മെഡിക്കല്‍ പ്രവേശനം: വെബ്സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് തുറന്ന് നല്‍കാത്ത എസ്യുടി കോളെജിന് ജയിംസ് കമ്മിറ്റിയുടെ താക്കീത്; വെബ്സൈറ്റുകള്‍ കമ്മിറ്റിയുടെ നിരീക്ഷണത്തില്‍
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനായി വെബ്സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കാത്ത തിരുവനന്തപുരം എസ്യുടി മെഡിക്കല്‍ കോളെജിന് ജയിംസ് കമ്മിറ്റിയുടെ താക്കീത്. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കേണ്ട തീയതി നാളെ വരെ നീട്ടാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് എല്ലാ കോളജുകളുടെയും വെബ്സൈറ്റുകള്‍ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റി നിരീക്ഷണം കര്‍ശനമാക്കി. അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്ന പശ്ചാത്തലത്തില്‍ മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം പഴയതു പോലെ 17ന് ആയിരിക്കുമെന്നും കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
പല സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെയും വെബ്സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാങ്കേതിക തടസ്സം ഉണ്ടായതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് തീയതി നീട്ടിയത്. വിദ്യാര്‍ഥികള്‍ക്കു ബാങ്ക് ഗാരന്റി എടുക്കുന്നതിന് വേണ്ടത്ര സമയം ലഭിക്കില്ലെന്നത് പരിഗണിച്ചാണ് ആദ്യഘട്ട പ്രവേശനം പഴയപടി 17ന് ആക്കിയത്. തീയതി നീട്ടി നല്‍കിയതിനെ തുടര്‍ന്ന് എല്ലാവരും വിദ്യാര്‍ഥികള്‍ക്കായി വെബ്സൈറ്റ് തുറന്നുനല്‍കി. എന്നാല്‍ വെബ്സൈറ്റ് തുറക്കാന്‍ എസ്്യുടി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റിയുടെ താക്കീത്. കമ്മിറ്റി ഉത്തരവ് അനുസരിക്കാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചാല്‍ അതു റദ്ദാക്കുമെന്ന് എസ്യുടിക്കു കമ്മിറ്റി മുന്നറിയിപ്പു നല്കി.
23നു കോളജില്‍ ചേരണം. സര്‍ക്കാരുമായി സഹകരിക്കാത്ത പാലക്കാട് കരുണ മെഡിക്കല്‍ കോളജിന്റെ പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റി അംഗീകരിച്ചു. ആകെയുള്ള 100 സീറ്റില്‍ 35% വിവിധ ട്രസ്റ്റുകളിലെ അംഗങ്ങള്‍ക്കായി നീക്കിവയ്ക്കാനുള്ള അവരുടെ തീരുമാനം കമ്മിറ്റി റദ്ദാക്കുകയും ആ സീറ്റില്‍ മെറിറ്റ് അനുസരിച്ചു പ്രവേശനം നടത്തണമെന്ന് ഉത്തരവ് നല്‍കുകയും ചെയ്തു. എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളില്‍ ഏഴു ലക്ഷത്തിലേറെ രൂപയാണ് അവര്‍ ഫീസ് ആവശ്യപ്പെട്ടതെങ്കിലും 100% സീറ്റിലും താല്‍ക്കാലികമായി 4.4 ലക്ഷം രൂപ അനുവദിക്കാനാണു കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് ഇന്റര്‍സേ മെറിറ്റ് അനുസരിച്ച് ഇവിടെ പ്രവേശനം നടത്താം. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് കൂടി ഇന്നലെ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചു. ഇതോടെ കരാര്‍ ഒപ്പുവച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ എണ്ണം 16 ആയി.
പക്ഷേ ആകെയുള്ള 150 സീറ്റില്‍ 50 സീറ്റ് മാത്രമേ അവര്‍ സര്‍ക്കാരിനു നല്കിയിട്ടുള്ളു. 2014ല്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നു 150 സീറ്റിലും സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കേണ്ടിവന്ന സാഹചര്യത്തിലാണ് അവര്‍ സീറ്റ് കുറച്ചത്. കഴിഞ്ഞ വര്‍ഷവും ഇവര്‍ സര്‍ക്കാരിന് 50 സീറ്റേ നല്കിയിരുന്നുള്ളു. മലബാറിന്റെ മാനേജര്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ മുഖ്യ ഭാരവാഹിയാണ്. എന്നിട്ടും ഇത്തരമൊരു നീക്കത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാതിരുന്നതില്‍ അസോസിയേഷന് അംഗങ്ങള്‍ക്കു പ്രതിഷേധമുണ്ട്. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ് (50 സീറ്റ്) ഇതുവരെ കരാര്‍ ഒപ്പുവച്ചിട്ടില്ല.
100 സീറ്റില്‍ കൂടി മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് ശ്രമിക്കുന്ന അവര്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരാര്‍ ഒപ്പുവച്ചേക്കും. കോഴിക്കോട് കെഎംസിടി, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, വര്‍ക്കല എസ്ആര്‍, പാലക്കാട് കേരള എന്നിവയ്ക്ക് ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന് ഇല്ലാത്തതിനാല്‍ അലോട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തരവ് ലംഘിച്ച് ഏതെങ്കിലും വിദ്യാര്‍ഥിയെ മാനേജ്മെന്റുകള്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതു ജയിംസ് കമ്മിറ്റി അംഗീകരിക്കില്ലെന്നു മാത്രമല്ല ആ വിദ്യാര്‍ഥിക്കു രജിസ്ട്രേഷന് നല്‍കരുതെന്ന് ആരോഗ്യ സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കുകയും ചെയ്യും.