചെയ്തത്. എന്നാല്‍, പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കെ എം മാണി പിന്നീട് വിശദീകരിച്ചു. രാത്രി ഒമ്പതിനാണ് മാണി വാര്‍ത്താക്കുറിപ്പിറക്കിയത്.
കോട്ടയത്ത് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത നീക്കം എന്തുവേണമെന്ന് ആലോചിക്കുന്നതിനായി ജോസഫിന്റെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.
ഞായറാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫിന്റെ പേര് മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്. ഇതില്‍ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, കോട്ടയം മണ്ഡലത്തിലെ മാണി വിഭാഗം നേതാക്കള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെന്ന കടുത്ത നിലപാടിലേക്ക് മാറിയാതാണ് ചാഴികാടനെ സഹായിച്ചത്.
അതേസമയം പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് പറഞ്ഞു. തന്നെ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും തോമസ് ചാഴികാടന് പറഞ്ഞു.