ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് സി. ദിവാകരന് മത്സരിക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂരില്‍ രാജാജി മാത്യു തോമസും മത്സരിക്കും. വയനാട്ടില്‍ പി.പി സുനീറും മത്സരിക്കും. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി.
തൃശൂരില്‍ രാജാജി മാത്യു തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമാണ്. സിഎന്‍ ജയദേവന് വീണ്ടും മത്സരിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിനൊപ്പം മാവേലിക്കര സംവരണ മണ്ഡലത്തില്‍ പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചിരുന്നു. ഇതും സിപിഐ കണക്കിലെടുത്തില്ല. മുന്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. നെടുമങ്ങാട് എംഎല്‍എയായ സി ദിവാകരന് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വയ്ക്കാനായി. വയനാട്ടില്‍ പിപി സുനീര്‍ പ്രതീക്ഷിച്ചത് പോലെ സ്ഥാനാര്‍ത്ഥിയാവുകയാണ്. വനിതകളൊന്നും സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല. തിരുവനന്തപുരത്തേക്ക് ആനി രാജയുടെ പേര് സജീവമായി സിപിഐ ചര്‍ച്ചയാക്കിയിരുന്നു. ഭാഗ്യലക്ഷ്യമിയേയും പരിഗണിച്ചിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന് അല്ലെങ്കില്‍ സി ദിവാകന്‍ എന്ന നിലയിലേക്ക് ചര്‍ച്ച എത്തി. ദിവാകരന് തയ്യാറായതോടെ അദ്ദേഹം സ്ഥാനാര്‍ത്ഥിയുമായി.
ജന യുഗം എഡിറ്ററായിരുന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ രാജാജി മാത്യു തോമസ്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അതിവിശ്വസ്തനും. പാര്‍ട്ടി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കാ നം രാജേന്ദ്രനായിരുന്നു. പാര്‍ട്ടിയില്‍ പിടി മുറുക്കാനാണ് രാജാജി മാത്യു തോമസിനെ എഡിറ്ററാക്കിയത്. സി എന്‍ ജയദേവനുമായി കാനം അത്ര അടുപ്പമില്ല. ഈ സാഹചര്യത്തിലാണ് സിറ്റിങ് സീറ്റിലെ സ്ഥാനാര്‍ത്ഥിമാറ്റം.
1981 മുതല്‍ 1985 വരെ ജനയുഗം സബ് എഡിറ്റര്‍, തൃശൂര്‍ ബ്യൂറോചീഫ്, ഡല്‍ഹി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു രാജാജി മാത്യു തോമസ്. 12-ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച പരിചയ സമ്പത്തുമുണ്ട്. തൃശൂരിലെ അണികളുമായുള്ള അടുപ്പവും രാജാജിക്ക് തുണയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷന് വൈസ് പ്രസിഡന്റ്, സിപിഐ ദേശീയ കൗണ്‍സിലംഗം എ ഐ വൈ എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുവജന നേതാവെന്ന നിലയില്‍ യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ട് തവണ ആര്‍ക്കും സിപിഐ സീറ്റ് നല്‍കാറില്ലെന്നതാണ് അംഗീകരിക്കപ്പെട്ട രീതി. 2009ല്‍ തൃശൂരില്‍ ജയദേവന് മത്സരിച്ചിരുന്നു. അന്ന് പിസി ചാക്കോയോട് തോല്‍ക്കുകയായിരുന്നു. 2014ല്‍ കെപി ധനപാലനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തി. ലോക്സഭയിലെ സിപിഐയുടെ ഏക അംഗമായിരുന്നു ജയദേവന്. ഈ സാഹചര്യത്തിലാണ് ജയദേവന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത്. അതിനിടെ താന്‍ സ്വയം പിന്മാറിയതാണെന്ന് ജയദേവനും അറിയിച്ചു. രാജാജിയുടെ പേര് താനാണ് നിര്‍ദ്ദേശിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലേക്ക് അതിശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എത്തുമെന്നാണ് സൂചന. ബിജെപിയും വലിയ പ്രതീക്ഷയില്‍. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് രാജാജിയെ പരീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇത് ലോക്സഭയിലും തുടരുമെന്നാണ് കാനത്തിന്റെ പ്രതീക്ഷ.