കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കും; തലസ്ഥാന മണ്ഡലത്തില്‍ നടക്കാന്‍ പോകുന്നത് തീപാറും പോരാട്ടം
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് കുമ്മനം രാജശേഖരന്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഗവര്‍ണര്‍ പദവി രാജിവയ്ക്കുന്ന കുമ്മനം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഉറപ്പായി.
കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് ആഎസ്എസ്എന്റെ നിലപാട്. കേരളത്തില്‍ നിന്നും ഒരു മണ്ഡലത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന സര്‍വേകളും പുറത്തുവന്നിരുന്നു. കുമ്മനത്തിന്റെ അത്രയും വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്ന നിലപാടു കൂടി പരിഗണിച്ചു കൊണ്ടാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി മോദിയും അമിത്ഷായും നേരിട്ട് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താല്‍പ്പര്യമെടുത്തും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്ന മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ സി ദിവാകരനാണ്. ഇതോടെ ശക്തമായ ത്രികോണ മത്സരം മണ്ഡലത്തില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. കുമ്മനത്തെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ ബിജെപി സംസ്ഥാന നേതൃത്വവും സ്വാഗതം ചെയ്തു. കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന് എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടെ ദേശീയ നേതൃത്വം കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്.എസ്.എസ്. ആവശ്യം ആദ്യം ബിജെപി. കേന്ദ്രഘടകം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഈയിടെ പാലക്കാട് സന്ദര്‍ശിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ആര്.എസ്.എസ് ഘടകം വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു എന്നാണു അറിയുന്നത്.ഗവര്‍ണര്‍ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ആര്.എസ്.എസ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം മേയിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതില്‍ കേരളത്തിലെ ആര്.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു. കുമ്മനത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കാന്‍ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ തെരഞ്ഞെടുപ്പു ചിത്രവും വ്യക്തമായി. കഴിഞ്ഞതവണ 15000 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്.
അവിവാഹിതനായ കുമ്മനം രാജശേഖരന് സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. കുമ്മനം മിസോറാമില്‍ പോയ ശേഷമാണ് ബിജെപിയും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയത്. കുമ്മനം പോയതു മുതല്‍ തിരിച്ചു വരണമെന്ന അഭിപ്രായമാണ് അണികള്‍ പങ്കുവച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോടെ ഈ ആവശ്യത്തിന്റെ ശക്തി കൂടി. തിരുവനന്തപുരത്ത് കുമ്മനമാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പല വിധത്തില്‍ ചര്‍ച്ചകളെത്തി. ഇതിനെ ശമിപ്പിക്കാനാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ നീക്കം നടത്തിയതും. ഇതും നടന്നില്ല. ഇതോടെ കുമ്മനം എന്ന ഒറ്റപേരിലേക്ക് ചര്‍ച്ചകളെത്തുകയായിരുന്നു.
ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറിയിരുന്നു. പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മല്‍സരിച്ചതുകൊണ്ടാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. കുമ്മനത്തിന് ഈ മേഖലകളില്‍ എല്ലാം നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.