മൂന്ന് വര്‍ഷത്തിനിടെ നായയുടെ കടിയേറ്റത് മൂന്ന് ലക്ഷം പേര്‍ക്ക്; 20 പരാതികള്‍ മാത്രം
കൊച്ചി: സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ നായയുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക്. എന്നാല്‍ 20 പരാതികള്‍ മാത്രമാണ് തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്ക് മുന്‍പാകെ ലഭിച്ചത്.
തെരുവുനായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിന് കമ്മിറ്റിയെ സമീപിക്കാമെന്ന് ഒരു മാസം മുമ്പ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ വളരെക്കുറച്ച് പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ജസ്റ്റിസ് എസ്. സിരിജഗന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്. സിരിജഗന് കമ്മിറ്റിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. കമ്മിറ്റിയുടെ ഓഫീസ് എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങി.
കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി സിരിജഗന് കമ്മിറ്റിയെ നിയമിച്ചത്. ഏപ്രില്‍ അഞ്ചിനായിരുന്നു നിയമനം. പരാതികളിലേറെയും പാലക്കാട് ജില്ലയില്‍ നിന്നാണ്. തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്.
ഓരോ സംഭവവും പഠിച്ച ശേഷം റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കും. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. നായശല്യത്തിന്റെ രൂക്ഷത, സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ പേവിഷ മരുന്നിന്റെ ലഭ്യത തുടങ്ങിയവയെല്ലാം കമ്മിറ്റിയുടെ പരിഗണനയില്‍ വരും. ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യത്തിന് പരിശീലനം നല്‍കുക, മാലിന്യ സംസ്കരണം ഫലപ്രദമാക്കുക, തെരുവ് നായകളെ നിയന്ത്രിക്കുക, വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കുക എന്നിങ്ങനെ അഞ്ച് നിര്‍ദേശങ്ങള്‍ കമ്മിറ്റി സുപ്രീംകോടതിക്ക് നല്‍കിയിട്ടുണ്ട്.
കമ്മിറ്റി എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുമെന്ന് ജസ്റ്റിസ് സിരിജഗന് പറഞ്ഞു. അംഗങ്ങളായ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
കമ്മിറ്റിയുടെ വിലാസം: ജസ്റ്റിസ് എസ്. സിരിജഗന് കമ്മിറ്റി, യു.പി.എ.ഡി. ഓഫീസ് കെട്ടിടം, ഒന്നാം നില, സ്പെഷലിസ്റ്റ്സ് ആശുപത്രിക്ക് സമീപം, നോര്‍ത്ത് പരമാര റോഡ്, കൊച്ചി17. ഇമെയില്‍ വിലാസം: justicesirijagancommittee@gmail.com