അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച; മൂന്നംഗ സമിതി രൂപീകരിച്ചു; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; ശാശ്വത പരിഹാരം കണ്ടെത്തുക ലക്ഷ്യമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ച്ചയ്ക്കകം തുടങ്ങണം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു.
മസ്ജിദ് ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥനിയമനത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്. ഭൂമിതര്‍ക്കം സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26-ന് സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റിയിരുന്നു.
പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂര്‍വ്വമായ മധ്യസ്ഥ ചര്‍ച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.
വിവിധ കക്ഷികളോട് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ആളുകളെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജസ്റ്റിസ് ദീപക് മിശ്ര, കുര്യന് ജോസഫ് തുടങ്ങിയവരുടെയെല്ലാം പേരുകള്‍ കക്ഷികള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു പുറത്തു നിന്നുള്ളവരുടെ പേരുകളാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കായി സുപ്രീംകോടതി പരിഗണിച്ചത്. അതേസമയം കേസിലെ കക്ഷികള്‍ ആരെങ്കിലും ഒത്തുതീര്‍പ്പ് അംഗീകരിക്കാത്ത പക്ഷം അയോധ്യക്കേസ് വീണ്ടും സുപ്രീംകോടതിയിലെത്തും. നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത് ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.
നേരത്തെ വാജ് പേയ് സര്‍ക്കാരിന്റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്പേയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു.